Tuesday, April 23, 2024
HomeIndiaശത്രുക്കളെല്ലാം ഫ്‌ളോപ്പ്, ടി20 ലോകകപ്പ് കളിക്കാന്‍ സഞ്ജു? പക്ഷെ ഒരു വെല്ലുവിളി

ശത്രുക്കളെല്ലാം ഫ്‌ളോപ്പ്, ടി20 ലോകകപ്പ് കളിക്കാന്‍ സഞ്ജു? പക്ഷെ ഒരു വെല്ലുവിളി

യ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കാണുന്നത്.

ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചേക്കും. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണുള്ളത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സഞ്ജു ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും മോശമല്ലാത്ത പ്രകടനമാണ് ആദ്യ മത്സരങ്ങളില്‍ നടത്തുന്നത്. ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ ജയിച്ചു. സഞ്ജുവിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. നിലവില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ സഞ്ജുവാണ് മുന്നില്‍.

പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മയാണ് സഞ്ജുവിന്റെ പ്രധാന എതിരാളി. ജിതേഷ് ഏറെ നാളുകളായി മോശം ഫോമിലാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും കാര്യമായ ഇംപാക്‌ട് സൃഷ്ടിക്കാന്‍ ജിതേഷിനായിട്ടില്ല. വണ്‍ സീസണ്‍ വണ്ടര്‍ വിശേഷണം നല്‍കാന്‍ പറ്റുന്ന താരമാണ് ജിതേഷ്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നില്‍ ലോകകപ്പിലേക്കുള്ള വാതില്‍ നിലവില്‍ തുറന്നിട്ടിരിക്കുകയാണ്. സഞ്ജുവിന്റെ സ്ഥാനം നോട്ടമിടുന്ന മറ്റൊരാള്‍ റിഷഭ് പന്താണ്.

ഇടവേളക്ക് ശേഷം തിരിച്ചെത്തിയ റിഷഭ് പതിയെ താളം കണ്ടെത്തുന്നതേയുള്ളൂ. പഴയ മികവിലേക്കെത്താന്‍ എന്തായാലും സമയം ആവശ്യമായി വരും. അതുകൊണ്ടുതന്നെ റിഷഭിനെ ടി20 ലോകകപ്പ് പരിഗണിക്കില്ലെന്ന കാര്യം ഉറപ്പാണ്. വരുന്ന മത്സരങ്ങളില്‍ അവിസ്മരണീയ പ്രകടനം നടത്താന്‍ സാധിച്ചാല്‍ മാത്രമേ റിഷഭിന് ടി20 ലോകകപ്പിലേക്ക് പ്രതീക്ഷവെക്കാനാവു. അതിന് ഇപ്പോള്‍ സാധ്യത കുറവായതിനാല്‍ത്തന്നെ സഞ്ജുവിനാണ് കൂടുതല്‍ സാധ്യത.

സഞ്ജുവിന് വെല്ലുവിളിയാവുന്ന മറ്റൊരു താരം കെ എല്‍ രാഹുലാണ്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ താരമായ രാഹുല്‍ പരിക്കിന്റെ പിടിയിലാണ്. കൂടാതെ ഏറെ നാളുകളായി ടി20 ലോകകപ്പ് ടീമിന് പുറത്തുമാണ്. അതുകൊണ്ടുതന്നെ രാഹുല്‍ സഞ്ജുവിന് വെല്ലുവിളിയാവാന്‍ സാധ്യതയില്ല. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം മോഹിക്കുന്ന മറ്റൊരാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനുമാണ്.

മുംബൈക്കൊപ്പം കാര്യമായ പ്രകടനം കാഴ്ചവെക്കാനും ഇഷാന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇഷാന് കാര്യങ്ങള്‍ കടുപ്പമാണ്. സഞ്ജു സാംസണിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. എന്നാല്‍ മുന്നിലുള്ള വെല്ലുവിളി സ്ഥിരതയാണ്. സഞ്ജു എല്ലാ സീസണിലും നന്നായി തുടങ്ങുന്ന ബാറ്റ്‌സ്മാനാണ്.

അവസാന അഞ്ച് സീസണിലും ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ നേടാന്‍ സഞ്ജുവിനായിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലേക്കെത്തുമ്ബോള്‍ പ്രകടന നിലവാരം താഴോട്ട് പോകുന്നതാണ് കാണാനാവുന്നത്. ഇത്തവണയും ഇതേ പിഴവ് സഞ്ജു ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ ഫ്‌ളോപ്പായിരുന്നു. ഇനിയുള്ള മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് തുടരുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലെ വെല്ലുവിളി.

വരുന്ന മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ ശ്രദ്ധിച്ചാല്‍ സഞ്ജുവിന് അനായാസം ടി20 ലോകകപ്പ് ടീമിലേക്കെത്താനാവും. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നതാണ് വസ്തുത. വിക്കറ്റ് കീപ്പറെന്ന നിലയിലെ സഞ്ജുവിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരതയോടെ കസറാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular