Saturday, July 27, 2024
HomeIndiaപൊതുസ്ഥലത്ത് പരസ്യം പതിച്ചാല്‍ നീക്കാനുള്ള ചെലവും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കില്‍

പൊതുസ്ഥലത്ത് പരസ്യം പതിച്ചാല്‍ നീക്കാനുള്ള ചെലവും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കില്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റു പ്രചാരണോപാധികളും പതിച്ചാല്‍ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കില്‍പെടുത്തും .

പോസ്റ്ററുകള്‍ നീക്കിയാല്‍(ആന്റി ഡീഫേസ്മെന്റ്) ഒരെണ്ണത്തിന് മൂന്നുരൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും.

ഫ്ലെക്‌സ്‌ബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒരെണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിന് മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചുവരെഴുത്തു മായ്ക്കാൻ ചതുരശ്രഅടിക്ക് എട്ടുരൂപ എന്ന നിരക്കും കണക്കാക്കും.ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, സർക്കാർ മന്ദിരങ്ങള്‍, ഓഫിസ് വളപ്പ് എന്നിവിടങ്ങളില്‍ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങള്‍ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവനീക്കം ചെയ്യും.

സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യബോർഡുകള്‍ സ്ഥാപിക്കരുത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് പരമാവധി ചെലവിടാവുന്ന തുക 95 ലക്ഷമാണ്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവ് നിർണയിക്കാനായി 220 ഇനങ്ങള്‍ക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.

പ്രചാരണത്തിനായി 2000 വാട്ട്സ് മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസത്തിന് 4000 രൂപയും തുടർന്നുള്ള ഓരോദിവസത്തിനും 2000 രൂപവച്ചുമാണ് പ്രതിദിന നിരക്ക്. 5000 വാട്ട്സുള്ള മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസം 7000 രൂപയും പിന്നീടുള്ള ദിവസങ്ങളില്‍ 5000 രൂപയുമാണ് നിരക്ക്. 10000 വാട്ട്സിന്റെ ഹൈ എൻഡ് മൈക്ക് സംവിധാനമാണെങ്കില്‍ ഇത് ആദ്യദിനം 15000 രൂപയും പിന്നീടുള്ള ദിവസങ്ങളില്‍ 10000 രൂപയുമാകും. തുണികൊണ്ടുള്ള ബാനർ ചതുരശ്ര അടിക്ക് 17 രൂപ, ഫ്ലെക്‌സിനുപകരം ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദമായ വസ്തുക്കള്‍/ ക്ലോത്ത് ബാനർ എന്നിവക്ക് ചതുരശ്രഅടിക്ക് 15 രൂപ, കട്ട് ഔട്ട് ചതുരശ്രഅടിക്ക് 30 രൂപ എന്നിങ്ങനെയാണ് നിരക്ക്. തെരഞ്ഞെടുപ്പുപ്രചാരണ ഓഫിസ് നിർമാണത്തിന് ചതുരശ്ര അടിക്ക് 20 രൂപയാണ് നിരക്ക്.

RELATED ARTICLES

STORIES

Most Popular