Thursday, April 25, 2024
HomeUSAകരോൾട്ടൺ മാർത്തോമാ ചർച്ച് പാരിഷ് മിഷന്റെ സുവിശേഷ കൺവൻഷന് തുടക്കമായി

കരോൾട്ടൺ മാർത്തോമാ ചർച്ച് പാരിഷ് മിഷന്റെ സുവിശേഷ കൺവൻഷന് തുടക്കമായി

കരോൾട്ടൺ (ഡാലസ്) ∙ കുടുംബ ജീവിതത്തിന്റെ മഹാത്മ്യം വെളിപ്പെടേണ്ടത് അഗ്നിശ്രോതസിലൂടെ കടന്നു പോകുമ്പോൾ പൊള്ളലേൽക്കാതെ അതിനെ തരണം ചെയ്യുമ്പോൾ മാത്രമാണെന്ന് നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും വചനപണ്ഡിതനുമായ റവ. അജു അബ്രഹാം പറഞ്ഞു.

കരോൾട്ടൺ മാർത്തോമാ ചർച്ച് പാരിഷ് മിഷന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷ കൺവൻഷന്റെ പ്രാരംഭദിനമായ വെള്ളിയാഴ്ച ശമുവേൽ ഒന്നാം പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിന്റെ ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചു വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ക്കാനയും ഹന്നായും, പെനീനയും ഉൾപ്പെടുന്ന കുടുംബം അഭിമുഖീകരിച്ച പ്രശ്നങ്ങൾ തരണം ചെയ്യുവാൻ അവരെ പ്രാപ്തരാക്കിയത് ദൈവാലയവുമായുള്ള അവരുടെ സുദൃ‍ഢ ബന്ധമായിരുന്നുവെന്നും അച്ചൻ ചൂണ്ടികാട്ടി. ഇന്ന് എവിടെ നോക്കിയാലും കുടുംബ ബന്ധങ്ങളിൽ അസാധാരണ വിള്ളൽ അനുഭവപ്പെടുന്നതായി കാണുന്നു. ആത്മീക സ്പർശനം നഷ്ടപ്പെടുത്താതാണിതിന് പ്രധാന കാരണമെന്നും സജു അച്ചൻ പറഞ്ഞു. നമ്മുടെ ഓരോ കുടുംബങ്ങളിലും ദൈവിക മഹത്വം വെളിപ്പെടുമ്പോൾ പാരിഷ് മിഷന്റെ പ്രവർത്തനങ്ങൾ വിജയകരമായി എന്ന് നമ്മുക്ക് അവകാശപ്പെടാനാവൂ എന്നും അച്ചൻ ചൂണ്ടികാട്ടി.

സന്ധ്യാ നമസ്ക്കാരത്തിനുശേഷം മോൻ കുര്യന്റെ പ്രാർഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. ക്വയർ ലീഡർ ലൂക്കോസ് മത്തായിയുടെ നേതൃത്വത്തിൽ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഇടവക മിഷൻ വൈസ് പ്രസിഡന്റ് ഷാജി രാമപുരം സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി.  റവ. അജു അച്ചനുമായി മർത്തോമ സഭയുടെ മിഷൻ ഫീൽഡുകളിൽ നടത്തിയ പ്രവർത്തനങ്ങൾ അച്ചൻ അനുസ്മരിച്ചു. ഭദ്രാസന ഇടവക മിഷൻ സെക്രട്ടറി സാം അലക്സ്, സെന്ററ്‍ സെക്രട്ടറി സജി ജോർജ് എന്നിവരെ കൂടാതെ ഇതര ഇടവകകളിൽ നിന്നുള്ളവരും കൺവൻഷനിൽ സംബന്ധിച്ചിരുന്നു. ഇടവക മിഷൻ ശാഖാ സെക്രട്ടറി ഷെർലി അബ്രഹാം നന്ദി പറഞ്ഞു.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular