Saturday, July 27, 2024
HomeGulfലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാം; ബാങ്കുകളെ നിശ്ചയിച്ചു. സൗദി, യുഎഇ വിപണിയില്‍ ലിസ്റ്റ് ചെയ്യും

ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാം; ബാങ്കുകളെ നിശ്ചയിച്ചു. സൗദി, യുഎഇ വിപണിയില്‍ ലിസ്റ്റ് ചെയ്യും

ദുബായ്: ആഗോള ചില്ലറ വില്‍പ്പന രംഗത്തെ അതികായരായ ലുലു ഗ്രൂപ്പ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. 200 കോടി ഡോളര്‍ ലക്ഷ്യമിട്ടാണ് എംഎ യൂസഫലിയുടെ സ്ഥാപനത്തിന്റെ നീക്കം. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇതിന് മുന്നോടിയായി കമ്പനിയുടെ ബാങ്കിങ് പങ്കാളികളെ നിശ്ചയിച്ചു.

26 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു സംരംഭത്തിന്റെ സ്ഥാപനങ്ങളില്‍ 70000ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതലും മലയാളികളാണ് എന്നതും എടുത്തു പറയേണ്ടതാണ്. ജിസിസി രാജ്യങ്ങളിലും പശ്ചിമേഷ്യയിലുമായി വ്യാപകമായ വിപുലീകരണം കമ്പനി ലക്ഷ്യമിടുന്നതിനിടെയാണ് ഓഹരി വിപിണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്നത്.

എമിറേറ്റ്‌സ് എന്‍ബിഡി കാപിറ്റല്‍, അബുദാബി കൊമേഷ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിങ് എന്നീ ബാങ്കുകളെയാണ് പങ്കാളികളായി ലുലു ഗ്രൂപ്പ് നിശ്ചയിച്ചിട്ടുള്ളതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക രംഗത്തെ സ്വതന്ത്ര ഉപദേശകാരയി മോളിസ് ആന്റ് കമ്പനിയും പ്രവര്‍ത്തിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ട് ഓഹരി വിപണിയിലാണ് ലുലു ഗ്രൂപ്പ് ലിസ്റ്റ് ചെയ്യുകയത്രെ. യുഎഇയുടെ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് (എഡിഎക്‌സ്), സൗദി അറേബ്യയുടെ ഓഹരി വിപണിയായ തദവ്വുല്‍ എന്നിവിടങ്ങളിലാകും ലിസ്റ്റിങ്. സ്റ്റോറുകള്‍, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ 260 ഔട്ട്‌ലെറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. അബുദാബി കേന്ദ്രമായിട്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം. 2020ലെ കണക്കു പ്രകാരം 500 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പ്. അബുദാബി രാജ കുടുംബത്തിന് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി കൂടിയാണിത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ഈജിപ്തിലും കമ്പനി ഒട്ടേറെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ്.

സമീപകാലത്തായി ഇന്ത്യയിലും വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ് ലുലു ഗ്രൂപ്പ്. നിലവില്‍ 241 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലുള്ളത്. 2025 ആകുമ്പോഴേക്കും 603 കോടി ഡോളറിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 2022ലെ കണക്കു പ്രകാരം 800 കോടി ഡോളറിന്റെ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പ്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും ലുലു സാന്നിധ്യമറിയിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular