Saturday, July 27, 2024
HomeUSAഫലസ്തീന്റെ യു.എൻ അംഗത്വവീറ്റോക്ക് പിന്നാലെ ഇസ്രായേലിന് കോടികളുടെ ആയുധങ്ങള്‍

ഫലസ്തീന്റെ യു.എൻ അംഗത്വവീറ്റോക്ക് പിന്നാലെ ഇസ്രായേലിന് കോടികളുടെ ആയുധങ്ങള്‍

വാഷിങ്ടണ്‍: അടുത്തടുത്ത ദിവസങ്ങളില്‍ യു.എസ് ഭരണകൂടം നേരിട്ട് പങ്കാളിയായ രണ്ടു സംഭവങ്ങള്‍ ലോകം ഞെട്ടലോടെ വീക്ഷിച്ചവയാണ്.

ഫലസ്തീന് യു.എൻ സ്ഥിരാംഗത്വം നല്‍കാനുള്ള പ്രമേയം രക്ഷാസമിതിയില്‍ വോട്ടിങ്ങിനെത്തുന്നു. 15 അംഗ സമിതിയില്‍ വീറ്റോ അധികാരമുള്ള അഞ്ചും താല്‍ക്കാലികമായ 10ഉം അംഗങ്ങളില്‍ യു.എസ് മാത്രം എതിർത്തും 12 പേർ അനുകൂലിച്ചും വോട്ടുചെയ്യുന്നു.

രണ്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നു. 193 അംഗ യു.എന്നില്‍ 140 രാജ്യങ്ങളെങ്കിലും ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞതായതിനാല്‍ രക്ഷാസമിതി കടന്നാല്‍ അംഗത്വം ഉറപ്പായിരുന്നു. ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി ലോകം ഫലസ്തീനൊപ്പം നിന്നപ്പോള്‍ യു.എസ് ഒറ്റക്കുനിന്ന് ഇസ്രായേല്‍ ഇഷ്ടപ്പെടാത്തതൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

തൊട്ടുപിറ്റേന്ന് യു.എസ് പ്രതിനിധി സഭയില്‍ ഇസ്രായേല്‍, യുക്രെയ്ൻ, തായ്‍വാൻ രാജ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടികള്‍ വരുന്ന സൈനിക സഹായ പാക്കേജുകള്‍ ഒറ്റക്കൊറ്റക്ക് വോട്ടിങ്ങിനെത്തുന്നു. വോട്ടു രേഖപ്പെടുത്തുംമുമ്ബ് ജോ ബൈഡനെന്ന മധ്യേഷ്യയിലെ ‘സമാധാന ദൂതന്റെ’ വാക്കുകള്‍ ഇങ്ങനെ: ‘അടിയന്തര ഘട്ടത്തിലാണ് ഇത് സഭയിലെത്തുന്നത്. ഇറാനില്‍നിന്ന് ഇസ്രായേല്‍ സമാനതകളില്ലാത്ത ആക്രമണം നേരിടുന്നു.

യുക്രെയ്ൻ റഷ്യയുടെ നിരന്തര ബോംബിങ്ങിനും ഇരയാകുന്നു’. വോട്ടിങ് പൂർത്തിയാകുമ്ബോള്‍ ഇസ്രായേല്‍ പാക്കേജ് 58നെതിരെ 366 പേരുടെ പിന്തുണയോടെ പാസായി. അല്‍പം എതിർപ്പ് നേരിട്ട യുക്രെയ്ൻ പാക്കേജ് 112നെതിരെ 311 വോട്ടോടെയും സഭ കടന്നു. ആദ്യത്തേതില്‍ എതിരെ നിന്നത് ഡെമോക്രാറ്റുകളില്‍നിന്ന് 37 പേരും റിപ്പബ്ലിക്കൻ കക്ഷിയുടെ 21 പേരുമായിരുന്നെങ്കില്‍ യുക്രെയ്ന്റെത് 112ഉം റിപ്പബ്ലിക്കന്മാരായിരുന്നു. 34 ലക്ഷം കോടി ഡോളറിന്റെ ദേശീയകടവുമായി മല്ലിടുന്നതിനിടെയാണ് ഇസ്രായേലിന് രണ്ടുമാസം കഴിഞ്ഞ് പിന്നെയും യു.എസ് എണ്ണമറ്റ തുകയുടെ സൈനിക സഹായം ഒഴുക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ 34,000 പിന്നിട്ട് തുടരുകയാണ്. ഏറ്റവുമൊടുവില്‍ റഫയില്‍ ഒറ്റനാളില്‍ കൊന്നൊടുക്കിയ 22 പേരില്‍ 18 കുരുന്നുകളും മൂന്ന് സ്ത്രീകളുമായിരുന്നു.

RELATED ARTICLES

STORIES

Most Popular