Friday, May 3, 2024
HomeKeralaമഴവില്ലഴക് തീര്‍ത്ത് പൂരം; വാദ്യഘോഷങ്ങളുടെ പെരുമഴയില്‍, കുടമാറ്റത്തിന്റെ നിത്യവിസ്മയത്തില്‍ പുരുഷാരം

മഴവില്ലഴക് തീര്‍ത്ത് പൂരം; വാദ്യഘോഷങ്ങളുടെ പെരുമഴയില്‍, കുടമാറ്റത്തിന്റെ നിത്യവിസ്മയത്തില്‍ പുരുഷാരം

തൃശൂര്‍: പൂരം..പൂരം… കണ്ഠങ്ങളില്‍നിന്ന് കണ്ഠങ്ങളിലേക്ക് മന്ത്രധ്വനിയായി പൂരം മാത്രം പടര്‍ന്നു.

പിന്നയത് ലഹരിയായി നിറഞ്ഞു. പൂരത്തിന്റെ പൂരത്തിന് വടക്കുംനാഥന്റെ മണ്ണില്‍ ആവേശത്തിന്റെ തിരയിളക്കം. കൊടിയേറ്റത്തിനു മുന്നേ തുടങ്ങിയ ഉദ്വേഗങ്ങളെ മറികടന്ന് തൃശൂര്‍ പൂരം മാരിവില്ല് തീര്‍ത്തു. വാദ്യഘോഷങ്ങളുടെ പെരുമഴയില്‍, കരിവീരന്മാരുടെ സൗന്ദര്യത്തില്‍, കുടമാറ്റത്തിന്റെ നിത്യവിസ്മയത്തില്‍ പുരുഷാരമങ്ങനെ ഒഴുകിനടന്നു. പൂരം ചടങ്ങുമാത്രമല്ല. ആചാരങ്ങളുമല്ല. അതൊരു ലഹരിയാണ്. ഇന്നലെ തേക്കിന്‍കാട് മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആബാലവൃദ്ധം ജനതയും ആ ആവേശം ഏറ്റുവാങ്ങി. വിദേശികളും അന്യസംസ്ഥാനക്കാരുമടക്കം പതിനായിരങ്ങളാണ് പൂരത്തില്‍ കുളിരാനെത്തിയത്. സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയം. രാവിലെ ചെറുപൂരങ്ങളുടെ വരവോടെ ശക്തന്റെ തട്ടം പൂരത്തിലമര്‍ന്നു തുടങ്ങി.

നെയ്തലക്കാവിലമ്മ തുറന്നിട്ട ഗോപുരത്തിലെത്തി വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യം പ്രവേശിച്ചു. ഇലഞ്ഞിത്തറയില്‍ മേളം തീര്‍ത്താണ് ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി തിരിച്ചെഴുന്നള്ളിയത്. അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവമ്മ, കാരമുക്ക് ഭഗവതി, പനമുക്കുംപള്ളി ശാസ്താവ്, ചെമ്ബൂക്കാവ് ഭഗവതി, ലാലൂര്‍ കാര്യത്ത്യായനി ഭഗവതി എന്നിവരും വടക്കുനാഥനെ സന്ദര്‍ശിച്ചു മടങ്ങി. ചെറുക്ഷേത്രങ്ങളുടെ പൂരം നഗരത്തില്‍ പ്രവേശിച്ചതോടെ വൈവിധ്യത്തിന്റെ ആഘോഷമായത് മാറി. പഞ്ചവാദ്യവും പാണ്ടിമേളവും നാഗസ്വരവും ഓരോ ഘടകപൂരങ്ങളിലും വാദ്യവിസ്മയം തീര്‍ത്തു. എട്ട് ഘടക പൂരങ്ങളിലായി 71 ഗജവീരന്മാരാണ് അണിനിരന്നത്.

പൂരത്തിന്റെ പ്രധാനികളായ തിരുവമ്ബാടി, പാറമേക്കാവ് ഭഗവതിമാരുടെ ആഗമനത്തോടെയാണ് പൂരം പൂരമാവുക. ഇന്നലെ രാവിലെ മഠത്തില്‍ വരവിന്റെ വാദ്യമാധുര്യത്തോടെ തിരുവമ്ബാടി ഭഗവതി പുറപ്പെട്ടതു കാണാന്‍ പതിനായിരങ്ങള്‍ പഴയ നടക്കാവിലെത്തി. കൊമ്ബന്‍ തിരുവമ്ബാടി ചന്ദ്രശേഖരന്‍ തിടമ്ബേറ്റി. പ്രമാണി കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിട്ട് വാദ്യവേഗത്തിന്റെ ചരടുമുറുക്കി. ഉച്ചയ്ക്ക് 12ന് പാറമേക്കാവിലമ്മയുടെ പ്രൗഢമായ പുറപ്പാട്. കൊമ്ബന്‍ ഗുരുവായൂര്‍ നന്ദന്‍ കോലമേന്തി. പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പന്‍മാരാര്‍ നേതൃത്വം നല്‍കി. ചെമ്ബട കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ ഉച്ചയ്ക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ നാലുമണിക്കൂര്‍ നീണ്ട പാണ്ടിമേളം ഇരമ്ബിയാര്‍ത്തു. തിരുവമ്ബാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട് രാവിലെ എട്ടിന് ആരംഭിച്ചു.

ബ്രഹ്മസ്വം മഠത്തിലേക്കെത്തിയ ഭഗവതിയെ നിറപറയും നിലവിളക്കുമായി എതിരേറ്റു. ഇറക്കിപൂജയ്ക്കുശേഷം തിരുവമ്ബാടിയുടെ മഠത്തില്‍ വരവ് തുടങ്ങി. എഴുന്നള്ളിപ്പ് നായ്ക്കനാലിലെത്തിയതോടെ ഗജവീരന്മാരുടെ എണ്ണം 15 ആയി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കഴിഞ്ഞാണ് തിരുവമ്ബാടി തെക്കോട്ടിറക്കത്തിനെത്തിയത്. അപ്പുറത്ത് ഉച്ചയ്ക്ക് 12ന് ചെറിയപാണി കൊട്ടി പാറമേക്കാവിലമ്മ എഴുന്നള്ളി. ക്ഷേത്രമുറ്റത്ത് മേളം മുറുകിയതോടെ ആസ്വാദകര്‍ ഇളകിയാടി. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറയിലെത്തി തുറന്നുപിടിച്ചു. വൈകിട്ട് അഞ്ചിനുശേഷം പാറമേക്കാവാണ് ആദ്യം തെക്കേഗോപുനട വഴി ഇറങ്ങിയത്. അഞ്ചേമുക്കാലോടെ തിരുവമ്ബാടി ഭഗവതി ഗോപുരം കടന്നെത്തി. അല്‍പ്പസമയത്തിനകം രാജപ്രതിമയെ വണങ്ങി പാറമേക്കാവ് ഭഗവതിയും മുഖാമുഖത്തിനെത്തി. പാറമേക്കാവിന്റെ ഏഴ് ആനകള്‍ എം.ഒ. റോഡിലെ രാജപ്രതിമയെ വലംവച്ച്‌ തിരികെ സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരത്തിന് അഭിമുഖമായി നിരന്നു. തിരുവമ്ബാടിയുടെ 15 ആനകള്‍ മുഖാമുഖം നിന്നതോടെ ദേവസോദരിമാരുടെ കൂടിക്കാഴ്ചയ്ക്കു തുടക്കമായി. തുടര്‍ന്ന് വര്‍ണക്കുടമാറ്റം. സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞു. അഞ്ചരയോടെ കുടമാറ്റത്തിനു തുടക്കമായി. പുരുഷാരം ആര്‍ത്തുവിളിച്ചു. വര്‍ണക്കുടകളുടെ മത്സരത്തില്‍ വിടര്‍ന്നത് വൈവിധ്യം.

രാത്രി 11.30ന് പഞ്ചവാദ്യത്തിന്റെ അകമ്ബടിയോടെ മഠത്തില്‍നിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് നായ്ക്കനാല്‍ പന്തലില്‍ എഴുന്നള്ളിപ്പ് അവസാനിക്കുന്നു. മൂന്നിനും ആറിനും ഇടയിലാണ് പ്രധാന വെടിക്കെട്ട്.
ശനിയാഴ്ച രാവിലെ 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോട് കൂടി ശ്രീമൂലസ്ഥാനത്തേക്ക് പോകുന്നു. നായ്ക്കനാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ കുടമാറ്റവും ഉണ്ടായിരിക്കും.ഉച്ചയ്ക്ക് 12.30നും ഒന്നിനും ഇടയിലാണ് സമാപന വെടിക്കെട്ട്. ശ്രീമൂലസ്ഥാനത്ത് രണ്ടു ഭഗവതിമാരും വിടച്ചൊല്ലി തിരിച്ചുപോകുന്നു. അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച്‌ തിരുവമ്ബാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് സമാപനം കുറിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular