Tuesday, May 28, 2024
HomeIndiaബി.ജെ.പി തോല്‍ക്കണം, മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കാരുത്; കേരളം ഇന്ന് പാപ്പരായി, യുവാക്കള്‍ രക്ഷപ്പെടുന്നു: എ.കെ. ആന്റണി

ബി.ജെ.പി തോല്‍ക്കണം, മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കാരുത്; കേരളം ഇന്ന് പാപ്പരായി, യുവാക്കള്‍ രക്ഷപ്പെടുന്നു: എ.കെ. ആന്റണി

തിരഞ്ഞെടുപ്പില്‍ കേന്ദ്ര-കേരള വികാരം ശക്തമാണെന്നു മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി വിലയിരുത്തുന്നു.

അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ‌വിശദമാക്കുന്നു. കോണ്‍ഗ്രസിനൊപ്പം ആന്റണി എക്കാലത്തും ചേർത്തു പിടിക്കുന്നതും സ്നേഹിക്കുന്നതും നെഹ്‌റു കുടുംബത്തെയാണ്. ആ സ്നേഹത്തിനു പിന്നിലെ കാരണങ്ങളും അദ്ദേഹം പറയുന്നു. ഇന്ദിര മുതല്‍ പ്രിയങ്ക വരെ ഉള്ളവരെ ഏറെ അടുത്തു കണ്ട വ്യക്തി എന്ന നിലയില്‍ എ.കെ.ആന്റണിയുടെ ആ നിരീക്ഷണങ്ങള്‍ക്ക് ഏറെ മൂല്യമുണ്ട്. തനിക്ക് എന്തായിരുന്നു കെ.കരുണാകരനും ഉമ്മൻചാണ്ടിയുമെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും പ്രവചിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.കെ.ആന്റണി നടത്തിയ അഭിമുഖം

എന്ത്കൊണ്ട് ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ തോക്കണം ? ലോകത്തു സവിശേഷമായ സ്ഥാനം ഇന്ത്യയ്ക്കുണ്ട്. ജാതി, മതം, വർഗം, വർണം, ഭാഷ, വസ്തം, ആചാരം തുടങ്ങിയവയില്‍ ഇത്രമാത്രം വൈവിധ്യമുളള ഒരു രാജ്യം ലോകത്തു വേറെയില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ഈ വൈവിധ്യമാണ്: നാനാത്വത്തില്‍ ഏകത്വം. ബിജെപിയെക്കുറിച്ചുള്ള ഏറ്റവും വലിയ ആക്ഷേപം ആ വൈവിധ്യം അവർ തകർക്കാൻ ശ്രമിക്കുന്നു എന്നതാണ്. അതോടെ ഇന്ത്യയുടെ ആന്തരിക ശക്തി തകരും. നാനാത്വത്തിനു പകരം ഏകത്വമാണ് ബിജെപിയുടെ ലക്ഷ്യം. അതു നാശത്തിനേ വഴിവയ്ക്കൂ.

ഭരണഘടനയാണ് ഈ രാജ്യത്തെ സംരക്ഷിക്കുന്നത് അതില്‍ ഒരിടത്തും മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കാമെന്നു പറഞ്ഞിട്ടില്ല. പൗരത്വം സംബന്ധിച്ച നിയമഭേദഗതികള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിലും മതം കടന്നുവന്നിട്ടില്ല. ബിജെപി ആ പാതകവും ചെയ്തു. വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാൻ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഹിന്ദുസ്ഥാനും പാടില്ല എന്ന വാദഗതി ശക്തമായിരുന്നു. എന്നാല്‍ ‘സാധ്യമല്ല’ എന്നു തീർത്തു പറഞ്ഞു ഗാന്ധിജി‌. എന്റെ ശവശരീരത്തിലൂടെ മാത്രമേ അതു നടപ്പില്‍ വരുത്താനാകൂ എന്നും പറഞ്ഞു.

ആർഎസ്‌എസ് തുടക്കം മുതലേ ഭരണഘടനയ്ക്ക് എതിരാണ്. അതിനെ ദുർബലപ്പടുത്താനുള്ള ശ്രമങ്ങള്‍ പല തവണ നടന്നു. ഒരിക്കല്‍ കൂടി ബിജെപി വന്നാല്‍ അവർ ഭരണഘടന പൊളിച്ചെഴുതും. അതു രാജ്യത്തിന് ആപത്താണ്. ജനാധിപത്യത്തിന് ആപത്താണ്. ‘ഇന്ത്യ’ മുന്നണി വന്നതോടെ ബിജെപിയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസം സംജാതമായി- ആന്റണി പറയുന്നു.

എന്ത് കൊണ്ട് നെഹ്റു കുടുംബത്തെ ചേർത്ത് പിടിക്കുന്നു എന്ന ചോദ്യത്തിന് മാനുഷികതയും സ്നേഹവുമാണ് ആ കുടുബത്തിന്റെ മുഖമുദ്ര എന്ന് ആന്റണി മറുപടി നല്‍കി. ഇന്ത്യയെ ഒന്നായേ അവർ കാണൂ. ജാതിയും മതവും അവർക്കു മുന്നിലില്ല. കോണ്‍ഗ്രസിന്റെ ആദർശങ്ങളുടെ ദീപശിഖ പാറിക്കുന്നത് നെഹ്റു കുടുംബമാണ്. കോണ്‍ഗ്രസില്‍ ഒട്ടേറെ തലമുറകള്‍ കടന്നു വന്നിട്ടുണ്ട്. ഞങ്ങളെപ്പോലെ കെഎസ്‌യുവിലൂം യൂത്ത് കോണ്‍ഗ്രസിലും കൂടി കടന്നു വന്നവരെ സംരക്ഷിക്കുകയും ഊർജം പകരുകയും ചെയ്തത് ഇന്ദിര ഗാന്ധിയാണ്. എന്നിട്ടും ഞങ്ങള്‍ അവരെ ഇടയ്ക്ക് ഉപേക്ഷിച്ചു പോയി. 1977ല്‍ പിളർപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ എടുത്ത നിലപാടിന്റെ പേരില്‍ അവരില്‍നിന്ന് അകന്നു പോയി. പക്ഷേ അങ്ങോട്ട് ആവശ്യപ്പെടാതെയും ഇങ്ങോട്ട് എതിർപ്പ് പറയാതെയും കോണ്‍ഗ്രസിലേക്ക് ഞങ്ങളെ തിരിച്ചെടുത്തത് ഇന്ദിര ഗാന്ധിയാണ്.

എന്തുകൊണ്ടാണ് ഇന്ദിര ഗാന്ധിയെ ഇങ്ങനെ അദരിക്കുന്നുവെന്ന ചോദ്യത്തിനും ആന്റണി മറുപടി നല്‍കി. 77 ലെ പിളർപ്പിന് ശേഷം ഒരു ദിവസം എന്നെ ഡല്‍ഹിക്കു വിളിപ്പിച്ചു. എറണാകുളത്തു താമസിക്കുമ്ബോള്‍ രാജീവ് ഗാന്ധിയുടെ ഫോണ്‍ വന്നു. എത്രയും വേഗം ഡല്‍ഹിയിലെത്താനായിരുന്നു നിർദേശം. ഇന്ദിര ഗാന്ധിയെ കണ്ടപ്പോള്‍ എന്നോട് അവർ എഐസിസി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ‘പുതുതായി വന്നവർ’ എന്ന മട്ടില്‍ ഞങ്ങളെ കോണ്‍ഗ്രസിലെ മഹാരഥന്മാർ കളിയാക്കുമ്ബോഴാണ് ഇന്ദിര ആ ഉദാരത പ്രകടിപ്പിച്ചത്. ഞങ്ങളോടെല്ലാംതന്നെ അവർ വലിയ കരുതല്‍ പ്രകടിപ്പിച്ചു. അവരോടുള്ള ആദരവും സ്നേഹവും അതോടെ ഇരട്ടിച്ചു. അത് ഒരു തരം ആരാധനാ മനോഭാവം തന്നെയായി മാറി.

രാജീവ് ഗാന്ധിയെ പോലെ മാന്യനും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയക്കാരനെ ഞാൻ കണ്ടിട്ടില്ല. പാർലമെന്റില്‍ ഒരിക്കല്‍ അടല്‍ബിഹാരി വാജ്പേയിയുടെ പ്രസംഗം കേട്ടിട്ട് രാജീവിന് എന്തോ പന്തികേട് തോന്നി. സാധാരണ സഭയെ ഇളക്കിമറിക്കുന്ന വാക്ധോരണിയാണ് വാജ്പേയിയുടേത്. ഇത്തവണ അല്‍പം ക്ഷീണിതനായി രാജീവിന് തോന്നി. എന്തു പറ്റിയെന്ന് അദ്ദേഹത്തിനോടു ചോദിച്ചു. വൃക്ക സംബന്ധമായ രോഗം വാജ്പേയിയെ ബാധിച്ചത് അപ്പോഴാണ് അറിയുന്നത്. വിദേശകാര്യ സെക്രട്ടറിയെ വിളിച്ച രാജീവ് ഉടനെ യുഎൻ സമ്മേളനത്തിന്റെ പ്രതിനിധി സംഘത്തില്‍ വാജ്പേയിയെ ഉള്‍പ്പെടുത്താൻ നിർദേശിച്ചു. ആ യാത്രയുടെ ഭാഗമായി വിദേശത്തു ചികിത്സ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വാജ്പേയി ആരോഗ്യം വീണ്ടെടുത്തു.

മാനുഷികതയായിരുന്നു രാജീവിന്റെ മുഖമുദ്ര. ഇന്ത്യ മുന്നണിയുടെ ഇന്നത്തെ താരപ്രചാരകൻ രാഹുല്‍ഗാന്ധിയാണ്. ജാഡകളില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന മനുഷ്യനാണ് രാഹുല്‍. കുട്ടികളെയും പാവപ്പെട്ടവരെയും അമ്മമാരെയും ഇതുപോലെ സ്നേഹിക്കുന്നവർ രാഷ്ട്രീയരംഗത്തു ചുരുക്കമാണ്. ആളുകളുമായി അദ്ദേഹം നേരിട്ടു സംവദിക്കും. ഭാരത് ജോഡോ യാത്രയോടെ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവായി മാറി ആന്റണി വിശദികരിച്ചു.

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിക്കപ്പെടുന്ന കേരളം ഇന്ന് പാപ്പരായി. ശമ്ബളവും പെൻഷനും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. ഓണത്തിനും വിഷുവിനും സപ്ലൈകോയില്‍ സാധനങ്ങളില്ല. ഈസ്റ്ററിനും പെരുന്നാളിനും 90% വീടുകളും കഷ്ടത്തിലായിരുന്നു. കാർഷിക മേഖല തകർന്നു. പരമ്ബരഗാത മേഖല പ്രശ്നങ്ങളിലാണ്. മലയോരത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. കാട് കേരളത്തില്‍ മാത്രമാണോ? നമ്മളേക്കാള്‍ വനപ്രദേശം കൂടുതല്‍ ഉള്ള അയല്‍ സംസ്ഥാനങ്ങള്‍ ഇല്ലേ? അവിടെയൊക്കെ ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ട്. പക്ഷേ ഇതുപോലെ തുടർച്ചയായി ഉണ്ടാകുന്നില്ലല്ലോ. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അവർ എടുത്ത ജാഗ്രത ഫലം കണ്ടെന്നാണ് അതു വ്യക്തമാക്കുന്നത്. പക്ഷേ കേരളം പരാജയപ്പെട്ടു.

വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാരുടെ ഒഴുക്ക് മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ഇല്ല. കിട്ടുന്ന അവസരത്തില്‍ അവർ രക്ഷപ്പെട്ടു പോകുകയാണ്. പ്ലസ്ടു പാസായാല്‍ ഉടനെ ഇവിടെനിന്നു കടക്കണമെന്ന വികാരമാണ് കുട്ടികളെ ഭരിക്കുന്നത്. വിദേശത്തേക്കു പോകുന്നവർ കുറച്ചു കഴിയുമ്ബോള്‍ അവരുടെ രക്ഷിതാക്കളെയും കൊണ്ടുപോകും. ഒടുവില്‍ കേരളം അന്യദേശ തൊഴിലാളികളുടെ നാടായി മാറും. ആ വിഭാഗത്തിലുളളവരെ വിലകുറച്ചു കൊണ്ടല്ല ഞാൻ പറയുന്നത്.

പക്ഷേ കേരളം കേരളമല്ലാതായി മാറും, മലയാളികളുടെ നാടല്ലതായി മാറും. ഈ അപകടത്തെക്കുറിച്ചൊന്നും ഈ സർക്കാർ പഠിക്കുന്നതേയില്ല. നേരത്തേ സിഡിഎസും മറ്റും ഇത്തരം പ്രവണതകള്‍ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സർക്കാർ തുടർ നടപടികളെടുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ അതിനൊന്നും ആർക്കും താല്‍പര്യമില്ല.ഇത്രമാത്രം തകർന്നിട്ടും ആഡംബരത്തിനു കുറവുണ്ടോ? കേരളം ഭരിച്ചിരുന്ന എല്ലാ സർക്കാരുകളും സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് ചെലവു ചുരുക്കല്‍ നടപടികളെടുത്തിട്ടുണ്ട്. അതു മന്ത്രിമാരിലും ഉദ്യോഗസ്ഥരിലും ആദ്യം തുടങ്ങും. പക്ഷേ ഇവിടെയോ? നേരെ തിരിച്ചാണ്. ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കാനാണ് പറയുന്നത്. ഇതെല്ലം സൃഷ്ടിച്ച ജനരോഷം രൂക്ഷമാണ്. എല്‍ഡിഎഫിനെ അനുകൂലിക്കുന്ന പാർട്ടികളുടെ അനുഭാവികളില്‍ ഒരു വിഭാഗം പോലും ഇക്കൂട്ടരെ പാഠം പഠിപ്പിക്കണമെന്ന തീരുമാനത്തിലാണ്. ആന്റണി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular