Saturday, July 27, 2024
HomeIndiaആര്‍.സി.ബിക്കെതിരേ നൈറ്റ്‌ റൈഡേഴ്‌സിന്‌ ഒരു റണ്‍ ജയം

ആര്‍.സി.ബിക്കെതിരേ നൈറ്റ്‌ റൈഡേഴ്‌സിന്‌ ഒരു റണ്‍ ജയം

കൊല്‍ക്കത്ത: സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‌ ഒരു റണ്ണിന്റെ തകര്‍പ്പന്‍ ജയം.

ആര്‍.സി.ബിയുടെ 17-ാം സീസണിലെ ഏഴാം തോല്‍വിയാണ്‌ ഇന്നലെ കുറിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത ആറ്‌ വിക്കറ്റിന്‌ 222 റണ്ണെടുത്തു. മറുപടി റോയല്‍ ചലഞ്ചേഴ്‌സ് അവസാന പന്തില്‍ 221 റണ്ണിന്‌ ഓള്‍ഔട്ടായി.
മിച്ചല്‍ സ്‌റ്റാര്‍ക്‌ അവസാന ഓവര്‍ എറിയാനെത്തുമ്ബോള്‍ ആര്‍.സി.ബിക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 21 റണ്‍. അവരുടെ എട്ട്‌ വിക്കറ്റും നഷ്‌ടമായിരുന്നു. ആന്ദ്രെ റസല്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ ദിനേഷ്‌ കാര്‍ത്തിക്ക്‌ (18 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 25) പുറത്തായതോടെ ആര്‍.സി.ബിയുടെ പ്രതീക്ഷ മങ്ങിയിരുന്നു. സ്‌ട്രൈക്കറായിരുന്ന കരണ്‍ ശര്‍മ ആദ്യ പന്ത്‌ സിക്‌സറടിച്ചു. അടുത്ത പന്തില്‍ റണ്‍ വീണില്ല. മൂന്നാം പന്തും നാലാം പന്തും സിക്‌സറിനു പറന്നതോടെ ജയിക്കാന്‍ വേണ്ടത്‌ രണ്ട്‌ പന്തില്‍ മൂന്ന്‌. സ്‌റ്റാര്‍ക്കിന്റെ താഴ്‌ന്നു വന്ന ഫുള്‍ടോസിനു ബാറ്റ്‌ വച്ച കരണിനു (ഏഴ്‌ പന്തില്‍ മൂന്ന്‌ സിക്‌സറടക്കം 20) പിഴച്ചു. സ്‌റ്റാര്‍ക്ക്‌ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ കൊല്‍ക്കത്ത ടീമിന്റെ പ്രതീക്ഷ സജീവമാക്കി. അവസാന ബാറ്റര്‍മാരായ ലൂകി ഫെര്‍ഗുസണും മുഹമ്മദ്‌ സിറാജും ക്രീസില്‍. ഓഫ്‌ സൈഡിനു പുറത്തു പിച്ച്‌ ചെയ്‌ത പന്തിനെ ഫെര്‍ഗുസണ്‍ കവറിലൂടെ പായിച്ചു. രണ്ടാം റണ്ണിനായി മിന്നല്‍ വേഗത്തില്‍ ഓടിയ ഫെര്‍ഗുസണിനു പിഴച്ചു. രമണ്‍ദീപ്‌ സിങ്ങിന്റെ ത്രോ വിക്കറ്റ്‌ കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കൈകളിലേക്ക്‌. സാള്‍ട്ട്‌ ഡൈവ്‌ ചെയ്‌ത ബെയ്‌ല്‍സ്‌ തെറുപ്പിക്കുമ്ബോള്‍ ഫെര്‍ഗുസണ്‍ ക്രീസിന്‌ ഏറെ അകലെയായിരുന്നു.
വില്‍ ജാക്‌സ് (32 പന്തില്‍ അഞ്ച്‌ സിക്‌സറും നാല്‌ ഫോറുമടക്കം 55), രജത്‌ പാടീദാര്‍ (23 പന്തില്‍ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ദിനേഷ്‌ കാര്‍ത്തിക്ക്‌, സൂയാഷ്‌ പ്രഭുദേശായി (18 പന്തില്‍ 24) എന്നിവരുടെ മിന്നല്‍ പ്രകടനങ്ങളുമാണു റോയല്‍ ചലഞ്ചേഴ്‌സിനെ ജയത്തിന്‌ അടുത്തെത്തിച്ചത്‌. കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രെ റസല്‍ മൂന്ന്‌ വിക്കറ്റും ഹര്‍ഷിത്‌ റാണ, സുനില്‍ നരേന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും മിച്ചല്‍ സ്‌റ്റാര്‍ക്‌, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. നായകന്‍ ശ്രേയസ്‌ അയ്യര്‍ (36 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 50), ഓപ്പണര്‍ ഫില്‍ സാള്‍ട്ട്‌ (14 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 48), ആന്ദ്രെ റസല്‍ (20 പന്തില്‍ പുറത്താകാതെ 27), രമണ്‍ദീപ്‌ സിങ്‌ (ഒന്‍പത്‌ പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 24) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. എട്ട്‌ കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച കൊല്‍ക്കത്ത രണ്ട്‌ പോയിന്റുമായി ഏറ്റവും പിന്നിലാണ്‌. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ആന്ദ്രെ റസല്‍ മത്സരത്തിലെ താരമായി

RELATED ARTICLES

STORIES

Most Popular