Saturday, July 27, 2024
HomeKeralaസന്ദേശ്ഖലി പീഡനക്കേസ് പ്രതി ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍

സന്ദേശ്ഖലി പീഡനക്കേസ് പ്രതി ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍

കൊല്‍ക്കൊത്ത: പശ്ചിമ ബംഗളിലെ സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാ ലൈംഗികാതിക്രമ കേസിലും ഭൂമി തട്ടിയെടുക്കല്‍ കേസിലും പ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍.

55 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാന്‍ ഹൈക്കോടതിയുടെയും ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റിലാകുന്നത്.

നോര്‍ത്ത ഫര്‍ഗാനാസ് 24 ജില്ലയില്‍ നിന്നാണ് ഷെയ്ഖ് ഷാജഹാനെ അര്‍ദ്ധരാത്രി പോലീസ് അറസ്റ്റു ചെയ്തത്. രാത്രി തന്നെ ബസിര്‍ഹത്ത് കോടതിയില്‍ ഹാജരാക്കി. ഏതാനും ദിവസങ്ങളായി പോലീസ് സംഘം നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഷാജഹാനെ അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിഞ്ഞത്.

ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റ് വൈകുന്നതില്‍ പോലീസിനെ വിമര്‍ശിച്ച ഹൈക്കോടതി, അറസ്റ്റ് ഒരു തരത്തിലും തടയില്ലെന്നും അറസ്റ്റ് വൈകുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്നും പറഞ്ഞു. കോടതി തടസ്സങ്ങള്‍ നീക്കിയതോടെയാണ് പോലീസിന് അറസ്റ്റ് സാധ്യമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് വെറും തട്ടിപ്പാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഷാജഹാന്‍ ബംഗാള്‍ പോലീസിന്റെ സുരക്ഷിത കസ്റ്റഡിയില്‍ ആയിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

2019ല്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അടക്കം നിരവി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍. സന്ദേശ്ഖലിയില്‍ പ്രദേശവാസികളുടെ ഭൂമി കയ്യേറിയതും സ്ത്രീകളെ ഉപദ്രവിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും ഷാജഹാനെ സ്പര്‍ശിക്കാന്‍ പോലും പോലീസിന് കഴിഞ്ഞിരുന്നില്ല. റേഷന്‍, ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഷാജഹാനെതിരെ ഇ.ഡി അന്വേഷണവും നിലവിലുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

RELATED ARTICLES

STORIES

Most Popular