Friday, March 29, 2024
HomeIndiaചെന്നിത്തലയ്ക്ക് പാർട്ടി വക 5 ലക്ഷം മാത്രം, സുരേന്ദ്രന് 40 ലക്ഷം, പണമൊഴുകിയത് സിപിഎമ്മിലേക്ക്

ചെന്നിത്തലയ്ക്ക് പാർട്ടി വക 5 ലക്ഷം മാത്രം, സുരേന്ദ്രന് 40 ലക്ഷം, പണമൊഴുകിയത് സിപിഎമ്മിലേക്ക്

നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനെന്ന് കണക്കുകൾ. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ലഭിച്ചത്. കോണ്‍ഗ്രസിന് 39 കോടി കിട്ടിയപ്പോൾ ബിജെപിക്ക് എട്ട് കോടിയാണ് സംഭാവനയായി ലഭിച്ചത്. കോൺ​ഗ്രസിന് രാഹുലിന്‍റെയും പ്രിയങ്കയുടെയും ഹെലികോപ്റ്റർ, വിമാന യാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളിൽ ചെലവായി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബിജെപിക്ക് ചെലവായത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും വാശിയേറിയ നിയമസഭ അങ്കത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോൾ സംഭാവനകൾ കൂമ്പാരമായി, ഇതോടെ പ്രചാരണവും ഗംഭീരമായി. ഭരണകക്ഷിയായ സിപിഎമ്മിലേക്കാണ് ഏറ്റവും കൂടുതൽ പണമൊഴുകിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കൃത്യമായി പറഞ്ഞാൽ എത്തിയത് 58,86,38,762 രൂപയാണ്. ഇതിൽ പരസ്യത്തിന് വേണ്ടിയാണ് സിപിഎം 17 കോടിയും ചെലവഴിച്ചത്. സ്ഥാനാർത്ഥികൾക്ക് നൽകിയെന്ന് വ്യക്തമാക്കുന്നത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്.

ആർ ബിന്ദുവിന് 20 ലക്ഷം, വീണാ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെ പോകുന്നു ആ കണക്കുകൾ. കോൺ​ഗ്രസും ഇക്കാര്യങ്ങളിൽ ഒട്ടും പിന്നിലല്ല. 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ തുക പാർട്ടി നൽകിയത് ത്രികോണപോരിൽ വിജയം നേടിയ ഷാഫി പറമ്പിലിന് വേണ്ടിയാണ്, 23 ലക്ഷം. തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിന് കിട്ടിയത് പതിനെട്ടര ലക്ഷമാണ്. എന്നാൽ, സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.

ആകെയുണ്ടായിരുന്ന നേമം കൂടി പോയെങ്കിലും എ ക്ലാസ് മണ്ഡ‍ലങ്ങളിൽ ബിജെപി നൽകിയത് വലിയ കരുതലാണ്. 15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡ‍ലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 40 ലക്ഷമാണ്. സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോ​ഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയുമാണ്.

എന്നാൽ, സ്റ്റാർ ക്യാമ്പയിനർമാരെ ഇറക്കിയതിൽ സിപിഎമ്മിന് ആകെ ചെലവ് ഏഴ് ലക്ഷം മാത്രമാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ക്ലോസിംഗ് ബാലൻസ് എട്ട് കോടിയാണ്. എന്നാൽ, കേരള ഘടകത്തിന്റേത് 58 കോടിയാണ്. ബിജെപിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലൻസ്  7 കോടി 94 ലക്ഷമാണ്. എന്നാൽ,  ദേശീയ ഘടകത്തിന്‍റെ മെയ് മാസത്തെ ക്ലോസിംഗ് ബാലൻസ്  2579 കോടി രൂപയാണ്. എഐസിസിയുടേത് 253 കോടി ആണ്. എന്നാൽ കെപിസിസിക്ക് വെറും രണ്ട് കോടി മാത്രവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular