Saturday, July 27, 2024
HomeKeralaകാനത്തിന്റെ എതിര്‍പക്ഷത്തുള്ള നേതാവ്, എന്നിട്ടും എന്തുകൊണ്ട് തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍; അതിനൊരു കാരണമുണ്ട്

കാനത്തിന്റെ എതിര്‍പക്ഷത്തുള്ള നേതാവ്, എന്നിട്ടും എന്തുകൊണ്ട് തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍; അതിനൊരു കാരണമുണ്ട്

തൃശൂർ: തിയതി കുറിച്ചില്ലെങ്കിലും ലോക്‌സഭയിലേക്കുള്ള അങ്കത്തട്ടിലെ ആളുകളുടെ ചിത്രം ഏതാണ്ട് തെളിഞ്ഞതോടെ കലുങ്കിലും ഇലക്‌ട്രിക് പോസ്റ്റിലുമെല്ലാം പാർട്ടി ചിഹ്നങ്ങള്‍ നിറയുന്നു.

മതിലു പിടിക്കാനും വെള്ളയടിക്കാനും പ്രവർത്തകർ മത്സരിച്ചുതുടങ്ങി. മൂന്ന് മുന്നണികളുടെയും ചിഹ്നങ്ങളായ കൈ, അരിവാള്‍ ചുറ്റിക, അരിവാള്‍ ധാന്യക്കതിർ, താമര എന്നിവയെല്ലാം നിറഞ്ഞുതുടങ്ങി.

സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ ബോർഡ് സ്ഥാപിക്കാനുള്ള ബുക്കിംഗ് വരെ തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് പ്രവർത്തനം. ആരാദ്യം പരസ്യമായി ഇറങ്ങുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇപ്പോഴുമുണ്ട്.

സാമൂഹിക മാദ്ധ്യമങ്ങളില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാർത്ഥിയെന്ന നിലയില്‍ വി.എസ്.സുനില്‍ കുമാറിനായി പ്രചരണം തുടങ്ങിക്കഴിഞ്ഞു. സ്നേഹസന്ദേശ യാത്രയുമായി കോണ്‍ഗ്രസ് സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ പ്രചരണത്തിന് തുടക്കമിട്ടു. പ്രതാപൻ തുടക്കത്തില്‍ മത്സരത്തില്‍ നിന്ന് പിൻവലിഞ്ഞാലോ എന്ന ആലോചനയായിരുന്നെങ്കിലും പിന്നീട് സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ശിരസാ വഹിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചർച്ച ഉയർന്നപ്പോഴേ എൻ.ഡി.എയുടേതായി പുറത്തുവന്ന പേര് സുരേഷ് ഗോപിയുടേതായിരുന്നു. കഴിഞ്ഞവർഷം അമിത് ഷാ തൃശൂരില്‍ വന്നപ്പോഴേ ഒറ്റപ്പേരായി സുരേഷ് ഗോപി ഉയർന്നുവന്നു. പ്രധാനമന്ത്രിയുടെ തൃശൂരിലെ പൊതുപരിപാടിയിലെ സാന്നിദ്ധ്യവും ലൂർദ്ദ് മാതാവിന് കിരീടം സമ്മാനിച്ചതും ഗുരുവായൂരിലെ മകളുടെ വിവാഹവുമെല്ലാമായി പ്രചരണം മൂർദ്ധന്യത്തിലായി. പക്ഷേ നിലവില്‍ പ്രചരണം മന്ദഗതിയിലാണ്.

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിർപക്ഷത്തുള്ളയാള്‍ എന്ന പേരില്‍ വി.എസ്.സുനില്‍കുമാറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുമെന്ന് മുറുമുറുപ്പുണ്ടായിരുന്നു. പിന്നീട് എതിർവശത്ത് പ്രബല സ്ഥാനാർത്ഥികള്‍ നിരന്നതോടെ പട്ടികയില്‍ ഇടംപിടിച്ചു. ആലത്തൂരില്‍ എല്‍.ഡി.എഫിനായി മന്ത്രി കെ.രാധാകൃഷ്ണനും കോണ്‍ഗ്രസിനായി സിറ്റിംഗ് എം.പി രമ്യ ഹരിദാസും മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

ചാലക്കുടിയില്‍ യഥാക്രമം പ്രൊഫ.സി.രവീന്ദ്രനാഥും ബെന്നി ബെഹ്‌നാനും മത്സരിക്കും. രണ്ടിടങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തില്‍ എൻ.ഡി.എയില്‍ രൂപമായിട്ടില്ല. ആലത്തൂരില്‍ എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസാണ് മത്സരിക്കുക. മുമ്ബെങ്ങുമില്ലാത്ത വിധം മുന്നണികള്‍ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാണ്. ലോക്‌സഭാ കണ്‍വെൻഷൻ ആരംഭിക്കാനുള്ള ഒരുക്കം പൂർത്തിയാണ്. ആരെല്ലാം സംഘാടക സമിതിയിലെന്ന കാര്യത്തില്‍ വരെ ധാരണയായി. വാർഡ് തലങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗവും സജീവമാണ്.

സ്ഥാനാർത്ഥികള്‍, മേന്മകള്‍ വി.എസ്.സുനില്‍ കുമാർ

മുഖവുര വേണ്ടാത്തയാള്‍, ജില്ലക്കാരൻ, മുൻമന്ത്രിയെന്ന നിലയിലും ജനകീയൻ

സുരേഷ് ഗോപി

സിനിമാതാരമെന്ന നിലയില്‍ ഏവർക്കും പരിചിതൻ, ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച ജനകീയത, എല്ലാവർക്കും മുമ്ബേ പ്രവർത്തനങ്ങളുമായി ഗോദയില്‍

ടി.എൻ.പ്രതാപൻ

ജനകീയ മുഖം, ജില്ലക്കാരൻ, സിറ്റിംഗ് എം.പി

RELATED ARTICLES

STORIES

Most Popular