Saturday, April 27, 2024
HomeIndiaമൂന്നാം പട്ടികയിറക്കി കോണ്‍ഗ്രസ്‌; ഇതുവരെ 138 പേര്‍ , അധീര്‍ രഞ്‌ജനും ഖാര്‍ഗെയുടെ മരുമകനും ഇടംപിടിച്ചു

മൂന്നാം പട്ടികയിറക്കി കോണ്‍ഗ്രസ്‌; ഇതുവരെ 138 പേര്‍ , അധീര്‍ രഞ്‌ജനും ഖാര്‍ഗെയുടെ മരുമകനും ഇടംപിടിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ 56 സ്‌ഥാനാര്‍ഥികളുടെ മൂന്നാം പട്ടികയിറക്കി കോണ്‍ഗ്രസ്‌. ബെര്‍ഹാംപൂരില്‍നിന്ന്‌ അധീര്‍ രഞ്‌ജന്‍ ചൗധരിയെയും ഗുല്‍ബര്‍ഗയില്‍നിന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്‌ണയെയും സോലാപൂരില്‍ നിന്ന്‌ മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി ഷിന്‍ഡെയും അങ്കത്തിനിറക്കും.

രാജസ്‌ഥാനിലെ സിക്കാര്‍ മണ്ഡലം സി.പി.എമ്മിനു വിട്ടുനല്‍കി. മൂന്നാം പട്ടിക വന്നപ്പോള്‍ ഇതുവരെ 138 സ്‌ഥാനാര്‍ഥികളാണ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. അരുണാചല്‍ പ്രദേശിലെ രണ്ട്‌, ഗുജറാത്തിലെ 11, കര്‍ണാടകയിലെ 17, മഹാരാഷ്ര്‌ടയിലെ ഏഴ്‌, രാജസ്‌ഥാനിലെ അഞ്ച്‌, തെലങ്കാനയിലെ അഞ്ച്‌, പശ്‌ചിമ ബംഗാളിലെ എട്ട്‌, പുതുച്ചേരിയിലെ ഒന്ന്‌ സീറ്റുകളിലേക്കാണ്‌ ഇന്നലെ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌.
അരുണാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി നബാം തുക്കി അരുണാചല്‍ വെസ്‌റ്റില്‍നിന്നു മത്സരിക്കും. ഗുജറാത്തില്‍ ഗാന്ധിനഗറില്‍നിന്ന്‌ സോണാല്‍ പട്ടേലിനെയും ദഹോദില്‍നിന്ന്‌ പ്രഭാബെന്‍ തവിയാദിനെയും (എസ്‌.ടി) സൂറത്തില്‍ നിന്ന്‌ നിലേഷ്‌ കുംബാനിയെയും പാര്‍ട്ടി തെരഞ്ഞെടുത്തു.

