Saturday, July 27, 2024
HomeIndiaഎന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; കോണ്‍ഗ്രസ് ഗൂഢാലോചനയുടെ...

എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; കോണ്‍ഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി

ടോങ്ക്: തന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ കഴിഞ്ഞ ദിവസം ഞാൻ രാജസ്ഥാനില്‍ എത്തിയപ്പോള്‍ ചില സത്യങ്ങള്‍ എന്റെ 90 സെക്കന്റ് പ്രസംഗത്തില്‍ രാജ്യത്തിന് മുമ്ബാകെ വച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ആകെ പരിഭ്രാന്തിയായി. നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രത്യേക ആള്‍ക്കാർക്ക് വിതരണം ചെയ്യാൻ കോണ്‍ഗ്രസ് ആഴത്തിലുള്ള ഗൂഢാലോചന നടത്തുകയാണന്ന സത്യമാണ് ഞാൻ രാജ്യത്തിന് മുമ്ബാകെ വച്ചത്. അവരുടെ വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയത്തെ ഞാൻ തുറന്നുകാട്ടി. ആവട്ടെ, കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സത്യത്തെ ഇത്രമേല്‍ ഭയക്കുന്നത്?, മോദി ടോങ്കിലെ പൊതുജന സമ്മേളനത്തില്‍ ചോദിച്ചു.

2014 ന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സർക്കാർ ആയിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്നും മോദി ചോദിച്ചു. ‘2014 ല്‍ രാജ്യത്തെ സേവിക്കാൻ മോദിയെ നിങ്ങള്‍ അനുവദിച്ചു. അതുവരെ ആരും സങ്കല്‍പ്പിക്കാത്ത തീരുമാനങ്ങള്‍ അതിന് ശേഷം രാജ്യമെടുത്തു. എന്നാല്‍, അന്ന് കോണ്‍ഗ്രസ് സർക്കാരായിരുന്നു അധികാരത്തില്‍ വന്നിരുന്നെങ്കിലോ? ഇന്നും ജമ്മു-കശ്മീരില്‍ നമ്മുടെ സൈനികർക്ക് നേരേ കല്ലേറ് തുടർന്നേനെ. കോണ്‍ഗ്രസായിരുന്നെങ്കില്‍, അതിർത്തി കടന്ന് ശത്രുക്കള്‍ എത്തിയേനെ. വണ്‍ റാങ്ക് വണ്‍ പെൻഷൻ നടപ്പിലാകുമായിരുന്നില്ല’, മോദി പറഞ്ഞു.

‘2004 ല്‍ കോണ്‍ഗ്രസ് സർക്കാർ രൂപീകരിച്ച ഉടൻ ആദ്യം ചെയ്തത് ആന്ധ്രപ്രദേശില്‍ എസ്‌സി എസ്ടി സംവരണം വെട്ടികുറച്ച്‌ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുകയായിരുന്നു. ആ പൈലറ്റ് പദ്ധതി രാജ്യമെമ്ബാടും നടപ്പാക്കണമെന്നുണ്ടായിരുന്നു. 2004 നും 2010 നും മധ്യേ ആന്ധ്രയില്‍ മുസ്ലിം സംവരണം നടപ്പാക്കാൻ കോണ്‍ഗ്രസ് നാലുവട്ടം ശ്രമിച്ചു. എന്നാല്‍ നിയമതടസ്സം കൊണ്ടും സുപ്രീം കോടതി ഇടപെടല്‍ കൊണ്ടും അത് നടപ്പാക്കാനായില്ല’, മോദി പറഞ്ഞു.

‘ ഭരണഘടന അതിന് പൂർണമായി എതിരാണ്. ദളിതർക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും ഗോത്രവർഗ്ഗക്കാർക്കും ബാബ സാഹേബ് നല്‍കിയ സംവരണത്തിനുള്ള അവകാശം കോണ്‍ഗ്രസ് ഇൻഡി സഖ്യത്തിന് മതാടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു. കോണ്‍ഗ്രസിന്റെ ഈ ഗൂഢാലോചനകള്‍ക്കിടയിലും മോദി ഉറപ്പുതരുന്നു, ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയും സംവരണം ഒരിക്കലും അവസാനിപ്പിക്കില്ല. മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും അനുവദിക്കില്ല. ഇത് മോദിയുടെ ഗ്യാരന്റിയാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, രാജ്യത്തിന്റെ സമ്ബത്ത് കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ തേടി. രാജസ്ഥാനിലെ ബൻസ്വാറില്‍ ഞായറാഴ്ച നടന്ന റാലിയിലാണ് മോദി വിവാദ പ്രസംഗം. ഒന്നരമണിക്കൂറോളം ദൈർഘ്യമുള്ള പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ നാളേക്കുള്ളില്‍ ഹാജരാക്കാനും, ഉള്ളടക്കം എഴുതി നല്‍കാനുമാണ് ബൻസ്വാർ ഇലക്‌ട്രല്‍ ഓഫീസർക്കുള്ള നിർദ്ദേശം. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് താക്കീത് നല്‍കാം, പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്യാം.

RELATED ARTICLES

STORIES

Most Popular