Saturday, July 27, 2024
HomeKeralaമൂന്നുസെന്റില്‍ താഴെയുള്ളവര്‍ക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം

മൂന്നുസെന്റില്‍ താഴെയുള്ളവര്‍ക്കും ഇനി സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം

പാലക്കാട്: സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവർക്കും സഹകരണ സംഘങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ വായ്പയനുവദിക്കുന്നതിന് സഹകരണസംഘം രജിസ്ട്രാർ അനുമതി നല്‍കി.

പൊതുപ്രവർത്തകനായ തത്തമംഗലം നെല്ലിക്കാട് പുത്തൻകളം ചന്ദ്രൻ ചാമി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.

മൂന്ന് സെന്റില്‍ താഴെ വിസ്തീർണമുള്ളതും വീടില്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേല്‍ വായ്പ അനുവദിക്കരുതെന്ന സഹകരണനിയമത്തിലെ വ്യവസ്ഥ സാമ്ബത്തികപിന്നാക്കാവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇത്തരം സ്ഥലങ്ങളുടെ ഈടിന്മേല്‍ വായ്പ നല്‍കി തുക കുടിശ്ശികയായാല്‍ തിരിച്ചുപിടിക്കാനുള്ള ജപ്തിനടപടിക്രമങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് വായ്പ മുമ്ബ് നിഷേധിച്ചിരുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്‌ ഇനിമുതല്‍ ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥലമൂല്യം കണക്കാക്കി വായ്പാതിരിച്ചടവ് ഉറപ്പാക്കിയും സംഘം നിയമാവലിക്ക് വിധേയമായും മാത്രമേ വായ്പയനുവദിക്കാവൂയെന്നും നിർദേശിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ജോയന്റ് രജിസ്ട്രാർമാരുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ്.

RELATED ARTICLES

STORIES

Most Popular