Saturday, April 27, 2024
HomeIndiaഅരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം

അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം

ന്യൂഡൽഹി: ഇഡി കസ്‌റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനും, എഎപിക്കും താൽക്കാലിക ആശ്വാസം. മദ്യനയ കേസിൽ അറസ്‌റ്റിലായ സാഹചര്യത്തിൽ കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിഷയത്തിന്റെ മെറിറ്റിനെക്കുറിച്ച് കടക്കാൻ കോടതി വിസമ്മതിച്ചു, എന്ന് മാത്രമല്ല ഇത് ജുഡീഷ്യൽ ഇടപെടലിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു കോടതിയുടെ നിലപാട്. കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയെ തന്റെ ഓഫീസിൽ തുടരാൻ അനുവദിക്കരുതെന്നായിരുന്നു യാദവ് ഹർജിയിൽ ആവശ്യപ്പെട്ടത്.

ഇതിൽ ജുഡീഷ്യൻ ഇടപെടലിനുള്ള സാധ്യത ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി വിഷയം ലെഫ്റ്റനന്റ് ഗവർണർ പഠിക്കുകയാണെന്നും ഇനി രാഷ്ട്രപതിയിലേക്ക് എത്തുമെന്നും ചൂണ്ടിക്കാട്ടി. ഇത് മറ്റൊരു വിഭാഗത്തിന്റെ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്.

കെജ്രിരിവാൾ ഈ പദവിയിൽ തുടരുന്നത് നിയമനടപടി തടസപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതി തടയുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാൻ പോലും കോടതി തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് എഎപിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ജയിലിൽ ഇരുന്ന് കൊണ്ട് തന്നെ ഭരിക്കുമെന്നായിരുന്നു എഎപിയുടെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോഗികതയെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എങ്കിലും കെജ്രിവാൾ ബില്ലുകൾ ഉൾപ്പെടെ ഒപ്പിട്ട് നൽകിയതോടെ ഇക്കാര്യത്തിലെ അവ്യക്തത നീങ്ങി.

ഇതിനിടെയാണ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഇതിലെ കോടതിയുടെ തീരുമാനം എഎപിക്കും കെജ്രിവാളിനും നിർണായകമായിരുന്നു. അനുകൂലമായ തീരുമാനം വന്നതോടെ വിഷയത്തിൽ താൽക്കാലിക ആശ്വാസമാണ് അവർക്കുണ്ടായിരിക്കുന്നത്.

മാർച്ച് 21 വ്യാഴാഴ്‌ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്‌. ഡൽഹി മദ്യനയ അഴിമതി കേസില്‍ കെജ്രിവാളാണ് മുഖ്യ പ്രതിയെന്ന് ഇഡി ആരോപിക്കുന്നു. മാർച്ച് 28 വരെയാണ് അദ്ദേഹത്തെ ഡൽഹി റോസ് അവന്യൂ കോടതി ഇഡി കസ്‌റ്റഡിയിൽ വിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular