Saturday, April 27, 2024
HomeKeralaവിവാദങ്ങളും വികസന പദ്ധതികളും, ആറുമാസം പിന്നിട്ട് ടീം പിണറായി

വിവാദങ്ങളും വികസന പദ്ധതികളും, ആറുമാസം പിന്നിട്ട് ടീം പിണറായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ (Pinarayi Vijayan) അധികാരമേറ്റെടുത്ത് ഇന്ന് ആറുമാസം പൂർത്തിയാകുന്നു. പുതുചരിത്രമെഴുതിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ അധികാരമേൽക്കൽ. ഏറെ പുതുമഖങ്ങളുള്ള ടീമുമായി ക്യാപ്റ്റന്‍റെ രണ്ടാം ഇന്നിംഗ്സ്. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനകാലത്തെന്നെ പോലെ പുതിയ സർക്കാരിന്‍റെയും ആദ്യ മുൻഗണന മഹാമാരിക്കാലത്തെ കൈത്താങ്ങിന് തന്നെയായിരുന്നു. മുൻ സർക്കാരിന്‍റെ അവസാനകാലത്ത് തുടങ്ങിയ കൊവിഡ് പ്രതിരോധത്തിലെ വിള്ളലുകൾ പുതിയ സർക്കാർ കാലത്ത് കൂടുതൽ പ്രകടമായി. വൻ വിവാദങ്ങൾക്കൊടുവിൽ ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാൻ ഒടുവിൽ നിർബന്ധിതരായി.

കെ റെയിൽ അടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും വിവാദങ്ങൾ സർക്കാരിനെ വിട്ടൊഴിയുന്നില്ല. മുട്ടിൽ മരം മുറിക്ക് പിന്നാലെ മുല്ലപ്പെരിയാ‌ർ മരം മുറിയും പിടിച്ചുകുലുക്കുമ്പോഴാണ് സർക്കാർ ആറുമാസം കടക്കുന്നത്. ആറുമാസത്തിനുള്ളിൽ വിവാദക്കൊടുങ്കാറ്റ് വീശിയടിച്ചത് രണ്ട് മരം മുറിയിലാണ്. മുട്ടിൽ അന്വേഷണം ഇഴയുമ്പോൾ മുല്ലപ്പെരിയാറിൽ ദുരൂഹത മാറുന്നേയില്ല. മോന്‍സന്‍ കേസുണ്ടാക്കിയത് തീരാത്ത കളങ്കമാണ്. ഇന്ധനവില പൊള്ളിക്കുമ്പോള്‍ നികുതി കുറയ്ക്കാനുള്ള മടി ജനപ്രീതിയിൽ ഇടിവുണ്ടാക്കി. സർക്കാരിന്‍റെയും ഭരിക്കുന്ന പാർട്ടിയുടേയും സ്ത്രീപക്ഷ നിലപാടുകളെ ആകെ ചോദ്യം ചെയ്യുന്നതായി ദത്ത് വിവാദം.

അവസാനം അനുപമയ്ക്ക് പിന്തുണ നൽകുമ്പോഴും ചട്ടം ലംഘിച്ച ദത്തും കുഞ്ഞിനായുള്ള അമ്മയുടെ സഹനസമരവും ഏല്‍പ്പിക്കുന്ന മുറിവിന് ആഴമേറെയാണ്.വാർത്താസമ്മേളനങ്ങളുടെ സാധ്യത നന്നായി ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളോടുള്ള അകലം കൂട്ടി. മുല്ലപ്പെരിയാറിലും ദത്തിലും പിണറായിയുടെ നീണ്ട മൗനം തന്നെ ചർച്ചയായി. പ്രതിഷേധങ്ങൾക്ക് മുന്നിൽ വികസന കാഴ്ചപ്പാടിൽ മുട്ടുമടക്കില്ലെന്ന പിണറായിയുടെ ഉറച്ച നിലപാടാണ് സിൽവർ ലൈനിനെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊവിഡ് ഭീഷണിക്കിടെയും സ്കൂൾ തുറന്നതും പരീക്ഷാ നടത്തിപ്പും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഓൺലൈൻ പഠനപുരോഗതിയും മികവായി. അടിക്കടി എത്തുന്ന പെരുമഴയും ആടിയുലയുന്ന സാമ്പത്തിക സ്ഥിതിയും മറികടന്നുള്ള മുന്നോട്ട് പോക്കാണ് സർക്കാരിന്‍റെ വെല്ലുവിളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular