Saturday, July 27, 2024
HomeGulfഗസ്സയില്‍ ബഹുരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും

ഗസ്സയില്‍ ബഹുരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും

ദുബൈ: ഗസ്സയില്‍ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബഹുരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള ഏതാരു നീക്കവും ശക്തമായി ചെറുക്കുമെന്ന മുന്നറിയിപ്പുമായി ഹമാസും ഇസ്ലാമിക് ജിഹാദും.

ഗസ്സയില്‍ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ ചർച്ച തുടരുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് കഴിഞ്ഞ ദിവസം അമേരിക്കയെ അറിയിച്ചിരുന്നു.

അറബ് രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട ബഹുരാഷ്ട്ര സേനയുടെ വിന്യാസം നടന്നാല്‍ ഭാവിയില്‍ ഗസ്സ വിടാം എന്ന നിർദേശമാണ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരിക്കുന്നത്. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇന്നലെ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ബഹുരാഷ്ട്ര സേനയെ ഗസ്സയില്‍ ഇറക്കാനുള്ള അധിനിവേശ ശക്തികളുടെ നീക്കം ദിവാസ്വപ്നം മാത്രമാണെന്ന് ഫലസ്തീൻ പ്രതിരോധ സംഘടനകള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗസ്സയിലേക്കുള്ള ഏതു സേനയെയും അധിനിവേശ ശക്തികള്‍ എന്ന നിലക്കാവും കണക്കാക്കുകയെന്നും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമെന്നും ഹമാസും ഇസ്ലാമിക് ജിഹാദും ഉള്‍പ്പെടെ പ്രതിരോധ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.

ബഹുരാഷ്ട്ര സേനയുടെ ഭാഗമാകാൻ ഏതെങ്കിലും അറബ് രാജ്യം തീരുമാനിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും കൂട്ടായ്മ വ്യക്തമാക്കി. അതിനിടെ, വെടിനിർത്തല്‍ കരാർ ചർച്ചക്കായി മൊസാദ് ഉള്‍പ്പെട്ട ഇസ്രായേല്‍ സംഘം ഇന്ന് കൈറോയിലേക്ക് തിരിക്കും. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാല്‍, മധ്യസ്ഥ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

നെതന്യാഹു സർക്കാറിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കള്‍ അറിയിച്ചു. തെല്‍ അവീവിലും ജറൂസലമിലും ഇന്നലെ ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭകർക്കു നേരെ ഇസ്രായേല്‍ സുരക്ഷാ വിഭാഗം പലയിടങ്ങളിലും ബലപ്രയോഗം നടത്തി.

ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച ഇസ്രായേല്‍ ഇന്നലെ മാത്രം കൊന്നുതള്ളിയത് 82 പേരെ. ഇതോടെ മൊത്തം സ്ഥിരീകരിക്കപ്പെട്ട മരണം 32,705 ആയി. 75,190 പേർക്കാണ് പരിക്ക്. ഗസ്സയില്‍ ഭക്ഷണവിതരണത്തിനിടെ അഞ്ചു പേർ തിക്കിലും തിരക്കിലും മരിച്ചു.

ദക്ഷിണ ലബനാനില്‍ ശനിയാഴ്ച ഡ്രോണ്‍ ആക്രമണത്തില്‍ യു.എൻ വാഹനത്തിലുണ്ടായിരുന്ന മൂന്നു നിരീക്ഷകരടക്കം നാലു പേർ മരിച്ചു. ഇസ്രായേലാണ് പിന്നിലെന്ന് ലബനാൻ സർക്കാർ ആരോപിച്ചു.

വടക്കൻ ഗസ്സയിലേക്ക് അയച്ച സഹായ ട്രക്കുകളില്‍ പകുതിയും ഇസ്രായേല്‍ മുടക്കിയതായി യു.എൻ മനുഷ്യാവകാശ സമിതി അറിയിച്ചു. ഗസ്സയില്‍ വംശഹത്യക്കിടെ വെസ്റ്റ് ബാങ്കില്‍ കൂട്ട അറസ്റ്റും ഭൂമി പിടിച്ചെടുക്കലും തുടരുകയാണ് ഇസ്രായേല്‍. ഒക്ടോബർ ഏഴിനുശേഷം ഫലസ്തീനികള്‍ താമസിച്ചുവന്ന 27 ചതുരശ്ര കിലോമീറ്റർ ഭൂമി ഇസ്രായേല്‍ കൈയേറി. കോളനൈസേഷൻ ആൻഡ് വാള്‍ റസിസ്റ്റൻസ് കമീഷൻ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

RELATED ARTICLES

STORIES

Most Popular