Monday, May 6, 2024
HomeIndiaപാക് കുതന്ത്രത്തിന് തിരിച്ചടി കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടാതെ ഇറാൻ

പാക് കുതന്ത്രത്തിന് തിരിച്ചടി കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടാതെ ഇറാൻ

ന്യൂഡല്‍ഹി: കാശ്‌മീർ വിഷയത്തില്‍ ഇറാന്റെ പിന്തുണ നേടാൻ വളഞ്ഞ വഴി പരീക്ഷിച്ച പാകിസ്ഥാന് തിരിച്ചടി. മൂന്നുദിവസത്തെ സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കാശ്‌മീർ വിഷയം എടുത്തിട്ടത്.

എന്നാല്‍, ഇന്ത്യയുമായി നല്ല സൗഹൃദത്തിലുള്ള ഇറാൻ പ്രസിഡന്റ് മൗനം പാലിച്ചു.

സംയുക്ത പത്രസമ്മേളനത്തില്‍ ഗാസ വിഷയം സംസാരിക്കുന്നതിനിടെ തന്ത്രത്തില്‍ ഷെഹ്ബാസ് ഷെരീഫ് ഗാസ വിഷയത്തെ കാശ്‌മീർ വിഷയവുമായി ബന്ധപ്പെടുത്തുകയും ഇറാന്റെ നിലപാടിന് നന്ദി അറിയിക്കുകയും ചെയ്‌തു. എന്നാല്‍ റൈസി കാ‌ശ്‌മീരിനെപ്പറ്റി പരാമർശിച്ചില്ല.

പാലസ്‌തീൻ വിഷയവും അടിച്ചമർത്തലിനെതിരെ പോരാടുന്നവരോടുള്ള ഇറാന്റെ പിന്തുണയെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. ഇതോടെ കാശ്‌മീർ വിഷയത്തില്‍ ഇറാന്റെ പിന്തുണ തേടിയുള്ള പാക് ശ്രമം പരാജയപ്പെട്ടു.

അതിനിടെ, ഇരുനേതാക്കളും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ആശയവിനിമയ ബന്ധങ്ങള്‍ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകള്‍ നടത്തി. ജനുവരിയില്‍ ഇറാനില്‍ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ ചെറിയ വിള്ളലുകള്‍ വീണിരുന്നു. സായുധ സംഘങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതായി പാകിസ്ഥാനും ഇറാനും പരസ്പരം ആരോപിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഇറാൻ അപ്രതീക്ഷിതമായി മിസൈലാക്രമണം നടത്തിയിരുന്നു. ഭീകര ഗ്രൂപ്പായ ജയ്ഷ് അല്‍ അദ്ല്‍നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഈ ആക്രമണത്തെ ഇന്ത്യ പിന്താങ്ങുകയും ചെയ്തു. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ മനസ്സിലാക്കാൻ സാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ജനത്തെ ഉന്നംവച്ച്‌ ഭീകരർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജമ്മു കാശ്‌മീരില്‍ ഏർപ്പെടുത്തിയിട്ടുള്ളത്. ആക്രമണം നടത്താനുള്ള പദ്ധതികളെല്ലാം സൈന്യം തകർത്തതോടെ പ്രദേശവാസികളെ ഉന്നം വയ്ക്കുകയാണ് ഭീകരർ. കഴിഞ്ഞ ദിവസമാണ് സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ (40) വെടിവച്ചുകൊന്നത്. ടെറിടോറിയല്‍ ആർമിയിലെ സൈനികനായ റസാഖിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനു പിന്നാലെ പാക് ഭീകരസംഘടനയായ ലഷ്‌കറിന്റെ നിഴലായി പ്രവർത്തിക്കുന്ന ദ റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്തു. നിങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള സമ്മാനമെന്നാണ് കൊലപാതകത്തെ അവർ വിശേഷിപ്പിച്ചത്. യു.എസ് നിർമ്മിത എം.4 റൈഫിളും പിസ്റ്റളുമാണ് ആക്രമണത്തിന് ഭീകരർ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുൻപാണ് ബീഹാർ സ്വദേശിയായ രാജാ ഷാ കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ടിന് ഷോപിയാൻ ജില്ലയില്‍ ഒരു കാർ ഡ്രൈവറും കൊല്ലപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular