Saturday, April 27, 2024
HomeIndiaമെസ്സിക്ക് താഴെ തുന്നിയ ഇന്ത്യയുടെ അഭിമാനപ്പേര്; ഫുട്‌ബോള്‍ അമരത്ത് നമുക്കുണ്ടൊരു സുനില്‍ ഛേത്രി

മെസ്സിക്ക് താഴെ തുന്നിയ ഇന്ത്യയുടെ അഭിമാനപ്പേര്; ഫുട്‌ബോള്‍ അമരത്ത് നമുക്കുണ്ടൊരു സുനില്‍ ഛേത്രി

ഗുവാഹാട്ടി: ലോക ഫുട്ബോളിന്റെ നെറുകയില്‍ കേള്‍ക്കാൻ തക്ക വണ്ണമുള്ള പേരും പെരുമയുമൊന്നും ഇന്ത്യൻ ഫുട്ബോളിനില്ല.

ആഗോള തലത്തിലുള്ള വലിയ കിരീടങ്ങളും ഫുട്ബോളില്‍ ഇന്ത്യക്ക് സ്വന്തമില്ല. ലോകകപ്പ് യോഗ്യത നേടുക എന്നതുപോലും അതിമോഹമാണെന്ന് കരുതുന്നവരാണ് ഒട്ടു ഇന്ത്യക്കാരും. പക്ഷേ, ഫുട്ബോള്‍ റെക്കോഡുകള്‍ കൊണ്ട് ലോകോത്തര താരങ്ങള്‍ക്കൊപ്പമോ തൊട്ടു താഴെയോ നില്‍ക്കുന്ന ഒരു പ്രതിഭ നമുക്കുണ്ട്. പേര് സുനില്‍ ഛേത്രി. സ്വദേശം-സെക്കന്തരാബാദ്, തെലങ്കാന.

2005 തൊട്ട് ഈ നിമിഷം വരെയുള്ള നമ്മുടെ ഫുട്ബോള്‍ ചർച്ചകളില്‍ ഈ പേര് നിത്യസാന്നിധ്യമായുണ്ട്. അടുത്ത വർഷം ജൂണ്‍ ആവുന്നതോടെ സുനില്‍ ഛേത്രിയുടെ ഈ സാന്നിധ്യത്തിന് രണ്ട് പതിറ്റാണ്ടാവും. 20 വർഷം ഇന്ത്യൻ ഫുട്ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമല്ല.

ഛേത്രിക്ക്് ഇപ്പോള്‍ 39 വയസ്സായി. ഇന്ന് അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ മത്സരമുണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന ഇന്ത്യ, അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി രുചിച്ചു. മത്സരത്തിന്റെ 68-ാം മിനിറ്റില്‍ ഛേത്രിയെ പിൻവലിച്ചു. 70-ാം മിനിറ്റിലും തുടർന്ന് 88-ാം മിനിറ്റിലും ലഭിച്ച രണ്ട് ഗോളുകള്‍ വഴി ഇന്ത്യൻ മണ്ണില്‍ അഫ്ഗാനിസ്താൻ വിജയക്കൊടി നാട്ടി.

37-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 36-ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നല്‍കിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തു. ഇതോടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ച്ചെന്ന് തറച്ചു. അഫ്ഗാൻ ഗോള്‍ക്കീപ്പർ അസീസി വലതുവശത്തേക്ക് തന്നെ ചാടിയെങ്കിലും ഛേത്രിയുടെ ശക്തമായ ഷോട്ട് പ്രതിരോധിക്കാനായില്ല. ഇതോടെ ഇന്ത്യ മേധാവിത്വം പുലർത്തി (1-0).

കളിയില്‍ പിന്നീട് തോറ്റെങ്കിലും ഛേത്രിയുടെ ഈ ഗോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഇന്ന് ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. നിർണായക മത്സരത്തില്‍ ഗോളടിക്കാൻ കഴിഞ്ഞെന്നത് ഛേത്രിയെ സംബന്ധിച്ച വലിയ സൗഭാഗ്യമാണ്. നിർണായക മത്സരങ്ങളില്‍ ഗോളടിക്കുക എന്നത് ഛേത്രിയെ സംബന്ധിച്ച പുതിയ കാര്യമല്ല. പണ്ടുമുതലേ അതങ്ങനെയാണ്.

അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ ഗോള്‍ നേടിയാണ് തുടക്കം. തുടർന്ന് പത്താമത്തെയും ഇരുപത്തഞ്ചാമത്തെയും അൻപതാമത്തെയും എഴുപത്തഞ്ചാമത്തെയും നൂറാമത്തെയും നൂറ്റി ഇരുപത്തഞ്ചാമത്തെയും ഇപ്പോള്‍ നൂറ്റൻപതാമത്തെയും മത്സരങ്ങളിലെല്ലാം ഛേത്രി ഗോളടിച്ചിട്ടുണ്ട്.

150 മത്സരങ്ങളില്‍നിന്നായി 94 ഗോളുകളാണ് ഛേത്രി നേടിയത്. ലോക ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവർ മാത്രമാണ് ഛേത്രിക്കു മുന്നിലുള്ള നിലവിലെ കളിക്കാർ. ക്രിസ്റ്റിയാനോ 128 ഗോളുകളും മെസ്സി 106 ഗോളുകളുമാണ് നേടിയത്. ഇവർക്കു കീഴില്‍ മൂന്നാം സ്ഥാനത്തുവരും ഇന്ത്യയുടെ സ്വന്തം ഛേത്രി. അർജുന അവാർഡ്, പദ്മശ്രീ, ഖേല്‍ രത്ന എന്നീ ബഹുമതികള്‍ കൊണ്ട് ഛേത്രിയെ ആദരിച്ചിട്ടുണ്ട് ഇന്ത്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular