Saturday, May 4, 2024
HomeUSAഇസ്രായേല്‍ സൈന്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക; അസംബന്ധമെന്ന് നെതന്യാഹു

ഇസ്രായേല്‍ സൈന്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക; അസംബന്ധമെന്ന് നെതന്യാഹു

വാഷിങ്ടണ്‍/ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രായേലി പ്രതിരോധസേനാ (ഐഡിഎഫ്) യൂണിറ്റായ നെറ്റ്സ യഹൂദയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക.

ഇതാദ്യമായാണ് ഇസ്രായേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.

അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇസ്രായേല്‍ രംഗത്തെത്തി. സേനാ യൂണിറ്റിനെ ഉപരോധിക്കാനുള്ള നീക്കം അസംബന്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്സില്‍ കുറിച്ചു.

ഇസ്രായേലിന്റെ സൈനികര്‍ ഭീകരന്മാരുമായി പോരാടുന്ന സമയത്ത് ഐഡിഎഫിലെ ഒരു യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അസംബന്ധമാണ്. ഞാന്‍ നയിക്കുന്ന സര്‍ക്കാര്‍ ഇതിനെതിരെ സാധ്യമായതെല്ലാം ചെയ്യും നെതന്യാഹു ഹീബ്രു ഭാഷയില്‍ എക്‌സില്‍ കുറിച്ചു.

ഐഡിഎഫ് യൂണിറ്റിനെ ഉപരോധിക്കുന്നത് പരിധികടന്നുള്ള നീക്കമാകുമെന്ന് ഇസ്രായേല്‍ ദേശസുരക്ഷാ വകുപ്പ് മന്ത്രിയുമായ ഇതാമിര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

പാലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതിനെ ഇസ്രായേലിനേക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഉപരോധമെന്നാണ് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലേല്‍ സ്മോട്രിച്ച്‌ പ്രതികരിച്ചത്. തീവ്ര യാഥാസ്ഥിതിക-വലതുവാദികളുടെ സൈനിക യൂണിറ്റാണ് നെറ്റ്സ യഹൂദ. പുരുഷന്മാര്‍ മാത്രമാണ് ഈ യൂണിറ്റിലുള്ളത്.

ഉപരോധമേര്‍പ്പെടുത്തിയാല്‍ നെറ്റ്സ യഹൂദയിലെ സൈനികര്‍ക്ക് അമേരിക്കന്‍ സേനയ്‌ക്കൊപ്പം പരിശീലനം നടത്താനോ അമേരിക്ക പണം നല്കി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാനോ കഴിയില്ല. അമേരിക്ക നല്കുന്ന ആയുധങ്ങള്‍ യൂണിറ്റിന് കൈമാറാനും സാധിക്കില്ല. പാലസ്തീനി-അമേരിക്കന്‍ പൗരനായ ഒമര്‍ അസദിന്റെ മരണം ഉള്‍പ്പെടെ പാലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച യൂണിറ്റാണ് നെറ്റ്സ യഹൂദ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular