Saturday, May 18, 2024
HomeIndiaപാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്മോസ് തൊടുത്ത സംഭവം: കാരണം കോടതിയില്‍ വിശദീകരിച്ച്‌ വ്യോമസേന

പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്മോസ് തൊടുത്ത സംഭവം: കാരണം കോടതിയില്‍ വിശദീകരിച്ച്‌ വ്യോമസേന

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്മോസ് തൊടുത്ത സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരിച്ച്‌ വ്യോമസേന.

ജങ്ഷൻ ബോക്സുമായി ബ്രഹ്മോസ് മിസൈലിന്റെ കോമ്ബാറ്റ് കണക്റ്റേഴ്സിന്റെ ബന്ധം വിച്ഛേദിക്കാതിരുന്നതിനാലാണ് അബദ്ധത്തില്‍ തൊടുത്തത് എന്നാണ് വിശദീകരണം. വീഴ്ചയ്ക്ക് ഉത്തരവാദികളായ മൂന്ന് പേരെ സേനയില്‍നിന്ന് പിരിച്ചുവിട്ടെന്നും വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

2022 മാർച്ചിലാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പാകിസ്താനിലെ മിയാൻ ചുന്നു പട്ടണത്തില്‍ പതിച്ചത്. ഇസ്ലാമബാദില്‍നിന്ന് 500 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് മിയാൻ ചുന്നു. ഇന്ത്യൻ അതിർത്തിയില്‍നിന്ന് 125 കിലോമീറ്റർ അകലെയാണിത്. മിസൈലില്‍ സ്ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വൻദുരന്തമൊഴിവായി. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകളാണ് തകർന്നത്.

സംഭവത്തില്‍ പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. പതിവായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്കിടയില്‍ ഉണ്ടായ സാങ്കേതിക തകരാർ കാരണമാണ് ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തത് എന്ന് ഇന്ത്യ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച്‌ വിശദ അന്വേഷണത്തിന് കോർട്ട് ഓഫ് ഇൻക്വയറിക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

കോർട്ട് ഓഫ് ഇൻക്വയറി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ വ്യോമസേന ഹാജരാക്കിയത്. വ്യോമസേനയുടെ ഡെപ്യൂട്ടി ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ വിങ് കമാൻഡർ യു.എൻ. പഥക് ആണ് ഡല്‍ഹി ഹൈക്കോടതിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. അന്വേഷണ റിപ്പോർട്ടിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്:

മൊബൈല്‍ ഓട്ടോണമസ് ലോഞ്ചറിലേക്ക് മിസൈല്‍ ലോഡ് ചെയ്യുന്നതിന് മുമ്ബ് കോംബാറ്റ് കണക്റ്റേഴ്സ് വിച്ഛേദിച്ചിരുന്നില്ല. കോംബാറ്റ് കണക്റ്റേഴ്സ് മിസൈലിന്റെ ജങ്ഷൻ ബോക്സില്‍ കണക്‌ട് ചെയ്തിരുന്നുവെന്ന് കോംബാറ്റ് ക്രൂവിന് അറിയാമായിരുന്നു. എന്നാല്‍ മൊബൈല്‍ ഓട്ടോണമസ് ലോഞ്ചർ കമാണ്ടർ മിസൈല്‍ ലോഞ്ച് ചെയ്യുന്നതില്‍നിന്ന് തടഞ്ഞില്ല. മിസൈല്‍ ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍വോയ് കമാൻഡർ വീഴ്ച്ച വരുത്തിയിരുന്നുവെന്നും വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 2021-ല്‍ വ്യോമസേന ഇറക്കിയ കോംബാറ്റ് ഓപ്പ് SOP-യുടെ ലംഘനമാണ് ഉണ്ടായത് എന്നും വ്യോമസേന ഹൈക്കോടതിയെ അറിയിച്ചു.

ഈ സംഭവത്തിലൂടെ ഇന്ത്യ- പാകിസ്താൻ ബന്ധം മോശമായി. വ്യോമസേനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടായി. ഇതിനുപുറമെ രാജ്യത്തിന് 24.90 കോടി രൂപ നഷ്ടമുണ്ടായി എന്നും വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായ മൂന്നുപേരെ കോർട്ട് ഓഫ് എൻക്വയറിക്കുശേഷം പിരിച്ചുവിട്ടു. 16 പേരുടെ മൊഴിയാണ് കോർട്ട് ഓഫ് എൻക്വയറി രേഖപ്പെടുത്തിയത്. ഇതിനുശേഷമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ സൗരബ് ഗുപ്ത, വിങ് കമാൻഡർ അഭിനവ് ശർമ്മ, സ്ക്വാഡ്രണ്‍ ലീഡർ പ്രാഞ്ജല്‍ സിങ് എന്നിവരെ പിരിച്ച്‌ വിട്ടത്. 23 വർഷങ്ങള്‍ക്ക്
ശേഷമാണ് സേനയില്‍ പിരിച്ച്‌ വിടല്‍ ഉണ്ടാകുന്നത് എന്നും വ്യോമസേന ഹൈക്കോടതിയെ അറിയിച്ചു.

പിരിച്ചുവിടലിനെതിരെ വിങ് കമാൻഡർ അഭിനവ് ശർമ്മ നല്‍കിയ ഹർജിയിലാണ് വ്യോമസേന അന്വേഷണ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറിയത്. സുരക്ഷ മുന്നറിയിപ്പുകള്‍ അവഗണിച്ച എയർ കോമഡോറും, സ്ക്വാഡ്രണ്‍ ലീഡറുമാണ് സംഭവത്തിന് ഉത്തരവാദികള്‍ എന്നായിരുന്നു അഭിനവ് ശർമ്മയുടെ ഹർജിയിലെ ആരോപണം. എന്നാല്‍ എയർ കോമഡോർ ജെ.ടി കുര്യനെതിരായ ഹർജിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതവും, വസ്തുതകളുമായി ബന്ധമില്ലാത്തതുമാണെന്ന് വ്യോമസേന വ്യക്തമാക്കി. യൂണിറ്റ് നടത്തുന്ന എല്ലാ ഓപ്പറേഷനുകളുടെയും ഉത്തരവാദിത്വം എയർ കോമഡോറിന് അല്ലെന്നും വ്യോമസേനാ ഹൈക്കോടതിയെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular