Saturday, July 27, 2024
HomeKerala'ചൂണ്ടയില്‍ വീഴരുത്'; കേരളാ സ്റ്റോറി ചര്‍ച്ച അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ

‘ചൂണ്ടയില്‍ വീഴരുത്’; കേരളാ സ്റ്റോറി ചര്‍ച്ച അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളാ സ്റ്റോറിയുടെ പേരില്‍ കൊരുത്തിടുന്ന ചൂണ്ടയില്‍ വീഴരുതെന്നും വിഷയത്തെ പറ്റി നടക്കുന്ന ചർച്ചകള്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കവേ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്നും സിഎഎ ചർച്ചാ വിഷയമാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിൻവലിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

“കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയില്‍ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിൻവലിക്കട്ടെ” വിഡി സതീശൻ പറഞ്ഞു. സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയില്‍ സർക്കാർ സ്വീകരിച്ച നിലപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്ത് ആകെ19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്നാണ് പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം. രാജ്യത്ത് ആദ്യം യുഎപിഎ കേസെടുത്ത സംസ്ഥാനമാണ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന കേരളം. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ വിമർശിച്ചു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരെ പിതാവും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ പ്രസ്താവന മഹിതമായ നിലപാടാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ആന്റണിയെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസ് നിലപാട് പ്രകടനപത്രികയില്‍ പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി

RELATED ARTICLES

STORIES

Most Popular