Thursday, May 2, 2024
HomeKeralaവാടക കരാര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇനി കീശ കാലിയാകും; പക്ഷേ സര്‍ക്കാരിനും തലവേദന

വാടക കരാര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇനി കീശ കാലിയാകും; പക്ഷേ സര്‍ക്കാരിനും തലവേദന

സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി വര്‍ധന ഇന്നു മുതല്‍ നിലവില്‍ വന്നു.

വാടക വീടും റൂമും എടുക്കുന്നവരെ ഉള്‍പ്പെടെ ബാധിക്കുന്നതാണ് നിലവില്‍ വന്ന പരിഷ്‌കാരം. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വരുമാന വര്‍ധന നടപടി.

മുമ്ബ് വാടക കരാര്‍ എഴുതുമ്ബോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അതു പറ്റില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 11 മാസമാണ് സാധാരണയായി വാടക കരാറുകള്‍ എഴുതുന്നത്. ഇത് രജിസ്റ്റര്‍ ചെയ്യുന്ന പതിവില്ലായിരുന്നു. ഈ രീതിയാണ് മാറുന്നത്. വാടക കരാറിലെ സ്റ്റാംപ് ഡ്യൂട്ടി 200 രൂപയില്‍ നിന്ന് 500 ആക്കി.

പുതിയ രീതിയില്‍ പാട്ടക്കരാറിന്റെ കാലാവധി അനുസരിച്ച്‌ പല സ്ലാബുകളായി തിരിച്ച്‌ ന്യായവിലയുടെ മേല്‍ 8 ശതമാനം സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. കെട്ടിടം മാത്രം കൈമാറ്റം ചെയ്യുന്ന കരാറുകള്‍ക്ക് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ന്യായവിലയോ ആകെ വാടകത്തുകയോ, മുന്‍കൂറായി നല്‍കുന്ന തുകയോ ഏതാണോ കൂടുതല്‍ അത് അനുസരിച്ചായിരിക്കും സ്റ്റാംപ് ഡ്യൂട്ടി.

നിരക്ക് കൂട്ടിയെങ്കിലും പിരിച്ചെടുക്കല്‍ എളുപ്പമല്ല

പാട്ട, വാടക കരാറുകളുടെ രജിസ്‌ട്രേഷനും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിപ്പിച്ചെങ്കിലും അതുകൊണ്ട് മാത്രം സര്‍ക്കാരിന് വരുമാനം കിട്ടുമെന്ന് ഉറപ്പില്ല. ഇത്തരം കരാറുകള്‍ പലതും ആരും രജിസ്റ്റര്‍ ചെയ്യാറില്ലെന്നത് തന്നെ കാരണം. ഉദാഹരണത്തിന് കൊച്ചി നഗരത്തില്‍ 2 മുറിയുള്ള വീട് വാടകയ്ക്ക് എടുക്കുന്ന കുടുംബം ആ വീടിന്റെ ഉടമസ്ഥനുമായി സ്റ്റാംപ് പേപ്പറില്‍ ഒരു കരാര്‍ ഉണ്ടാക്കും. രണ്ടു കൂട്ടരും പരസ്പര വിശ്വാസത്തിന്റെ പേരില്‍ ഈ കരാര്‍ രജിസ്റ്റര്‍ ചെയ്യാറില്ല.

രജിസ്റ്റര്‍ ചെയ്യാനുള്ള ചെലവും മറ്റ് പ്രക്രിയകളും തലവേദനയായതിനാലാണ് ഇത്തരത്തില്‍ കരാര്‍ എഴുതുന്നതില്‍ കാര്യങ്ങള്‍ ഒതുക്കുന്നത്. പുതിയതായി ഭൂമിയുടെ ന്യായവില അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുമ്ബോഴും ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

കരാര്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരേ നടപടി സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിലവില്‍ അധികാരങ്ങളില്ല. അതുകൊണ്ട് പുതിയതായി കൊണ്ടുവന്ന പരിഷ്‌കാരം വഴി എത്രത്തോളം വരുമാനം സര്‍ക്കാരിലേക്ക് എത്തുമെന്ന് കണ്ടറിയണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular