Thursday, April 25, 2024
HomeIndiaകാര്‍ഷിക നിയമം പിന്‍വലിച്ചിട്ടും രക്ഷയില്ല; ബിജെപിയുമായി സഖ്യമില്ലെന്ന് ശിരോമണി അകാലിദള്‍

കാര്‍ഷിക നിയമം പിന്‍വലിച്ചിട്ടും രക്ഷയില്ല; ബിജെപിയുമായി സഖ്യമില്ലെന്ന് ശിരോമണി അകാലിദള്‍

ദില്ലി:  ബിജെപിയുമായി (BJP) ഇനി സഖ്യമില്ലെന്ന് ശിരോമണി അകാലിദള്‍(Siromani Akali dal). ഏറെ വിവാദമായ കാര്‍ഷിക നിയമം(Farm lwas)  പിന്‍വലിച്ചെങ്കിലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ (Sukhbir singh Badal) വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാറിന്റെ ഭാഗമായിരുന്ന അകാലിദള്‍, കാര്‍ഷിക നിയമങ്ങള്‍ ഇരുസഭകളിലും പാസാക്കിയതിനെ തുടര്‍ന്നാണ് സഖ്യം വിടുന്നത്.

മന്ത്രിസഭയില്‍ അംഗമായിരുന്ന ഹര്‍സിമ്രത് കൗര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ”കര്‍ഷക സമരത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ രക്തസാക്ഷിത്വം രാജ്യം കണ്ടു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ കരിനിയമങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കില്ലെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതാണ്. ഞങ്ങള്‍ പറഞ്ഞത് സത്യമായിരിക്കുന്നു. പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ബിജെപിയുമായി സഖ്യത്തിന് യാതൊരു സാധ്യതയും കാണുന്നില്ല”-സുഖ്ബിര്‍ സിങ് ബാദല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരെ അകാലിദള്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദലും രംഗത്തെത്തിയിരുന്നു. ”സമരം വിജയിച്ചതില്‍ പഞ്ചാബിലെയും രാജ്യത്തെയും കര്‍ഷകരെയും അഭിനന്ദിക്കുന്നു. രക്തസാക്ഷികളായ 700 കര്‍ഷകരുടെ കുടുംബത്തെക്കുറിച്ചാണ് എന്റെ ചിന്ത. ലഖിംപുര്‍ ഖേരി പോലുള്ള സംഭവം സര്‍ക്കാറിന്റെ മേല്‍ എന്നും കറുത്തപാടായിരിക്കും. കര്‍ഷകര്‍ക്ക് വേണ്ടിയായിരിക്കും എന്റെ ജീവിതം. ജനാധിപത്യ സര്‍ക്കാറുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് നിയമം ബാധിക്കുന്നവരുമായി കൂടിയാലോചിക്കാതെ നിയമം പാസാക്കുന്നത്”-പ്രകാശ് സിങ് ബാദല്‍ പ്രതികരിച്ചു.

താങ്ങുവില എത്രയും വേഗം ഉറപ്പാക്കണമെന്നും താങ്ങുവില കര്‍ഷകരുടെ അവകാശമാണെന്നും ഹര്‍സിമ്രത് കൗറും പ്രതികരിച്ചു. കാര്‍ഷിക നിയമത്തിന്റെ തുടക്കത്തില്‍ തന്നെ എതിര്‍ത്ത പാര്‍ട്ടിയാണ് ശിരോമണി അകാലി ദള്‍. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് നിയമം നടപ്പാക്കിയതോടെ അവര്‍ സഖ്യം ഉപേക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular