Saturday, April 13, 2024
HomeKeralaവിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപനം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപനം.

മെയ്‌ മാസം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികള്‍ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതു വലിയ സാമ്ബത്തികന നേട്ടം ആദാനിക്ക് നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍പാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവ വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതകളാണ്. ഇന്ത്യയിലൊരിടത്തും നിലവില്‍ ഇത്തരമൊരു തുറമുഖമില്ല എന്നുള്ളത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നു. ആയിരക്കണക്കിന് കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദർഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. ഇത് വിഴിഞ്ഞത്തിന്റെ പ്രസക്തികൂട്ടും. വലിയ വികസന സാധ്യതകള്‍ കേരളത്തിലേക്ക് വിഴിഞ്ഞം കൊണ്ടു വരും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിർമ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു. വിഴിഞ്ഞത്തു നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിങ് കമ്ബനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മെയ്‌- ജൂണ്‍ മാസങ്ങളില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടക്കും. ബാർജില്‍ 30 കണ്ടെയ്‌നറുകള്‍ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനം 2028 ല്‍ പൂർത്തിയാക്കും.

ഇന്ത്യയിലെ വമ്ബൻ തുറമുഖങ്ങള്‍ പോലും മദർഷിപ്പുകള്‍ക്ക് യോജിച്ചവയല്ല. 14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളാണ് മിക്ക മദർഷിപ്പുകളിലുമുള്ളത്. ഇങ്ങനെ ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ മുഴുവൻ സമീപമുള്ള മറ്റ് മദർപോർട്ടുകളിലേക്കാണ് മാറ്റുക. കൊളംബോ, സലാല, സിങ്കപ്പൂർ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഇത്തരം കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെനിന്ന് ചെറിയ കപ്പലുകളില്‍ കണ്ടെയ്‌നറുകള്‍ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. വലിയതോതില്‍ സമയം, പണം തുടങ്ങിയവ നഷ്ടപ്പെടുത്തുന്ന രീതിയാണെങ്കിലും രാജ്യത്തിന് ഇതല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. വിഴിഞ്ഞത്ത് തുറമുഖം വരുന്നതോടെ ഇതിന് അവസാനമാകും.

രണ്ടും മൂന്നും ഘട്ട നിർമ്മാണങ്ങള്‍ക്ക് പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു. പുതുതായി തുടങ്ങിയ അദാനി സിമന്റ്‌സിന്റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്‌സിന്റെ എംഡി സ്ഥാനത്ത് തുടരും. പുതിയ സിഇഒയും എത്തിക്കഴിഞ്ഞു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഡിസംബറില്‍ കമ്മീഷൻ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പുലിമുട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉടൻ തീരും. നിർമ്മാണം വേഗത്തില്‍ നടക്കുന്നതിനാല്‍ സെപ്റ്റംബറോടെ വാണിജ്യ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് വിഴിഞ്ഞം പോർട്ടിന്റെ സി ഇ ഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു. ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായത്. എന്നാല്‍, പാറക്കല്ലുകളുടെ ക്ഷാമം, ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികള്‍, രാഷ്ട്രീയവിവാദം, തുടർച്ചയായ പ്രതിഷേധങ്ങള്‍. ഇതിനെല്ലാം ഒടുവിലാണ് തുറമുഖം യാഥാർഥ്യമാകുന്നത്. ആദ്യഘട്ടത്തില്‍ ഒരേസമയം രണ്ട് കൂറ്റൻ മദർ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം. വിഴിഞ്ഞത്തെ ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അതായത് ഇന്ത്യയിലേക്ക് ആവശ്യമായ ചരക്കുകള്‍ വിഴിഞ്ഞം തുറമുഖം വഴിയാകും കൈകാര്യം ചെയ്യുക.

ഇവിടെനിന്ന് മറ്റ് തുറമുഖങ്ങളിലേക്ക് ചെറുകപ്പലുകളിലൂടെ ചരക്കുക്കള്‍ മാറ്റും. മറ്റ് രാജ്യങ്ങളിലെ മദർപോർട്ടുകളെ ആശ്രയിക്കുന്നതുവഴി രാജ്യത്തിന് നഷ്ടപ്പെടുന്ന വിദേശനാണ്യം ലാഭിക്കാനാകും. മാത്രമല്ല ചരക്കുനീക്കത്തിനെടുക്കുന്ന സമയനഷ്ടം കുറയ്ക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular