Saturday, July 27, 2024
HomeAsiaമൂര്‍ച്ചയുള്ള ആയുധങ്ങളും കെണിയും കൊടും വിഷവും സുരക്ഷയ്‌ക്ക്,വന്മതില്‍ പണിത രാജാവിന്റെ കല്ലറയെ തൊടാനാകാതെ ഗവേഷകര്‍

മൂര്‍ച്ചയുള്ള ആയുധങ്ങളും കെണിയും കൊടും വിഷവും സുരക്ഷയ്‌ക്ക്,വന്മതില്‍ പണിത രാജാവിന്റെ കല്ലറയെ തൊടാനാകാതെ ഗവേഷകര്‍

ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ് ചൈനയിലെ വന്മതില്‍. മചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ പോലും മതില്‍ കാണാം എന്ന അതിശയോക്തി കല‌ർന്ന വാദങ്ങളും നാം ശ്രദ്ധിച്ചിട്ടുണ്ടാകും.

എന്നാല്‍ ആരാണ് ഈ വന്മതില്‍ പണി ആരംഭിച്ച ചൈനീസ് ചക്രവർത്തി എന്നറിയാമോ? ക്വിൻ ഷി ഹുവാംഗ് എന്ന ചൈനയുടെ ആദ്യ ചക്രവർത്തിയാണ് വന്മതില്‍ പണിയാൻ ഉത്തരവിട്ടത്. ചെറിയ രാജ്യങ്ങളായി വിഘടിച്ച്‌ പരസ്‌പരം പോരടിച്ചിരുന്നതില്‍ നിന്ന് ഒരൊറ്റ വലിയ രാജ്യമായി ചൈനയെ മാറ്റിയത് ക്വിൻ ഷി ഹുവാംഗ് ആണ്. രാജ്യം ശക്തമായപ്പോള്‍ അതിരുകള്‍ കാക്കാൻ ശക്തമായ മതില്‍ വേണമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് വന്മതിലിന്റെ നിർമ്മാണം തുടങ്ങിയത്.

അതിക്രൂരനും വിചിത്രവിശ്വാസങ്ങളും മറ്റും വച്ചുപുലർത്തിയിരുന്ന ആളുമായിരുന്നു ക്വിൻ ഷി ഹുവാംഗ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം മരണത്തില്‍ നിന്ന് രക്ഷനേടാൻ വലിയ മതില്‍ തീ‌ർത്തു. നാല് ലക്ഷത്തോളം പേർ ഇക്കാലത്ത് മതില്‍ പണിയില്‍ ഏ‌ർപ്പെട്ടിരുന്നു. ഇവരില്‍ മരിക്കുന്നവരെ മതിലിനുള്ളില്‍ തന്നെ സംസ്‌കരിച്ചു. വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരെന്ന് തോന്നുന്ന പുസ്‌തകങ്ങളടക്കം നശിപ്പിക്കുകയും രാജ്യം ഏകീകരിക്കുകയും ചെയ്‌തു അദ്ദേഹം.

ഷി ഹുവാംഗിന്റെ ശവകുടീരം

ഒരൊറ്റ രാജ്യമാക്കി മാറ്റി ചൈനയെ ഷി ഹുവാംഗ് ഭരിച്ചത് കേവലം 11 വർഷമാണ്. അതിനുമുൻപ് പക്ഷെ 26 കൊല്ലം ചിൻ രാജ്യത്തെ രാജാവായിരുന്നു. 50-ാം വയസില്‍ ബി സി 210ല്‍ മരിച്ച അദ്ദേഹത്തിന്റെ ശവകുടീരം

ചൈനയിലെ ഷാൻസി പ്രവിശ്യയില്‍ 1974ല്‍ ഒരു കൃഷിസ്ഥലത്തിലാണ് കണ്ടെത്തിയത്. കുറച്ച്‌ ക‌ർഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്.പക്ഷെ രണ്ടായിരം വ‌ർഷങ്ങള്‍ക്കിപ്പുറവും പുരാവസ്‌തു ഗവേഷകർ ശവകുടീരം തുറന്നിട്ടില്ല. അതിന് തക്കതായ ചില കാരണങ്ങളുണ്ട്.

കല്ലറ തുറക്കുന്നതിലെ അപകടങ്ങള്‍

ക്വിൻ ഷി ഹുവാംഗിന്റെ മരണശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം ചൈനയിലെ പ്രശസ്‌ത ചരിത്രകാരൻ സിമ ക്വിയാൻ ഒരു ലേഖനത്തില്‍ ശവകുടീരത്തിലെ അപകട സാദ്ധ്യതകളെക്കുറിച്ച്‌ പറയുന്നുണ്ട്. കൊള്ളയടിക്കാനെത്തുന്നവരെ തടയുന്നതിനായി പലതരം കെണികള്‍ ഇവിടെയുണ്ട്. ഇതിനൊപ്പം നിരവധി വിദഗ്ദ്ധരെക്കൊണ്ട് നിർമ്മിച്ച അമ്ബും വില്ലുകളും ഉണ്ട്. ഇതെല്ലാം മറികടന്ന് ഉള്ളില്‍ കയറാൻ ശ്രമിക്കുന്നവരെ കാത്ത് മെ‌ർക്കുറിയുടെ ഒരു പ്രവാഹം തന്നെയുണ്ടാകുമെന്നും സിമ ക്വിയ പറയുന്നുണ്ട്. ലേഖനത്തില്‍ പറയുന്നത് അതിശയോക്തിയാണെങ്കിലും ശവകുടീരത്തിന് ചുറ്റുമുള്ള മണ്ണ് പരിശോധിച്ച ഗവേഷകർക്ക് ഇവിടെ വളരെ വലിയ അളവില്‍ മെർക്കുറി ഉണ്ടെന്ന് കണ്ടെത്താനായത് അമ്ബരപ്പുളവാക്കി.

കളിമണ്‍ സൈന്യം

ക്വിൻ ഷി ഹുവാംഗിന്റെ ശവകുടീരത്തിന് സമീപത്തെ ഏറ്റവും കാണേണ്ട കാഴ്‌ചയാണ് ടെറക്കോട്ട വാരിയേഴ്സ് അഥവാ കളിമണ്‍ സൈന്യം. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ചക്രവർത്തി തന്റെ സംരക്ഷണത്തിനാണ് ഇത്ര വലിയ ഒരു കളിമണ്‍ സൈന്യത്തെ നിർമ്മിച്ചത്. കേവലം സൈനികരെ മാത്രമല്ല കുതിരകളെയും തേരുമടക്കം ബിസി 210ല്‍ ഏത് തരത്തിലാണോ ചൈനീസ് സമൂഹം ഉണ്ടായിരുന്നത് അത്തരത്തില്‍ തന്നെ ഇവ നിർമ്മിച്ചിരുന്നു. 8000ത്തോളം പടയാളികളും 520 കുതിരകളുമാണ് ഇത്തരത്തില്‍ ശില്‍പങ്ങളായുണ്ടായിരുന്നത്.പട്ടാള തലവന്മാർക്ക് കൂട്ടത്തില്‍ അല്‍പം ഉയരം കൂടുതല്‍ ആയിരുന്നു. യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ ഇവിടം ഇപ്പോള്‍ ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ അമ്ബരപ്പിക്കുന്നു.

മ്യൂയോണുകള്‍ എന്ന ഉപആറ്റോമിക കണികകള്‍ വഴി ചക്രവർത്തിയുടെ കല്ലറ ഗവേഷണം നടത്താം എന്ന് ഗവേഷകർ കരുതുന്നു. എന്നാല്‍ ഇതിന് ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. ഭാവിയില്‍ മികച്ച സാങ്കേതിക വിദ്യയിലൂടെ ക്വിൻ ഷി ഹുവാംഗിന്റെ ഭൗതികദേഹം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. കാലപ്പഴക്കത്താല്‍ കളിമണ്‍ ശില്‍പകല തകരാതെ വേണം ഇത് എന്നത് അവർക്ക് വെല്ലുവിളിയും ഉയർത്തുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular