Tuesday, April 30, 2024
HomeIndia24 മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്; വ്യോമാതിര്‍ത്തി മാറ്റി എയര്‍ ഇന്ത്യ,

24 മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്; വ്യോമാതിര്‍ത്തി മാറ്റി എയര്‍ ഇന്ത്യ,

ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡമാസ്‌കസിലുള്ള ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

നാളെയോടെ ഇറാന്റെ ആക്രമണമുണ്ടാവുമെന്ന് യുഎസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നല്‍കുന്നു.

സംഘർഷം കണക്കിലെടുത്ത് എയർ ഇന്ത്യാ വിമാനങ്ങള്‍ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കുകയാണ്. ലണ്ടനിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി കൂടുതല്‍ ദൂരം സ‌ഞ്ചരിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.

യൂറോപ്പിലേക്ക് പോകുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങള്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ രണ്ട് മണിക്കൂർവരെ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുന്നു. അതേസമയം, പശ്ചിമേഷ്യയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ ഇറാനിയൻ വ്യോമാതിർത്തിയുടെ തെക്ക് ഭാഗത്തുകൂടി പറക്കുന്നതിനാല്‍ സംഘർഷം ബാധിക്കില്ല.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആക്രമണം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഡ്രോണുകളും മിസൈലുകളും ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിർത്തികളില്‍ നിന്ന് 2000 കിലോമീറ്റർ അകലെവരെ ആക്രമണം നടത്താൻ ശേഷിയുള്ള ബാലിസ്റ്റിക്, ക്ര്യൂസ് മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകള്‍ക്ക് പിന്നാലെ ഇസ്രായേലിനെ സഹായിക്കാനും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനയെ സംരക്ഷിക്കാനും യു എസ് കൂടുതല്‍ സൈനികവ്യൂഹത്തെ അയച്ചു. ഇതിന്റെ ഭാഗമായി യു എസ് എസ് കാ‌ർണെ അടക്കം രണ്ട് കപ്പലുകള്‍ മെഡിറ്ററേനിയൻ കടലിലേയ്ക്ക് അയച്ചു. ആക്രമണത്തെ ചെറുക്കാനുള്ള നയതന്ത്ര നീക്കങ്ങളും അമേരിക്ക ശക്തമാക്കി. അടിയന്തര ചർച്ചകള്‍ക്കായി യുഎസ് സെൻട്രല്‍ കമാൻഡ് മേധാവി ജനറല്‍ മൈക്കല്‍ കുറില്ലയെയും ബൈഡൻ ഇസ്രായേലിലേക്ക് അയച്ചിരിക്കുകയാണ്.

ദമാസ്‌കസിലെ കോണ്‍സുലേറ്റിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ജനറലുകള്‍ ഉള്‍പ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു. സൈനികർക്ക് ഹോം ലീവ് റദ്ദാക്കിയതിന് പുറമെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജിപിഎസ്-നാവിഗേഷൻ സംവിധാനമുള്ള ഡ്രോണുകളോ മിസൈലുകളോ രാജ്യത്തിന് നേരെ തൊടുത്തുവിടാൻ സാദ്ധ്യതയുള്ളതിനാല്‍ ഇവയെ തടസപ്പെടുത്തുന്നതിനായി ടെല്‍ അവീവിന് മുകളിലൂടെ നാവിഗേഷൻ സിഗ്നലുകള്‍ നിരത്തിയിരിക്കുകയാണ് ഇസ്രായേല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular