Friday, April 12, 2024
HomeIndiaറമദാനില്‍ നോമ്ബെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് 40 വര്‍ഷമായി ഇഫ്താറൊരുക്കുന്ന ഹിന്ദു ക്ഷേത്രം

റമദാനില്‍ നോമ്ബെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് 40 വര്‍ഷമായി ഇഫ്താറൊരുക്കുന്ന ഹിന്ദു ക്ഷേത്രം

വൈകുന്നേരമാവുമ്ബോഴേക്കും ചെന്നൈയിലെ മൈലാപ്പൂരിലുള്ള സൂഫിദാർ ട്രസ്റ്റില്‍ ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യാനുള്ള തിരക്കാണ്.
എല്ലാവരും ഒത്തൊരുമിച്ച്‌ അതിന് വേണ്ടി പ്രവർത്തിക്കുകയാണ്. “വേഗമാവട്ടെ… നമുക്ക് 5.50ന് മുമ്ബ് ഭക്ഷണം വിളമ്ബേണ്ടതുണ്ട്. സൂര്യാസ്തമയം ചിലപ്പോള്‍ നേരത്തെ ആയെന്ന് വരാം. വ്രതമെടുക്കുന്നവർക്ക് കൃത്യസമയത്ത് തന്നെ ഭക്ഷണം നല്‍കണം,” റംസാൻ മാസത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്കായി ഇഫ്താറിന് ഒരുക്കേണ്ട വിഭവങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന രാം ദേവ് സഹപ്രവർത്തകർക്ക് നിർദ്ദേശം നല്‍കുകയാണ്.

പുണ്യമാസത്തില്‍ വ്രതശുദ്ധിയോടെ നോമ്ബെടുക്കുകയാണ് ലോകമെമ്ബാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍. അവർക്കൊപ്പം നോമ്ബിൻെറ പുണ്യം പങ്കിട്ടെടുക്കുകയാണ് സൂഫിദാർ ട്രസ്റ്റിലെ വോളണ്ടിയർമാർ. ഡോ. രാധാകൃഷ്ണ റോഡിലുള്ള ഈ അമ്ബലത്തില്‍ ഏകദേശം 1200 പേർക്കാണ് ദിവസവും ഇഫ്താറിനായി ഭക്ഷണം ഒരുക്കുന്നത്. രാം ദേവിൻെറ നേതൃത്വത്തില്‍ മുരളിയും കോമളുമടങ്ങുന്ന 26 അംഗ സംഘമാണ് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന ഭക്ഷണം ദിവസവും വൈകുന്നേരം വാനില്‍ വലാജാഹ് വലിയ പള്ളിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

40 വർഷങ്ങള്‍ക്ക് മുമ്ബ് ഹിന്ദുമത വിശ്വാസിയായ ദാദാ രത്തൻചന്ദ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങള്‍ക്ക് ഇഫ്താറൊരുക്കി തുടങ്ങിയത്. ഇന്ത്യ – പാകിസ്താൻ വിഭജന കാലത്ത് സിന്ധില്‍ നിന്നും ഇന്ത്യയിലെത്തി ചെന്നൈയില്‍ അഭയം തേടിയ ആളാണ് ദാദാ രത്തൻചന്ദ്. സൂഫിദാർ ട്രസ്റ്റ് ഉണ്ടാക്കുന്നത് അദ്ദേഹമാണ്. “എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് ഗുരുജി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങള്‍ മുസ്ലിങ്ങള്‍ ധരിക്കുന്ന തൊപ്പി ധരിച്ച്‌ കൊണ്ടാണ് ഇഫ്താറിനായുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്. മുസ്ലീം സഹോദരങ്ങളോടുള്ള ആദരവ് കൊണ്ടാണ് തൊപ്പി ധരിക്കുന്നത്. ഭക്ഷണത്തില്‍ മുടിയോ വിയർപ്പോ ഒന്നും തന്നെ പൊഴിയരുതെന്നും ഞങ്ങള്‍ക്ക് നിർബന്ധമുണ്ട്. വളരെ ശ്രദ്ധയോടെയാണ് ഭക്ഷണം പാകം ചെയ്യുന്നത്,” ഇഫ്താറിന് നേതൃത്വം നല്‍കാറുള്ള രാം ദേവ് പറഞ്ഞു.

“ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആത്മീയമായ ഒരു പുണ്യ പ്രവർത്തി കൂടിയാണ്,” അദ്ദേഹം വ്യക്തമാക്കി. ഓട്ടോമൊബൈല്‍ ബിസിനസ് നടത്തുന്ന ഒരു കുടുംബത്തിലാണ് രാം ദേവ് ജനിച്ചത്. “കുടുംബപരമായി ഞങ്ങള്‍ വ്യവസായം ചെയ്യുന്നവരാണ്. ആ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ട്രസ്റ്റിൻെറ പ്രവർത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല. അത് കൊണ്ടാണ് ബിസിനസില്‍ നിന്ന് മാറി പൂർണമായും സേവനം ചെയ്യാൻ തീരുമാനിച്ച്‌ ഇറങ്ങിത്തിരിച്ചത്,” രാം ദേവ് പറഞ്ഞു.

രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള വോളണ്ടിയർമാരാണ് രാം ദേവിനൊപ്പം ട്രസ്റ്റിൻെറ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ അച്ചാർ, പഴങ്ങള്‍, പാല്‍, വെള്ളം, ബിസ്കറ്റ്, കാരയ്ക്ക തുടങ്ങിയവയെല്ലാം ഇഫ്താറില്‍ ഒരുക്കാറുണ്ട്. മൈലാപ്പൂരിലെ വലിയ പള്ളിയും ഈ ട്രസ്റ്റിൻെറ അമ്ബലവും തമ്മില്‍ ഏറെക്കാലമായി തന്നെ വലിയ അടുപ്പമുണ്ട്. അമ്ബലം ഉണ്ടാക്കുന്ന സമയത്ത് തന്നെ ദാദ രത്തൻ ചന്ദും അർക്കോട്ട് റോയല്‍ ഫാമിലിയും തമ്മില്‍ ഉണ്ടാക്കിയ കരാറിൻെറ കൂടി ഭാഗമായാണ് പുണ്യമാസത്തില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് ഇഫ്താർ ഒരുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular