Saturday, July 27, 2024
HomeEditorialലോക്‌സഭയിലേക്ക് ആരെ, എന്തുകൊണ്ട് ജയിപ്പിക്കണം? വോട്ടുചെയ്യാന്‍ പോകും മുന്‍പ് വായിച്ചിരിക്കേണ്ട ഒരു വൈറല്‍ കുറിപ്പ്

ലോക്‌സഭയിലേക്ക് ആരെ, എന്തുകൊണ്ട് ജയിപ്പിക്കണം? വോട്ടുചെയ്യാന്‍ പോകും മുന്‍പ് വായിച്ചിരിക്കേണ്ട ഒരു വൈറല്‍ കുറിപ്പ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വൈറലായി ഒരു കുറിപ്പ്. ആര്‍ക്ക് എന്തിന് വോട്ടു ചെയ്യണമെന്നത് വ്യക്തമാക്കുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷവും കോണ്‍ഗ്രസ് നിരാശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കുറിപ്പില്‍ ലോക്‌സഭാ പ്രതിനിധികളുടെ നിരുത്തരവാദിത്വം അക്കമിട്ടു നിരത്തുന്നു.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തരം പോസ്റ്റുകള്‍ ഇട്ടിരുന്ന നിങ്ങള്‍ ഇപ്രാവശ്യം അത് ചെയ്യുന്നില്ലേ എന്ന് എന്റെ പോസ്റ്റുകളില്‍ സ്ഥിരമായി പ്രതികരിക്കുന്ന ഒരു സുഹൃത്ത് പരിഹാസരൂപേണ ടാഗ് ചെയ്ത് ചോദിച്ചു.
അന്നതിന് മറുപടിയൊന്നും കൊടുത്തില്ല, ഒരു സ്‌മൈലിയിട്ട് പോന്നു.

രാഹുലിന് വേണ്ടി എഴുതാന്‍ കഴിഞ്ഞ തവണത്തെപ്പോലെ ആവേശമില്ല എന്നത് സത്യമാണ്. എന്നാലും ഇന്ത്യ മുന്നണി ഏതെങ്കിലും തരത്തില്‍ ഒരു തിരിച്ചു വരവ് നടത്തിയിരുന്നെങ്കിലെന്ന് ആഗ്രഹം ഇല്ലാതില്ല.

കേരളത്തില്‍ ബിജെപി പതിവ് പോലെ പച്ചതൊടാതെ നില്‍ക്കണം. കേരളത്തെക്കുറിച്ച്‌ അത്രയുമാണ് ഒറ്റവാചകത്തില്‍ പറയാനുളളത്. ഇരുപതില്‍ ഇരുപത് സീറ്റും മോദി വിരുദ്ധ പക്ഷത്തായിരിക്കണം.

ശരി..
‘ആ ഇരുപതില്‍ യുഡിഎഫോ എല്‍ ഡി എഫോ? എന്താണ് നിങ്ങളുടെ ചോയ്സ്?.. വളച്ചു കെട്ടാതെ പറയൂ മാഷേ’ എന്നൊരു ചോദ്യം വരുന്നത് കാണുന്നുണ്ട്.
വളച്ചു കെട്ടാതെ പറയാം. എല്‍ഡിഎഫിന് കൂടുതല്‍ എംപിമാര്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്, അതിന് കൃത്യമായ കാരണവുമുണ്ട്.
ഇന്ത്യ എന്ന രാജ്യം കടന്ന് പോകുന്ന ഈ കെട്ട കാലത്തിന്റെ ഭയാശങ്കകള്‍ക്കിടയിലും ഇരയുടെ പക്ഷത്ത് ചെറിയ ശബ്ദമെങ്കിലും പാര്‍ലിമെന്റില്‍ ഉയരണമെങ്കില്‍ അവരില്‍ ചിലര്‍ അവിടെ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ പത്തൊമ്ബത് എം പി മാര്‍ കേരളത്തില്‍ നിന്ന് യുഡിഎഫ് നിരയില്‍ ജയിച്ചു പോയെങ്കിലും ഒന്നോ രണ്ടോ പേരൊഴിച്ച്‌ ബാക്കിയെല്ലാം മരപ്പാഴുകളായി അവിടെ നേരം പോക്കുകയായിരുന്നു. ഉയര്‍ന്ന് കേള്‍ക്കണമെന്ന് ആഗ്രഹിച്ച അവസരങ്ങളിലൊന്നും അവരുടെ ശബ്ദം ഉയര്‍ന്ന് കേട്ടില്ല. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എന്ന ഏകവ്യക്തി നടത്തിയ ഇടപെടലുകള്‍ ഈ പത്തൊമ്ബത് പേരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളേക്കാള്‍ ശക്തമായിരുന്നു. ശബ്ദിക്കാന്‍ കഴിയുന്നവര്‍, അതിന് ചങ്കൂറ്റമുള്ളവര്‍ പാര്‍ലിമെന്റില്‍ എത്തണം. ഉറക്കം തൂങ്ങികളായ ഇരുപതെണ്ണം പോയിട്ട് ഒരു കാര്യവുമില്ല എന്ന് ചുരുക്കം.

കഴിഞ്ഞ അഞ്ചു വര്ഷം കോണ്‍ഗ്രസ്സ് ഏറെ നിരാശപ്പെടുത്തി. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച അവരുടെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതാണ് നാം കണ്ടത്. പ്രാദേശിക നേതാക്കള്‍, ദേശീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെ ഓരോരുത്തരായി ത്രിവര്‍ണ പതാക വിട്ട് കാവിക്കൊടി പിടിക്കുമ്ബോള്‍ വിഷമത്തോടെ നോക്കി നില്‍ക്കുക എന്നതല്ലാതെ ഒരു സാധാരണക്കാരന് എന്ത് ചോയ്‌സുണ്ട്??

പൗരത്വ വിഷയം, രാമക്ഷേത്രം, ബുള്‍ഡോസര്‍ രാജ്.. ഫലസ്തീന്‍.. ഇരകളുടെ പക്ഷത്ത് ഏറ്റവും ശക്തമായി ഉണ്ടാകേണ്ട ശബ്ദം കോണ്‍ഗ്രസ്സിന്റേതായിരുന്നു. പക്ഷേ ഈ വിഷയങ്ങളിലൊക്കെ അവരുടെ ശബ്ദമായിരുന്നു ഏറ്റവും ദുര്‍ബലമായിരുന്നത്. ചില വിഷയങ്ങളില്‍ ശബ്ദം ഉയര്‍ന്നേ കേട്ടില്ല.

ദേശീയ തലത്തില്‍ അവരെക്കാള്‍ എണ്ണത്തിലും ശക്തിയിലും എത്രയോ കുറവായ ഇടതുപക്ഷമാണ് ഒരു നിമിഷം ശങ്കിക്കാതെ ഈ വിഷയങ്ങളിലൊക്കെ ഇരകളോടൊപ്പം നില്‍ക്കാന്‍ തയ്യാറായത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം കിട്ടിയപ്പോള്‍ അതില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ച വേണ്ടി വന്നു കോണ്‍ഗ്രസ്സിന്. പൗരത്വ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു നിമിഷം ആലോചിക്കാതെ അതിനെതിരെ ഇന്ത്യക്ക് മുഴുവന്‍ മാതൃകയായി പ്രതിരോധത്തിന്റെ ഒരു കോട്ട ഉയര്‍ത്തിയപ്പോള്‍, തെരുവുകള്‍ പ്രക്ഷുബ്ധമാക്കിയപ്പോള്‍, നിയമയുദ്ധത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍, കോണ്‍ഗ്രസ്സ് ഇരുട്ടില്‍ തപ്പുകയായിരുന്നു. എതിര്‍ത്തോ എന്ന് ചോദിച്ചാല്‍ എതിര്‍ത്തിട്ടുണ്ട്, പക്ഷേ അതൊരു ബാധ്യത തീര്‍ക്കുന്ന തരത്തിലായിരുന്നു എന്ന് മാത്രം.

ഇപ്പോള്‍ അവര്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പോലും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ വിഴുങ്ങുന്ന ഈ കരിനിയമത്തിനെതിരെ ശക്തമായി പ്രതികരിക്കാനോ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ നിയമം തൂത്തെറിയുമെന്ന് പ്രഖ്യാപിക്കാനോ ഉള്ള ധൈര്യം കാണിച്ചില്ല. കോണ്‍ഗ്രസ്സ് പ്രസിഡന്റിനോട് പൗരത്വ വിഷയത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച്‌ രാത്രി ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു എഴുന്നേറ്റ് പോകുന്ന ദുരവസ്ഥയാണ് കണ്ടത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ ശബ്ദവും പ്രാതിനിധ്യവും പാര്‍ലിമെന്റില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്ന ഒരു കാലത്ത്, അവര്‍ക്കെതിരെയുള്ള നിയമ നിര്‍മാണങ്ങള്‍ തുടരെത്തുടരെ വരുന്ന ഒരു കാലത്ത് കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് ജയിപ്പിച്ചു വിട്ട പതിനഞ്ചു പേരില്‍ ഒരാള്‍ പോലും ആ സമുദായത്തില്‍ നിന്ന് ഉണ്ടായിരുന്നില്ല. ഇടതുപക്ഷം ജയിപ്പിച്ചു വിട്ട ഒരേ ഒരാളാകട്ടെ ആ സമുദായത്തില്‍ ജനിച്ചു വീണയാളും. രാഷ്ട്രീയ ശക്തിയുടെ ഏതു അളവ് കോല്‍ വെച്ച്‌ നോക്കിയാലും അഞ്ചോ ആറോ പാര്‍ലിമെന്റ് സീറ്റിന് അവകാശമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അവര്‍ ഇത്തവണ ഒരു സീറ്റ് അധികം ചോദിച്ചപ്പോഴേക്ക് കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ പുകില്‍ നാം മറന്നിട്ടില്ല. നിലവിലുള്ള നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 21 സീറ്റും ലീഗിന് 15 സീറ്റുമാണുളളത്. വെറും ആറ് സീറ്റിന്റെ വ്യത്യാസം മാത്രമാണ് അവര്‍ തമ്മിലുള്ളത്. ആ കോണ്‍ഗ്രസ്സ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് 15 സീറ്റില്‍. ലീഗിനെ രണ്ട് സീറ്റില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കേണ്ട കാലത്താണ് ഇതൊക്കെ നടക്കുന്നത് എന്നോര്‍ക്കണം.

ഗാസയില്‍ പിഞ്ചു പൈതങ്ങളടക്കം വംശഹത്യക്ക് വിധേയമായപ്പോള്‍ അവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോലും ശബ്ദിയ്ക്കാന്‍ ഭയപ്പെട്ട് നിന്നു കോണ്‍ഗ്രസ്സ് നേതാക്കള്‍. (ഷാഫി പറമ്ബില്‍ അടക്കമുളള യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍). ഒട്ടും ആലോചിക്കാതെ ആ ഇരകള്‍ക്കൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഇടത്പക്ഷമായിരുന്നു മുന്നോട്ട് വന്നത്. മരിച്ചു വീഴുന്ന ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചാല്‍ മതേതരമുഖം നഷ്ടപ്പെടുമെന്ന് പേടിച്ച്‌ അവര്‍ മിണ്ടാതിരുന്നില്ല. പകലും രാത്രിയും ഭേദമില്ലാതെ ഇരകള്‍ക്ക് വേണ്ടി അവര്‍ ഉറക്കെ ശബ്ദിച്ചു. അവസാനം നിവൃത്തിയില്ലാതെ മടിച്ചു മടിച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികരിച്ചു തുടങ്ങിയത്.. ഇതൊക്കെ നാം നേരില്‍ കണ്ടതാണ്, അനുഭവിച്ചതാണ്.

വിദ്യാഭ്യാസ മേഖലയും പാഠ്യ പദ്ധതികളും കേന്ദ്ര തലത്തില്‍ സമ്ബൂര്‍ണ്ണമായി കാവിവത്കരിക്കുന്ന കാലത്ത് ആ കാവിവത്കരണത്തിന് കേരളത്തില്‍ നേതൃത്വം കൊടുക്കുന്ന ഗവര്‍ണറാണ് കോണ്‍ഗ്രസ്സിന്റെ ഹീറോ.. സര്‍വകലാശാലകളിലെ ഉന്നത പോസ്റ്റുകളില്‍ സംഘികളെ തിരുകിക്കയറ്റുമ്ബോള്‍ ആ ഗവര്‍ണര്‍ക്ക് പിന്തുണ കൊടുക്കുന്ന കോണ്‍ഗ്രസ്സിനേയും മാധ്യമങ്ങളേയും അയാള്‍ക്കെതിരെ തെരുവില്‍ പൊരുതുന്ന എസ്‌എഫ്‌ഐ കുട്ടികളെയുമാണ് നാം കണ്ടത്.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഭരണകൂടം രാജ്യത്തെ നേതാക്കളെ വേട്ടയാടുമ്ബോള്‍ കള്ളന് കഞ്ഞി വെച്ച്‌ കൊടുക്കുന്ന പണി കോണ്‍ഗ്രസ്സ് പല ഘട്ടങ്ങളിലും എടുത്തിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി ഇന്ന് ജയിലിലാണ്. അയാളെ ജയിലിലടക്കാന്‍ വേണ്ട ആരോപണം ആദ്യം ഉയര്‍ത്തിയത് കോണ്‍ഗ്രസ്സാണ്. ഈഡി എന്ത് കൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷിക്കുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞു ഒത്തുകളി ആരോപിച്ചു അവരെ വിളിച്ചു വരുത്തിയത് കോണ്‍ഗ്രസ്സാണ്. ഡല്‍ഹിയില്‍ കളിച്ച അതേ പണി തന്നെയാണ് ഇപ്പോളവര്‍ കേരളത്തിലും എടുക്കുന്നത്. ഈഡിക്ക് ഏണി വെച്ച്‌ കൊടുക്കുന്ന പണി. അവരുടെ നേതാക്കള്‍ തന്നെ ദേശീയ തലത്തില്‍ വേട്ടയാടപ്പെടുമ്ബോഴും ഈഡിയും അന്വേഷണ ഏജന്‍സികളും പുറത്തു വിടുന്ന വാര്‍ത്തകളുടെ പ്രചാരകരും അവരുടെ അഭ്യുദയകാംക്ഷികളുമായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം മാറുന്നു.

ഇതേ അന്വേഷണ ഏജന്‍സികള്‍ക്ക് ഭരണകൂടത്തിന് വേണ്ടിയുള്ള വേട്ട എളുപ്പമാക്കുന്ന വിധം എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്ന് ഒരേ ഒരു എംപിയേ ഉണ്ടായിരുന്നുള്ളൂ, അത് എ എം ആരിഫാണ് .ആ കരിനിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്യുകയാണ് കോണ്‍ഗ്രസ്സ് എംപിമാര്‍ ചെയ്തത്. അതായത് ദേശസുരക്ഷയുടെ പേര് പറഞ്ഞു ന്യൂനപക്ഷങ്ങള്‍ക്കും ഒരുവേള അവരുടെ നേതാക്കന്മാര്‍ക്ക് എതിരെ തന്നെയും പ്രയോഗിക്കാനുള്ള നിയമത്തിന് അവരുടെ തന്നെ പിന്തുണ. ചര്‍ച്ചയില്‍ കരിനിയമമെന്ന നിലപാട് എടുക്കുകയും ചര്‍ച്ചക്ക് ശേഷം അതിനെ അനുകൂലിച്ചു വോട്ട് ചെയ്യുകയും ചെയ്ത ഇന്ത്യന്‍ പാര്‍ലിമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ തമാശ എന്ന് വേണമെങ്കിലും പറയാം.

ദീര്‍ഘിപ്പിക്കുന്നില്ല.
കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളേ അല്ല ഇതെഴുതുന്നത്. മതേതര ഇന്ത്യയെ കെട്ടിപ്പടുത്ത ഒരു പാര്‍ട്ടിയാണത്. അവരുടെ തിരിച്ചു വരവിന് ആഗ്രഹിക്കുന്ന ഒരാളുമാണ്. പക്ഷേ അവര്‍ ഇന്നെത്തിച്ചേര്‍ന്ന അവസ്ഥകളെ വിലയിരുത്തിയെന്ന് മാത്രം. വര്‍ത്തമാന സ്ഥിതിവിശേഷങ്ങളെ വിലയിരുത്തുമ്ബോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച്‌ വലിയ ആശങ്കകളുണ്ട്. ജനാധിപത്യം തന്നെ നിലനില്‍ക്കുമോ എന്ന് കണ്ടറിയണം. കരിനിയമങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഇരുണ്ട ദിനങ്ങളുമാണ് മുന്നിലുള്ളത്. ആ ദിനങ്ങളില്‍ ഇരകളോടൊപ്പം നില്ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഒരു പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ പാര്‍ലിമെന്റില്‍ എത്തണം എന്നൊരു ആഗ്രഹമുണ്ട്.. ഇഡിയും അന്വേഷണ ഏജന്‍സികളും വന്നാല്‍ മറുകണ്ടം ചാടില്ലെന്നു ഉറപ്പുള്ളവര്‍ വേണം, പണവും പ്രതാപവും അധികാരവും പ്രലോഭനമായി വന്നാല്‍ റിസോര്‍ട്ടില്‍ കൊണ്ട് പോയി കെട്ടിയിടേണ്ട ദുരവസ്ഥയില്ലാത്ത മനുഷ്യര്‍ തിരഞ്ഞെടുക്കപ്പെടണം..
ആഗ്രഹമാണ്, അത് പറഞ്ഞെന്നേ ഉള്ളൂ.

RELATED ARTICLES

STORIES

Most Popular