Friday, May 3, 2024
HomeKeralaപണക്കാരെ കൊള്ളയടിച്ചു പാവപ്പെട്ടവരെ സഹായിക്കുന്ന 'റോബിന്‍ ഹുഡ്‌.'

പണക്കാരെ കൊള്ളയടിച്ചു പാവപ്പെട്ടവരെ സഹായിക്കുന്ന ‘റോബിന്‍ ഹുഡ്‌.’

തിരുവനന്തപുരം : സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതിനു പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ്‌ ഇര്‍ഫാന്‍ സ്വന്തം നാട്ടില്‍ നന്മമരം.

പണക്കാരെ കൊള്ളയടിച്ചു പാവപ്പെട്ടവരെ സഹായിക്കുന്ന ‘റോബിന്‍ ഹുഡ്‌.’
ജോഷി സംവിധാനം ചെയ്‌ത പൃഥ്വിരാജ്‌ ചിത്രം ‘റോബിന്‍ ഹുഡി’ല്‍ പറഞ്ഞത്‌ ഒരു കള്ളന്റെ പ്രതികാരകഥയാണ്‌. ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കള്ളനു പറയാനുള്ളതും മറ്റൊരു പ്രതികാരകഥ. റോബിന്‍ ഹുഡ്‌ സിനിമ കണ്ടാണോ ബിഹാറുകാരന്‍ മുഹമ്മദ്‌ ഇര്‍ഫാന്‍, ജോഷിയുടെ വീട്‌ മോഷണത്തിനു തെരഞ്ഞെടുത്തത്‌ എന്നാണ്‌ പോലീസില്‍നിന്ന്‌ ഉയരുന്ന രസകരമായ ചോദ്യം. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്‌.പി: രാജ്‌ കുമാര്‍ കേസ്‌ ഡയറി എഴുതുന്നതിനോടൊപ്പം മറ്റൊരു കഥ കൂടി പറയുകയാണ്‌.
ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ ഗാര്‍ഹയ്‌ക്ക് സമീപം ജോഗിയ സ്വദേശിയാണ്‌ ഉജ്വല്‍ എന്ന മുഹമ്മദ്‌ ഇര്‍ഫാന്‍. മോഷ്‌ടിക്കുന്ന മുതല്‍ പാവങ്ങള്‍ക്ക്‌ നല്‍കിയും റോഡുകള്‍ നിര്‍മിച്ചും പാവങ്ങളുടെ വിവാഹം നടത്തിയും ഇയാള്‍ കൈയടി നേടിയപ്പോള്‍ ഭാര്യ ജില്ലാ പഞ്ചായത്ത്‌ അംഗമായി.
ബിഹാറിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ച ഇര്‍ഫാനെ കള്ളനാക്കിയത്‌ ജീവിത സാഹചര്യങ്ങളാണ്‌. 14 കൊല്ലം മുമ്ബ്‌ സ്‌ത്രീധനം നല്‍കാന്‍ പണമില്ലാത്തതു മൂലം സഹോദരിയുടെ കല്യാണം മുടങ്ങി. പിന്നീടു മോഷണം നടത്തി സഹോദരിയുടെ കല്യാണം നടത്തിയെന്നും പ്രചാരണമുണ്ട്‌. ജോലി തേടി നാടുവിട്ട ഇര്‍ഷാദ്‌ പല ജോലികളും ചെയ്‌തെങ്കിലും ഒരു മോഷണ വഴിയിലെത്തി.
12 സംസ്‌ഥാനങ്ങളില്‍ ഇയാള്‍ക്കെതിരേ മോഷണക്കേസുണ്ട്‌. പണക്കാരുടെ വീട്ടില്‍ മാത്രമേ കയറൂ. ഒരു സ്‌ക്രൂൈഡ്രവറിന്റെ സഹായം മാത്രം മതി മോഷണത്തിന്‌. ജോഷിയുടെ വീട്ടിലും ഈ സാമര്‍ത്ഥ്യം കാണാം. 2012 ല്‍ ജില്ലാ കൗണ്‍സിലിലേക്ക്‌ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീന്‍ മത്സരിച്ചു. അന്ന്‌ അമ്ബത്‌ ശതമാനത്തിലേറെ വോട്ട്‌ നേടിയാണ്‌ ജയിച്ചത്‌. ഭര്‍ത്താവിന്റെ മോഷണ മുതല്‍ വിറ്റു നടത്തിയ സന്നദ്ധ സേവനങ്ങളായിരുന്നു ഈ വിജയത്തിന്‌ ആധാരം.
കാറുകളില്‍ കറങ്ങി നടന്ന്‌ കവര്‍ച്ച നടത്തുന്ന സ്വഭാവമാണ്‌ ഇയാള്‍ക്ക്‌. ഗ്രാമങ്ങളില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതമനുഭവിക്കുന്ന പാവങ്ങളെ സഹായിക്കുന്നതിനുമായി മോഷ്‌ടിച്ച തുക ഉദാരമായി ചെലവഴിക്കും. ഇര്‍ഫാന്‍ ഒരു കോടി ചെലവഴിച്ച്‌ ഏഴ്‌ ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മിച്ചതായാണു വിവരം. നിരവധി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തി. ഒരു കാന്‍സര്‍ രോഗിക്ക്‌ 20 ലക്ഷം രൂപ സംഭാവന നല്‍കി, കൂടാതെ തന്റെ പ്രദേശത്തെ നിരവധി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസും നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular