Saturday, May 4, 2024
HomeKeralaകരുവന്നൂര്‍: സി.പി.എം. നേതാക്കളെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും, അക്കൗണ്ട്‌ വിവരങ്ങള്‍ ആവശ്യപ്പെട്ടു

കരുവന്നൂര്‍: സി.പി.എം. നേതാക്കളെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും, അക്കൗണ്ട്‌ വിവരങ്ങള്‍ ആവശ്യപ്പെട്ടു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക്‌ കള്ളപ്പണ ഇടപാട്‌ കേസില്‍ സി.പി.എം. നേതാക്കളെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും.

സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്‌ എന്നിവരോട്‌ ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല.
തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ്‌ എം.എം. വര്‍ഗീസ്‌ അറിയിച്ചത്‌. പാര്‍ട്ടിയുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ കൊണ്ടുവരാനാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി 78 കോടി രൂപയുടെ ഇടപാട്‌ നടന്നുവെന്നാണ്‌ ഇ.ഡിയുടെ ആക്ഷേപം. ഇതിനൊപ്പം ബാങ്ക്‌ ഓഫ്‌ ഇന്ത്യ അക്കൗണ്ടുകള്‍ ഉള്‍പ്പടെ ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയിരുന്നു. ഇതിന്മേലും ഇ.ഡി. സിപി.എം. നേതാക്കളെ ചോദ്യം ചെയ്യും.
സി.പി.എമ്മിന്റെ ഇതര അക്കൗണ്ട്‌ വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്‌. സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം എ.സി. മൊയ്‌തീനെയും വൈകാതെ ചോദ്യം ചെയ്‌തേക്കും.
നേരത്തെ മൂന്നുവട്ടം പി.കെ. ബിജു ഇ.ഡിയുടെ മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ്‌ കുമാറുമായി പി.കെ. ബിജുവിനു പണമിടപാടുണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്‌ഥാനത്തിലാണു ചോദ്യം ചെയ്യല്‍.
നേരത്തെ എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്‌ത ദിവസം തന്നെ തൃശൂര്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ഇന്‍കംടാക്‌സ് ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുകയും സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ പരിശോധിക്കുകയും ചെയ്‌തിരുന്നു. 5.10 കോടി രൂപയുണ്ടായിരുന്ന അക്കൗണ്ട്‌ ആദായനികുതി വകുപ്പു മരവിപ്പിച്ചു. അക്കൗണ്ടില്‍നിന്ന്‌ ഒരു കോടി രൂപ ഏപ്രില്‍ രണ്ടിനു പിന്‍വലിച്ചിട്ടുണ്ടെന്ന്‌ ഇ.ഡി. കണ്ടെത്തിയിരുന്നു. പിന്‍വലിച്ച തുക ചെലവഴിക്കരുതെന്ന നിര്‍ദേശവും ആദായ നികുതി വകുപ്പ്‌ നല്‍കിയിരുന്നില്ല.
ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ഈ അക്കൗണ്ട്‌ ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ്‌ ഇ.ഡി. വാദം. ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച്‌ ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം.എം. വര്‍ഗീസിന്റെ പ്രതികരണം. ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചതിനെതിരേ സി.പി.എം. സംസ്‌ഥാന നേതൃത്വവും വിമര്‍ശനം ഉന്നയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular