Friday, May 3, 2024
HomeIndiaIPL 2024: രാഹുല്‍ ഷോ, തലകുത്തി വീണ് സിഎസ്‌കെ; ലഖ്‌നൗവിന് ഗംഭീര ജയം

IPL 2024: രാഹുല്‍ ഷോ, തലകുത്തി വീണ് സിഎസ്‌കെ; ലഖ്‌നൗവിന് ഗംഭീര ജയം

ഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 പന്തും 8 വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. കെ എല്‍ രാഹുല്‍ (82), ക്വിന്റന്‍ ഡീകോക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 4 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ നഷ്ടമായി. മൊഹ്‌സിന്‍ ഖാന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായ രചിന്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. മൂന്നാം നമ്ബറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റിയ നായകന്‍ റുതുരാജ് ഗെയ്ക് വാദിനും തിളങ്ങാനായില്ല. 13 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 17 റണ്‍സെടുത്ത റുതുരാജിനെ യഷ് താക്കൂറാണ് പുറത്താക്കിയത്.

എഡ്ജായ താരത്തെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ കൈയിലൊതുക്കുകയായിരുന്നു. നാലാം നമ്ബറില്‍ രവീന്ദ്ര ജഡേജയെയാണ് സിഎസ്‌കെ കളത്തിലിറക്കിയത്. അജിന്‍ക്യ രഹാനെ ഒരുവശത്ത് പതിയെ റണ്‍സുയര്‍ത്തി. എന്നാല്‍ 24 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത രഹാനെയെ ക്രുണാല്‍ പാണ്ഡ്യ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മധ്യനിരയിലെ വമ്ബനടിക്കാരനായ ശിവം ദുബെക്ക് മികവ് ആവര്‍ത്തിക്കാനായില്ല.

8 പന്ത് നേരിട്ട് 3 റണ്‍സെടുത്ത ദുബെയുടെ നിര്‍ണ്ണായക വിക്കറ്റ് മാര്‍ക്കസ് സ്റ്റോയിണിസാണ് വീഴ്ത്തിയത്. വലിയ ഷോട്ടിന് ശ്രമിച്ച ദുബെക്ക് പിഴച്ചപ്പോള്‍ പന്ത് എഡ്ജായി ഉയര്‍ന്നു. കെ എല്‍ രാഹുലാണ് ഇത് ക്യാച്ചാക്കി മാറ്റിയത്. ഇംപാക്‌ട് പ്ലയറായി ഇറക്കിയ സമീര്‍ റിസ് വിയും നിരാശപ്പെടുത്തി. 5 പന്ത് നേരിട്ട് 1 റണ്‍സ് നേടിയ റിസ്‌വിയെ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. മോയിന്‍ അലി പതിയെയാണ് തുടങ്ങിയത്.

എന്നാല്‍ രവി ബിഷ്‌നോയ്‌ക്കെതിരേ തുടര്‍ച്ചയായി 3 സിക്‌സുകള്‍ പായിച്ച്‌ താരം കരുത്തുകാട്ടി. 20 പന്തില്‍ 30 റണ്‍സെടുത്ത മോയിന്‍ അലിയെ ബിഷ്‌നോയ് പുറത്താക്കി. ഒരുവശത്ത് പിടിച്ചുനിന്ന് കളിച്ച ജഡേജ 40 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടി പുറത്താവാതെ നിന്നു. എംഎസ് ധോണി വീണ്ടുമൊരു കാമിയോയിലൂടെ ഞെട്ടിച്ചു. 9 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സോടെ ധോണി പുറത്താവാതെ നിന്നപ്പോള്‍ 6 വിക്കറ്റിന് 176 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് സിഎസ്‌കെയെത്തി.

ലഖ്‌നൗവിനായി ക്രുണാല്‍ 2 വിക്കറ്റും മൊഹ്‌സിന്‍, യഷ് താക്കൂര്‍, രവി ബിഷ്‌നോയ്, സ്‌റ്റോയിണിസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ ലഖ്‌നൗവിനായി ഓപ്പണര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ 134 റണ്‍സാണ് കെ എല്‍ രാഹുലും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് സൃഷ്ടിച്ചത്. 43 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സെടുത്ത ഡീകോക്കിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്‌മാനാണ് കൂട്ടുകെട്ട് പൊളിച്ചത്.

അതിവേഗത്തില്‍ ഫിനിഷ് ചെയ്യാനാണ് ലഖ്‌നൗ താരങ്ങള്‍ ശ്രമിച്ചത്. മൂന്നാം നമ്ബറിലെത്തിയ നിക്കോളാസ് പുരാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ 53 പന്തില്‍ 82 റണ്‍സുമായി മടങ്ങി. 9 ഫോറും 3 സിക്‌സും പറത്തിയ രാഹുലിനെ മതീഷ പതിരാന മടക്കുമ്ബോള്‍ ലഖ്‌നൗ വിജയത്തിന് തൊട്ടടുത്തേക്കെത്തിയിരുന്നു. പിന്നീട് നിക്കോളാസ് പുരാനും (12 പന്തില്‍ 23*) മാര്‍ക്കസ് സ്റ്റോയിണിസും (7 പന്തില്‍ 8*) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ ലഖ്‌നൗവിനെ ജയിപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular