Friday, March 29, 2024
HomeGulfവാക്സീനെടുക്കാത്തവർക്കും; ദുബായിലേക്ക് എത്താം

വാക്സീനെടുക്കാത്തവർക്കും; ദുബായിലേക്ക് എത്താം

ദുബായ് ∙ കോവിഡ് വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് യാത്ര അനുവദിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ജിഡിആർഎഫ്എയുടെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രാനുമതി ലഭിച്ച  ദുബായ് താമസവീസക്കാർക്ക് എത്താം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈദുബായ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം ഇതു സംബന്ധിച്ച അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ദുബായ് ദുരന്തനിവാരണ സമിതിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

48 മണിക്കൂറിനുള്ളിലെ കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് യാത്രയ്ക്ക് 4 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പരിശോധനാ ഫലം എന്നിവ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് പ്രവേശനം അനുവദിച്ചതിനുപിന്നാലെയാണ് വാക്സീൻ നിർബന്ധമല്ലെന്ന രീതിയിൽ വിമാനക്കമ്പനികളുടെ അറിയിപ്പ് വന്നത്. ഇന്ത്യൻ വാക്സീനെടുത്തവർ എയർ അറേബ്യ വഴി ഇന്നലെ ഷാർജയിലും എത്തി.

കോവിഡ് യാത്രാ വിലക്ക് മൂലം മാസങ്ങളായി വേർപെട്ടു കഴിയുന്ന കുടുംബങ്ങളിൽ ഉള്ളവർ, വിദ്യാലയങ്ങളിൽ പ്രവേശനം നേടേണ്ട വിദ്യാർഥികൾ, താമസ വീസയുള്ള പ്രായമായ മാതാപിതാക്കൾ, ഗർഭിണികൾ തുടങ്ങി കുറേപ്പേർക്ക് മാനുഷിക പരിഗണനയുടെ പേരിൽ ഇന്നലെ ദുബായിലേക്കു യാത്രാനുമതി ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. എന്നാൽ, യുഎഇയുടെ രണ്ടുഡോസ് വാക്സീൻ സ്വീകരിച്ചവർക്കു മാത്രമാണ് തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശനം. എയർ ഇന്ത്യയ്ക്കും മറ്റും ഇപ്പോഴും അബുദാബിയിലേക്ക് ഇന്ത്യക്കാരുമായി എത്താൻ അനുമതിയും നൽകിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular