Saturday, July 27, 2024
HomeIndiaചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ വധം; ആര്‍സിബിയെ പഞ്ഞിക്കിട്ട് കൊല്‍ക്കത്തക്ക് മിന്നും ജയം

ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ വധം; ആര്‍സിബിയെ പഞ്ഞിക്കിട്ട് കൊല്‍ക്കത്തക്ക് മിന്നും ജയം

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിന്റെ കണ്ണില്‍ പൊന്നീച്ച പറത്തി കൊല്‍ക്കത്ത. ആര്‍സിബിയെ വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ജയം സ്വന്തമാക്കി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 3 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് കൊല്‍ക്കത്തക്ക് വിജയം അനായാസമാക്കിയത്.

183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ആറോവറില്‍ 86 റണ്‍സാണ് അടിച്ചെടുത്തത്. നരെയ്‌നായിരുന്നു ഏറ്റവും അപകടകാരി. വെറും 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 47 റണ്‍സാണ് നരെയ്ന്‍ നേടിയത്. ഫില്‍ സാള്‍ട്ട് 20 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 30 റണ്‍സ് നേടി.

ഇരുവരും പുറത്തായ ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ആര്‍സിബിക്ക് മേല്‍ കത്തിക്കയറി. വെങ്കടേഷ് 30 പന്തില്‍ 50 റണ്‍സുമായി മടങ്ങി. നാല് സിക്‌സും മൂന്ന് ഫോറും ആ ഇന്നിംഗ്‌സിന് മിഴിവേകി. ശ്രേയസ് അയ്യര്‍ റിങ്കു സിംഗിനൊപ്പം കൂടുതല്‍ പരിക്കില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവിലാണ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തത്‌.. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ വിരാട് കോലി 59 പന്തില്‍ 83 റണ്‍സെടുത്തു.

സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് മാത്രമുള്ളപ്പോള്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലെസിസിനെ ആര്‍സിബിക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ കോലിക്കൊപ്പം കാമറൂണ്‍ ഗ്രീന്‍ എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. 21 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും നേടിയ ഗ്രീന്‍ പുറത്താകുമ്പോള്‍ കോലിക്കൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും കോലിക്ക് ഒത്ത കൂട്ടാളിയായി.

ഇരുവരും മൂന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ 28 റണ്‍സും മാക്‌സ്വെല്ലിന്റെ വകയായിരുന്നു. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കമായിരുന്നു മാക്‌സ്‌വെല്ലിന്റെ 28 റണ്‍സ്. അതിനിടെ കോലി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ മാക്‌സ്‌വെല്‍ പുറത്തായതോടെ ആര്‍സിബിയുടെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. പിന്നീട് വന്ന രജത് പടീദാറും അനുജ് റാവത്തും മൂന്ന് റണ്‍സെടുത്ത് മടങ്ങി.

ശേഷം കഴിഞ്ഞ കളിയിലെ ഹീറോ ദിനേഷ് കാര്‍ത്തിക്കാണ് ക്രീസിലെത്തിയത്. കാര്‍ത്തിക് പന്തില്‍ മൂന്ന് സിക്‌സ് അടക്കം 20 റണ്‍സെടുത്ത് അവസാന ഓവറില്‍ റണ്ണൗട്ടായി. ബൗളിംഗില്‍ കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാലോവറില്‍ വഴങ്ങിയാണ് 29 റണ്‍സ് മാത്രം വഴങ്ങിയാണ് റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും നാലോവറില്‍ 39 റണ്‍സാണ് വഴങ്ങിയത്.

RELATED ARTICLES

STORIES

Most Popular