കര്‍ണാടകയിലെ 17 സ്‌ഥാനാര്‍ഥികളുടെ രണ്ടാം പട്ടികയില്‍ ഖാര്‍ഗെയുടെ മരുമകനും അഞ്ച്‌ മന്ത്രിമാരുടെ മക്കളും ഉള്‍പ്പെടുന്നു.
ചിക്കോടിയില്‍ നിന്ന്‌ പ്രിയങ്ക ജാര്‍ക്കിഹോളി, ഗുല്‍ബര്‍ഗയില്‍ രാധാകൃഷ്‌ണ, ധാര്‍വാഡില്‍ നിന്ന്‌ വിനോദ്‌ അസൂട്ടി, ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന്‌ എം രാജീവ്‌ ഗൗഡ, ബാംഗ്ലൂര്‍ സൗത്തില്‍ സൗമ്യ റെഡ്‌ഡി, ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്ന്‌ മന്‍സൂര്‍ അലി ഖാന്‍, സംസ്‌ഥാന മന്ത്രി ലക്ഷ്‌മി രവീന്ദ്ര ഹെബ്ബാള്‍ക്കറുടെ മകന്‍ മൃണാല്‍ രവീന്ദ്ര ഹെബ്ബാള്‍ക്കര്‍ എന്നിവരെയാണ്‌ മത്സരിപ്പിക്കുന്നത്‌.
മഹാരാഷ്ര്‌ടയിലെ കോലാപ്പൂരില്‍ ഛത്രപതി ശിവജിയുടെ പിന്‍ഗാമിയായ ഷാഹു ഷഹാജി ഛത്രപതിയെയാണ്‌ അങ്കത്തട്ടില്‍ ഇറക്കുക. നന്ദേഡില്‍ നിന്നുള്ള വസന്തറാവു ചവാന്‍, പൂനെയില്‍ നിന്ന്‌ രവീന്ദ്ര ഹേംരാജ്‌ ധങ്കേക്കര്‍ എന്നിവരെയും രംഗത്തിറക്കുന്നു. തെലങ്കാനയില്‍ മല്‍കജ്‌ഗിരിയില്‍ നിന്ന്‌ സുനിത മഹേന്ദര്‍ റെഡ്‌ഡി, സെക്കന്തരാബാദില്‍ നിന്ന്‌ ദാനം നാഗേന്ദര്‍, പെദ്ദപ്പള്ളിയില്‍ നിന്ന്‌ ഗദ്ദം വംശി കൃഷ്‌ണ (എസ്‌.സി), ഗദ്ദം രജിത്‌ റെഡ്‌ഡി ചെവെല്ല, മല്ലു രവി എന്നിവരെയാണ്‌ പോരിനിറക്കുന്നത്‌.

രാജസ്‌ഥാനില്‍ ജയ്‌പുരില്‍നിന്നു സുനില്‍ ശര്‍മ്മയെയും പാലിയില്‍നിന്നു സംഗീത ബെനിവാളിനെയും ജലവാര്‍-ബറനില്‍ ഊര്‍മിള ജെയിന്‍ ഭയയെയും ഇറക്കും.
പശ്‌ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍നിന്നു അധീര്‍ രഞ്‌ജന്‍ ചൗധരിയെ തന്നെയാണ്‌ ഇക്കുറിയും നിര്‍ത്തിയിരിക്കുന്നത്‌. ക്രിക്കറ്റില്‍നിന്നു രാഷ്‌ട്രീയത്തിലെത്തിയ യൂസഫ്‌ പത്താനെയാണ്‌ ഇവിടെ അദ്ദേഹം നേരിടുക.
തൃണമൂല്‍ സ്‌ഥാനാര്‍ഥിയാണ്‌ യൂസഫ്‌ പത്താന്‍. കൊല്‍ക്കത്ത നോര്‍ത്തില്‍ നിന്ന്‌ പ്രദീപ്‌ ഭട്ടാചാര്യ, മാല്‍ദാഹ നോര്‍ത്തില്‍ നിന്ന്‌ മോസ്‌താഖ്‌ ആലം, റായ്‌ഗഞ്ചില്‍ നിന്ന്‌ അലി ഇമ്രാന്‍ റാംസ്‌ (വിക്‌ടര്‍), ജംഗിപൂരില്‍ നിന്ന്‌ മുഹമ്മദ്‌ മുര്‍ട്ടോജ ഹൊസൈന്‍ (ബൊകുള്‍), പുരുലിയയില്‍നിന്നു നേപ്പാള്‍ മഹാതോ, ബിര്‍ഭൂമില്‍ നിന്ന്‌ മില്‍ട്ടണ്‍ റഷീദ്‌ എന്നിവരെയും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാക്കിയിട്ടുണ്ട്‌.
പുതുച്ചേരിയില്‍ നിലവിലെ എം.പി. വി. വൈതിലിംഗത്തെ വീണ്ടും അങ്കത്തിനിറക്കും. അബു ഹസീം ഖാന്‍ ചൗധരിയുടെ മകന്‍ ഇഷാ ഖാന്‍ ചൗധരിയെയാണു മാല്‍ദഹ സൗത്തില്‍ മത്സരിപ്പിക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular