Friday, May 10, 2024
HomeKeralaഹാഷിമിനെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത് മറ്റൊരു പേരില്‍ , മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത് അനുജയുടെ ആ തീരുമാനം...

ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത് മറ്റൊരു പേരില്‍ , മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത് അനുജയുടെ ആ തീരുമാനം അറിഞ്ഞതിന് പിന്നാലെ

തിരുവനന്തപുരം : ഏഴംകുളത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച്‌ അദ്ധ്യാപികയും സുഹൃത്തായ സ്വകാര്യ ബസ് ഡ്രൈവറും മരിച്ച അപകടം മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു.

നൂറനാട് മറ്റപ്പള്ളി സുചീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രൻ (37), ചാരുംമൂട് ഹാഷിം മൻസിലില്‍ മുഹമ്മദ് ഹാഷി (31) എന്നിവരാണ് വെള്ളിയാഴ്ച രാത്രി ഏഴംകുളം പട്ടാഴിമുക്കില്‍ നടന്ന അപകടത്തില്‍ മരിച്ചത്. വേറെ വിവാഹിതരായ ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറില്‍വച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് അപകടമുണ്ടായത്.

തുമ്ബമണ്‍ നോർത്ത് ഗവ. ജി.എച്ച്‌.എസിലെ അദ്ധ്യാപികയായ അനുജ സഹഅദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് വിനോദയാത്രയ്ക്കുപോയി മടങ്ങിവരികയായിരുന്നു. ഇവർ സഞ്ചരിച്ച ട്രാവലറിനെ കാറില്‍ പിന്തുടർന്ന ഹാഷിം, കുളക്കട ഭാഗത്ത് എത്തിയപ്പോള്‍ ട്രാവലറിന് കുറുകെ കാർ നിറുത്തി. ട്രാവലറിന്റെ ഡോറില്‍ തട്ടി അനുജയോട് ഇറങ്ങിവരാൻ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അനുജ പെട്ടെന്ന് ഇറങ്ങി കാറില്‍കയറി. കൊച്ചച്ചന്റെ മകനായ വിഷ്ണുവാണെന്നാണ് ഹാഷിമിനെക്കുറിച്ച്‌ സഹ അദ്ധ്യാപകരോട് പറഞ്ഞത്.

അനുജയുമായി അമിതവേഗത്തില്‍ ഹാഷിം കാർ ഓടിച്ചുപോയി. അദ്ധ്യാപകർ അനുജയെ ഫോണില്‍ വിളിച്ചപ്പോള്‍ അനുജ കരഞ്ഞുകൊണ്ട് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ഫോണെടുത്തില്ല.

അദ്ധ്യാപകർ അനുജയുടെ വീട്ടില്‍ വിളിച്ച്‌ അച്ഛനെയും ഭർത്താവിനെയും വിവരം അറിയിച്ചു. അപ്പോഴാണ് വിഷ്ണു എന്നൊരു ബന്ധു അനുജയ്ക്ക് ഇല്ലെന്ന് മനസിലായത്. അദ്ധ്യാപകർ വീണ്ടും വിളിച്ചപ്പോള്‍ താൻ സുരക്ഷിതയാണെന്ന് അനുജ പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഈ സമയം അനുജയുടെ അച്ഛനും സഹോദരനും സ്റ്റേഷനിലെത്തിയിരുന്നു. അല്പസമയത്തിനു ശേഷം കാറും ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായതായി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. അമിത വേഗതയിലായിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അനുജ തല്‍ക്ഷണം മരിച്ചു. ഹാഷിമിനെ അടൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്‌കാരം നടത്തി. സ്‌കൂളിലേക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ട ഹാഷിമുമായുള്ള അനുജയുടെ ബന്ധത്തെക്കുറിച്ച്‌ വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഹാഷിം ഭാര്യയുമായി മൂന്നുവർഷമായി അകന്നുകഴിയുകയാണ്.

കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചാണ് അനുജ സ്കൂളിലേക്ക് ജോലിക്ക് പോയിരുന്നത്. അവധിദിവസങ്ങളില്‍ അനുജ കായംകുളത്തേക്ക് പോകും. മാർച്ച്‌ 30നാണ് മറ്റപ്പള്ളിയില്‍ നിന്ന് കായംകുളത്തേക്ക് അനുജ താമസം മാറാൻ തീരുമാനിച്ചതെന്നാണ് വിവരം, അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ഹാഷിം അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular