Saturday, July 27, 2024
HomeIndiaഇന്ത്യൻ നാവികര്‍ ചില്ലറക്കാരല്ല, വമ്ബൻ കമ്ബനികള്‍ക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയില്‍ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച്‌...

ഇന്ത്യൻ നാവികര്‍ ചില്ലറക്കാരല്ല, വമ്ബൻ കമ്ബനികള്‍ക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയില്‍ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ അറിയാം

ലോകത്തെ തന്നെ നടുക്കിയ കപ്പല്‍ അപകടമായിരുന്നു അമേരിക്കയിലെ ബാള്‍ട്ടിമോറിലുണ്ടായത്. കപ്പല്‍ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചിരുന്നു.

പാലവുമായി കൂട്ടിയിടിക്കുന്നതിന് മുന്നോടിയായി കപ്പല്‍ ജീവനക്കാർ അപായ സന്ദേശം നല്‍കിയതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്‌ക്കാൻ കഴിഞ്ഞു. ദുരന്തത്തെ പരമാവധി ഒഴിവാക്കാൻ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാർ സ്വീകരിച്ച അടിയന്തര നടപടിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം പ്രശംസിക്കുകയും ചെയ്തിരുന്നു.

സമുദ്രസുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ നാവികർ വഹിക്കുന്ന പങ്ക് ചെറുതല്ല. ആഗോള ഷിപ്പിംഗ് വ്യവസായത്തില്‍ വലിയൊരു വിഭാഗവും ഭാരതീയരായ നാവികരാണെന്നിരിക്കെ മേഖലയില്‍ ഇന്ത്യ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ അറിയാം..

ഭാരതവും നാവികരും.

ലോകത്ത് നടക്കുന്ന ചരക്ക് വ്യാപാരത്തിന്റെ 90 ശതമാനവും കപ്പല്‍ മാർഗമുള്ളതാണ്. ഈ മേഖലയില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നവരാണ് ഇന്ത്യൻ നാവികർ. ലോകത്തിലെ പല വമ്ബൻ കപ്പല്‍ കമ്ബനികളും പൂർണമായും ആശ്രയിക്കുന്നത് ഇന്ത്യൻ നാവികരെയാണ്. ഷിപ്പിംഗ് വ്യവസായത്തിനായി നാവികരെ നല്‍കുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും ഫിലിപ്പീൻസ് രണ്ടാം സ്ഥാനത്തുമാണ്. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ കണക്കനുസരിച്ച്‌ ആഗോള നാവികരില്‍ 10 ശതമാനമാണ് ഇന്ത്യക്കാരുള്ളത്.

നാല് വർഷത്തിനിടെ 42 ശതമാനം കുതിപ്പ്.

നാവികർ നിയമിക്കപ്പെടുന്ന ഷിപ്പ്ബോർഡ് ജോലികളില്‍ 42.3% വർദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 2013 മുതല്‍ 2017 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തില്‍ ചൈനയാണ് മുൻപന്തിയില്‍. ലോകത്തെ മൊത്തം നാവികരുടെ എണ്ണത്തില്‍ 33 ശതമാനവും ചൈനയില്‍ നിന്നുള്ളവരാണ്. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ചൈനയില്‍ നിന്നുള്ള ഭൂരിഭാഗം നാവികരും ചൈനയുടെ തന്നെ കപ്പലുകളില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നാവികരാകട്ടെ വിവിധ ആഭ്യന്തര, വിദേശ കപ്പലുകളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യൻ നാവികർ ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുകയാണെന്ന് ചുരുക്കം. ഭാവിയില്‍ ഇന്ത്യ കൂടുതല്‍ കപ്പലുകള്‍ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്താല്‍ ഇക്കാര്യത്തില്‍ മാറ്റം സംഭവിച്ചേക്കാം.

കണക്കുകളിങ്ങനെ.

1,08,446 ഇന്ത്യൻ നാവികർ ലോകത്തിന്റെ പലഭാഗത്തായി തൊഴിലെടുക്കുന്നുണ്ടെന്നാണ് 2013-ലെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-ല്‍ ഇത് 1,54,339 ആയി. ഇതില്‍ തന്നെ ഇന്ത്യൻ മറൈൻ ഓഫീസർമാരുടെ എണ്ണം 62,016 ആണ്. 82,734ഉം മറ്റ് നാവികരാണ്. സമീപകാലത്ത് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യൻ നാവികരുടെ ആകെ എണ്ണം 2,50,000 ആണ്. ഇവരില്‍ 1,60,000 പേർ ചരക്ക് കപ്പലുകളില്‍ ജോലി ചെയ്യുന്ന സർട്ടിഫൈഡ് നാവികരാണ്. 90,000 പേരെ ക്രൂയിസ് ലൈനറുകളിലും വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ നാവികരുടെ സവിശേഷതകള്‍.

ഇൻ്റർനാഷ്ണല്‍ മാരിടൈം ഓർഗനൈസേഷന്റെ വൈറ്റ് ലിസ്റ്റില്‍ വളരെക്കാലമായി ഇടംപിടിച്ചിട്ടുള്ള രാജ്യമാണ് ഭാരതം. STCW-95 കണ്‍വെൻഷൻ പൂർണ്ണമായും അനുസരിക്കുന്ന രാജ്യങ്ങളാണ് വൈറ്റ് ലിസ്റ്റിലുണ്ടാവുക. കൂടാതെ ഈ രാജ്യങ്ങള്‍ക്ക് കൃത്യമായ ലൈസൻസിംഗ് സംവിധാനം, പരിശീലന കേന്ദ്രങ്ങള്‍, ഫ്ലാഗ് സ്റ്റേറ്റ് നിയന്ത്രണം, പോർട്ട് സ്റ്റേറ്റ് നിയന്ത്രണം എന്നിവ ഉണ്ടായിരിക്കണം. ഭാരതം ഏറെക്കാലമായി വൈറ്റ്-ലിസ്റ്റില്‍ ആണെന്നതിനാല്‍ ലോകമെമ്ബാടുമുള്ള ഷിപ്പിംഗ് കമ്ബനികളില്‍ ഇന്ത്യൻ നാവികർക്ക് ഡിമാൻഡും ഏറെയാണ്.

ഇന്ത്യൻ നാവികരും ഭാവികാലവും.

അടുത്ത ദശാബ്ദത്തിനുള്ളില്‍ ആഗോള ഷിപ്പിംഗില്‍ മേഖലയില്‍ ഇന്ത്യൻ നാവികരുടെ എണ്ണം 20 ശതമാനമായി ഉയരുമെന്നാണ് വ്യവസായ വിദഗ്ധരുടെ പ്രവചനം. പ്രധാനമായും നാല് കാര്യങ്ങളാണ് ഇതിലേക്ക് നയിക്കുക. മികച്ച പരിശീലന സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ സാക്ഷരത അനുദിനം വർദ്ധിച്ച്‌ വരികയാണ്. യൂറോപ്പിലെ വലിയൊരു വിഭാഗം നാവികർക്കും പ്രായമായിരിക്കുന്നു. എല്ലാതിനുമുപരി ഇന്ത്യൻ നാവികർ വളരെ മികച്ച രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാൻ കെല്‍പ്പുള്ളവരാണ്. ഇന്ത്യയില്‍ നാവിക പരിശീലനം നല്‍കുന്ന ഏകദേശം 166 സ്ഥാപനങ്ങളുണ്ട്. ഇതില്‍ 50 ശതമാനത്തോളം അക്കാദമിക് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ അനവധി ഇന്ത്യൻ നാവികരെ വാർത്തെടുക്കാനുള്ള വലിയ സാധ്യതകളാണ് രാജ്യത്തുള്ളത്.

യുക്രെയ്ൻ യുദ്ധവും കൊവിഡും.

കൊവിഡ് മഹാമാരി വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ ചരക്ക് കപ്പലുകളില്‍ നിരവധി തൊഴിലാളികളുടെ കുറവുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നാവികരെ തന്നെ കപ്പല്‍ ജീവനക്കാരായി നിയമിക്കാൻ ആവശ്യപ്പെട്ട് ഇൻ്റർനാഷ്ണല്‍ മാരിടൈം ഓർഗനൈസേഷൻ ഉത്തരവിറക്കുന്നത്. ഇതോടെ മെർച്ചൻ്റ് നേവിക്കാരെ കേന്ദ്രസർക്കാർ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ അക്കാലത്ത് ഉടലെടുത്ത യുക്രെയ്ൻ-റഷ്യ യുദ്ധം ഇന്ത്യൻ നാവികരുടെ ആവശ്യം വർദ്ധിപ്പിച്ചു. റഷ്യൻ, യുക്രെയ്ൻ നാവികരില്‍ നിന്നും 15% ആളുകളുണ്ടായിരുന്നു. എന്നാല്‍ യുദ്ധാനന്തരം ആഗോള ഷിപ്പിംഗ് കമ്ബനികള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നാവികരെ തിരഞ്ഞെടുക്കാൻ താത്പര്യപ്പെട്ടു.

വെല്ലുവിളികള്‍.

എന്നിരുന്നാലും ഇന്ത്യക്ക് മുന്നില്‍ അല്‍പസ്വല്‍പം വെല്ലുവിളികളുണ്ട്. കഴിവുള്ള യുവാക്കളെ ആകർഷിക്കുക എന്നുള്ളതാണ് മെർച്ചന്റ് നേവിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കാരണം ഇന്നത്തെ കാലത്ത് ഭൂരിഭാഗം യുവാക്കളും ഐടി പോലുള്ള മേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്. എല്ലാ കപ്പലുകളിലും മതിയായ പരിശീലന സൗകര്യങ്ങളില്ലെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. മൂന്നാമത്തെ വെല്ലുവിളിയെന്തെന്നാല്‍ ഈ മേഖലയിലേക്ക് കടന്നുവരാൻ സ്ത്രീകള്‍ മടിക്കുന്നു എന്നുള്ളതാണ്. ഈ മൂന്ന് വെല്ലുവിളികളെയും തരണം ചെയ്‌താല്‍ നാവികരെ സംഭാവന ചെയ്യുന്നതില്‍ ഒന്നാമതാകും ഇന്ത്യ. അതായത് ലോകത്തെ അഞ്ച് നാവികരെയെടുത്താല്‍ അതില്‍ ഒരാള്‍ ഇന്ത്യക്കാരനാകും.

RELATED ARTICLES

STORIES

Most Popular