Saturday, July 27, 2024
HomeGulfഎക്സ്പോക്ക് കൊടിയിറക്കം; അവാര്‍ഡുകള്‍ നേടി പവിലിയനുകള്‍

എക്സ്പോക്ക് കൊടിയിറക്കം; അവാര്‍ഡുകള്‍ നേടി പവിലിയനുകള്‍

ദോഹ: ആറു മാസം നീണ്ടുനിന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികള്‍ചർ എക്സ്പോയെ മികവുറ്റ പവിലിയനുകള്‍കൊണ്ട് മനോഹരമാക്കിയ പങ്കാളികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

വിവിധ വിഭാഗങ്ങളിലായി പ്രകടനം വിലയിരുത്തിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാത്രിയോടെ കൊടിയിറങ്ങിയ എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച്‌ ബുധനാഴ്ച രാത്രിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രിയും എക്‌സ്‌പോ ദോഹ സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അല്‍ അതിയ്യ വിവിധ വിഭാഗങ്ങളില്‍ വിജയികളായ പവിലിനുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സ്വയംനിർമിത പവിലിയൻ വിഭാഗത്തില്‍ യു.എ.ഇ ഒന്നാമതെത്തിയപ്പോള്‍ ഏറ്റവും വലിയ പവലിയൻ അവാർഡ് ദക്ഷിണ കൊറിയക്കും ഇടത്തരം പവിലിയൻ വിഭാഗത്തില്‍ സെനഗലും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

ഇന്റീരിയർ ഡിസൈനിലുള്ള സ്വർണ മെഡല്‍ ജപ്പാൻ പവിലിയനാണ്. പ്രോഗ്രാമിങ് വിഭാഗത്തില്‍ സ്വയം നിർമിച്ചത് ഏറ്റവും വലുത്, ഇടത്തരം എന്നീ കാറ്റഗറികളില്‍ യഥാക്രമം ഇറ്റലി, അംഗോള, മെക്‌സികോ എന്നീ പവിലിയനുകളാണ് ജേതാക്കളായത്. വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പരാമർശം നേടി കുവൈത്ത്, അറബ് ലീഗ്, ക്യൂബ എന്നീ പവിലിയനുകള്‍ മുന്നിലെത്തിയപ്പോള്‍, മികച്ച ആതിഥേയത്വത്തിന് ജി.സി.സി, യമൻ, അല്‍ജീരിയ എന്നിവർ മെഡലുകള്‍ വാരിക്കൂട്ടി. എ.ഐ.പി.എച്ച്‌ വിഭാഗത്തില്‍ തുർക്കിക്കാണ് പുരസ്‌കാരം ലഭിച്ചത്. അതേസമയം, മികച്ച ഉല്‍പന്ന വിഭാഗത്തില്‍ ജപ്പാനും ജേതാവായി. ദോഹ എക്‌സ്‌പോ 2023ന്റെ പ്രമേയത്തെ ഏറ്റെടുത്ത് പവലിയൻ വിഭാഗത്തില്‍ കേപ് വെർഡെ, സുഡാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ബഹുമതിക്ക് അർഹരായത്. ബ്യൂറോ ഓഫ് ഇന്റർനാഷനല്‍ ഡെസ് എക്‌സ്‌പോ (ബി.ഐ.ഇ), ഇന്റർനാഷനല്‍ അസോസിയേഷൻ ഓഫ് ഹോർട്ടികള്‍ചർ പ്രൊഡ്യൂസേഴ്‌സ് (എ.ഐ.പി.എച്ച്‌) എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം വിദഗ്ധരടങ്ങുന്ന ജൂറിയാണ് വിജയികളായ പവിലിയനുകളെ തിരഞ്ഞെടുത്തത്. അവാർഡുദാന ചടങ്ങില്‍ മന്ത്രി അല്‍ അതിയ്യക്ക് പുറമേ, ബി.ഐ.ഇ പ്രസിഡന്റ് അലൈൻ ബെർഗർ, എ.ഐ.പി.എച്ച്‌ പ്രസിഡന്റ് ലിയനാഡോ ക്യാപിറ്റാനോ, ഉന്നത ഉദ്യോഗസ്ഥർ, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, പവിലിയൻ കമീഷണർമാർ എന്നിവരും പങ്കെടുത്തു.

ദോഹ എക്സ്പോയിലെ മികച്ച പവിലിയനുകള്‍ക്കുള്ള പുരസ്കാരം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അല്‍ അതിയ്യ വിതരണം ചെയ്തപ്പോള്‍

ദോഹ എക്‌സ്‌പോയില്‍ ആറ് മാസമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ശ്രമങ്ങളുടെ ആഘോഷമാണിതെന്നും എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ദോഹ എക്‌സ്‌പോ കമ്മീഷണർ ജനറല്‍ ബദർ ബിൻ ഒമർ അല്‍ ദഫ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നേടുകയും മുന്നിലെത്തുകയും ചെയ്ത പവിലിയനുകളെ അഭിനന്ദിക്കുകയാണെന്നും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കാനും ലോകത്തിന് സവിശേഷമായ ഒരു സ്പർശം നല്‍കാനും സംഘാടകരെ സഹായിച്ച എല്ലാ രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്നും അല്‍ ദഫാ പറഞ്ഞു. പങ്കാളിത്തം, സന്ദർശകരുടെ എണ്ണം, ശില്‍പശാലകള്‍, വിനോദ പരിപാടികള്‍, നൂതന സംരംഭങ്ങള്‍, ഗിന്നസ് വേള്‍ഡ് റെക്കോഡ് നേട്ടങ്ങള്‍ എന്നിവയില്‍ ദോഹ എക്‌സ്‌പോ 2023 നേടിയ വിജയം യാദൃച്ഛികമല്ലെന്നും മികച്ച ഒരു സംഘം ഇതിനു പിന്നില്‍ അഹോരാത്രം പരിശ്രമിക്കുന്നുണ്ടെന്നും സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഡോ. ഫാഇഖ അഷ്‌കനാനി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular