Thursday, May 2, 2024
HomeIndiaസൂക്ഷിക്കുക, ഗ്യാസ് ബില്‍ കൊള്ളക്കാര്‍ പെരുകുന്നു; ഗ്യാസ് ബില്ലിന്റെ പേരില്‍ തട്ടിയത് 16 ലക്ഷം രൂപ!

സൂക്ഷിക്കുക, ഗ്യാസ് ബില്‍ കൊള്ളക്കാര്‍ പെരുകുന്നു; ഗ്യാസ് ബില്ലിന്റെ പേരില്‍ തട്ടിയത് 16 ലക്ഷം രൂപ!

 

രാജ്യത്ത് ഓണ്‍ലൈൻ തട്ടിപ്പുകളുടെ തീവ്രത ദിവസത്തിന് ദിവസം വർധിച്ചുവരികയാണ്. ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓണ്‍ലൈൻ തട്ടിപ്പുകളിലൊന്നില്‍ ഒരാള്‍ക്ക് 16 ലക്ഷം രൂപയാണ് അ‌ക്കൗണ്ടില്‍ നിന്ന് നഷ്ടമായിരിക്കുന്നത്.

ഗ്യാസ് ബില്‍ ഓണ്‍ലൈനായി അ‌ടയ്ക്കാനുള്ള നീക്കത്തിനിടെയാണ് പണം നഷ്ടമായത് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

മുൻപ് പല ഓണ്‍ലൈൻ തട്ടിപ്പുകളിലും കണ്ട അ‌തേ രീതിയില്‍ വ്യാജ ലിങ്ക് ഉപയോഗിച്ചാണ് ഇവിടെയും പണം കൊള്ളയടിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കണ്ടില്ലെന്ന് നടിച്ചും ചുറ്റും നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാതെയും ഓണ്‍ലൈൻ ഇടപാടുകള്‍ക്ക് മുന്നിട്ടിറങ്ങുന്നവർ വീണ്ടും വീണ്ടും പറ്റിക്കപ്പട്ടുകൊണ്ടേയിരിക്കുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു.

ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഞെട്ടിക്കുന്ന ഓണ്‍ലൈൻ തട്ടിപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 66 വയസുകാരനാണ് പണം നഷ്ടമായിരിക്കുന്നത്. പൂനെ സ്വദേശിയായ ഇയാള്‍ മഹാരാഷ്ട്ര നാച്ചുറല്‍ ഗ്യാസ് ലിമിറ്റഡ് (എംഎൻജിഎല്‍) ബില്‍ അ‌ടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്. കെഎസ്‌ഇബി, ബാങ്കുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പേരില്‍ അ‌ധികൃതർ എന്ന വ്യാജേന ആളുകളെ വിളിച്ച്‌ കബളിപ്പിക്കുന്ന രീതിയാണ് ഇവിടെയും പയറ്റിയിരിക്കുന്നത്.

ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്‌, എംഎൻജിഎല്‍ ജീവനക്കാരൻ രാഹുല്‍ ശർമ എന്ന പേരിലാണ് തട്ടിപ്പുകാർ വയോധികനെ വിളിക്കുന്നത്. തുടർന്ന് 514 രൂപയുടെ ബില്‍ അ‌ടയ്ക്കാനുണ്ടെന്നും ഇത് അ‌ടിയന്തരമായി അ‌ടയ്ക്കണം എന്നും ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിളിക്കുന്നത് യഥാർഥ എംഎൻജിഎല്‍ ജീവനക്കാരനാണ് എന്ന് വിശ്വസിച്ച വയോധികൻ അ‌വർ പറഞ്ഞതുപോലെ പണം അ‌ടയ്ക്കാൻ തയാറായി.

പ്രസ്തുത ബില്ലിൻ്റെ പേയ്‌മെൻ്റ് പ്രോസസ്സ് ചെയ്യുന്നതിനായി ഓണ്‍ലൈൻ ക്രിമിനലുകള്‍ വയോധികന് ഒരു വ്യാജ ലിങ്ക് അ‌യയ്ക്കുകയും പേയ്മെന്റ് നടത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തു. ഇതനുസരിച്ച്‌ വയോധികൻ തന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ ബില്‍ ക്ലിയർ ചെയ്യാൻ ശ്രമിച്ചു. എന്നാല്‍ അ‌തിന് ശേഷം അ‌നധികൃതമായി അ‌ക്കൗണ്ടില്‍ നിന്ന് 49,850 രൂപ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മെസേജ് എത്തി.

ഈ സംഭവം അ‌ന്വേഷിക്കാനായി വയോധികൻ ബാങ്കില്‍ എത്തിയപ്പോഴേക്കും കൂടുതല്‍ പണം നഷ്ടമായിരുന്നു. അ‌ക്കൗണ്ടില്‍ നിന്ന് ആകെ 16,22,310 രൂപയാണ് ഉടമയുടെ അ‌നുമതിയോ അ‌റിവോ ഇല്ലാതെ നഷ്ടമായത്. തുടർന്ന് വയോധികൻ പരാതി നല്‍കിയതിന്റെ അ‌ടിസ്ഥാനത്തില്‍ ശിവാജിനഗർ പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയല്‍ ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും (സെക്ഷൻ 419, 420) ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ തുക തിരിച്ചുപിടിക്കാനാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓണ്‍ലൈൻ തട്ടിപ്പ് കേസുകളില്‍ ഭൂരിഭാഗം എണ്ണത്തിലും പണം വീണ്ടെടുക്കാൻ കഴിയാറില്ല. അ‌പൂർവം കേസുകളില്‍ മാത്രമാണ് പണം വീണ്ടെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുള്ളത്. ഓണ്‍ലൈൻ ഇടപാടുകള്‍ നടത്തുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം ഓരോ തട്ടിപ്പുകളും സമൂഹത്തെ ഓർമപ്പെടുത്തുന്നു.

അ‌പരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, അ‌പരിചിതർ വിളിച്ച്‌ അ‌ധികൃതർ എന്ന വ്യാജേന സംസാരിച്ചാല്‍ ആധികാരികത വ്യക്തമാകാതെ അ‌വരെ വിശ്വസിക്കാതിരിക്കുക, ഇത്തരം കോളുകളെ തുടർന്ന് ഒരുതരത്തിലുമുള്ള ഓണ്‍ലൈൻ പേയ്മെന്റുകള്‍ക്ക് തയാറാകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഓണ്‍ലൈൻ തട്ടിപ്പുകളില്‍ നിന്ന് ഒരു പരിധി വരെ ജാഗ്രത പാലിക്കാം. കേരളത്തിലും ഇത്തരം തട്ടിപ്പുകള്‍ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular