Monday, May 6, 2024
HomeIndiaമുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക

മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക

ബെംഗളൂരു: കോണ്‍ഗ്രസ് ജനങ്ങളുടെ സമ്ബത്ത് പിടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പ്രിയങ്ക ഗാന്ധിയുടെ മറുപടി.

കോണ്‍ഗ്രസിന്റെ 50 കൊല്ലത്തെ ഭരണത്തില്‍ അത്തരം കാര്യങ്ങള്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിക്കുന്നു. താലിയുടെ കാര്യമാണ് മോദി ചോദിക്കുന്നു. തന്റെ അമ്മ സ്വന്തം താലി ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചവരാണ്.

തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി യുദ്ധ സമയത്ത് അവരുടെ സ്വര്‍ണം രാജ്യത്തിന് വേണ്ടി ദാനം ചെയ്തവരാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. ബെംഗളൂരുവില്‍ വെച്ചുള്ള കോണ്‍ഗ്രസ് പ്രചാരണത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി.. ഇന്ന് ടിവി ഓണ്‍ ചെയ്താല്‍ ജനങ്ങള്‍ കാണുന്നത് അവരുടെ ക്ഷേമത്തിനോ വികസനത്തിനോ വേണ്ട കാര്യങ്ങളല്ല. പകരം ഭ്രാന്തമായ കാര്യങ്ങളും ആവശ്യങ്ങളുമാണെന്നും പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി പറയുന്നു കോണ്‍ഗ്രസ് നിങ്ങളുടെ സ്വര്‍ണവും താലിമാലയും പിടിച്ചെടുത്ത് കൊണ്ടുപോകുമെന്ന്. ഈ രാജ്യം ഏഴ് വര്‍ഷത്തിലേറെയായി സ്വതന്ത്രമാണ്. കോണ്‍ഗ്രസ് 50 വര്‍ഷിലേറെ ഭരിച്ചു. ആരെങ്കിലും നിങ്ങളുടെ സ്വര്‍ണമോ താലിമാലയോ കൊള്ളയടിച്ചിട്ടുണ്ടോ? ഈ രാജ്യം യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഇന്ദിരാ ഗാന്ധി സ്വന്തം സ്വര്‍ണമാണ് രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത്.

എന്റെ അമ്മയുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. പ്രധാനമന്ത്രി പറയുന്നത് അവരുടെ പാര്‍ട്ടി 400 സീറ്റ് നേടിയാല്‍ ഭരണഘടന മാറ്റുമെന്നാണ്. ചില സമയത്ത് അദ്ദേഹം പറയുന്നത് അപമാനിക്കപ്പെടുന്നുവെന്നാണ്. അതല്ലെങ്കില്‍ മതത്തെ കുറിച്ച്‌ പറയും. നിങ്ങളിതൊക്കെ അര്‍ഹിക്കുന്നുണ്ടോ എന്നും പ്രിയങ്ക കാണികളോട് ചോദിച്ചു.

അതേസമയം പ്രധാനമന്ത്രിക്ക് താലിമാലയുടെ പ്രാധാന്യം എന്താണെന്ന് അറിയുമോ എന്നും പ്രിയങ്ക ചോദിച്ചു. മോദിക്ക് അതറിയുമായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറയുമായിരുന്നില്ല. രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍, സ്ത്രീകളുടെ സമ്ബാദ്യമാണ് അദ്ദേഹം കൊണ്ടുപോയത്. കര്‍ഷകരുടെ സമരത്തിന്റെ സമയത്ത് 600 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മോദി ആ വിധവകളുടെ താലിമാലയെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. അതേസമയം പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മറുപടി നല്‍കി. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ മോദി അവസാനിപ്പിക്കണം. സമയം തന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക എന്താണെന്ന് വിശദീകരിച്ച്‌ തരാമെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മുസ്ലീം ലീഗിന്റെ ചിന്താധാരയാണ് പ്രതിഫലിക്കുന്നതെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ വിശദീകരിച്ച്‌ തരാം. ഇത് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ഞങ്ങള്‍ എവിടെയാണ് പറയുന്നത്. എല്ലാവര്‍ക്കുമായിട്ടാണ് കാര്യങ്ങള്‍ ചെയ്യുക.

പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, അങ്ങനെ എല്ലാവര്‍ക്കുമുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. മോദി ഹിന്ദു-മുസ്ലീം വിഷയം ഉന്നയിച്ച്‌ കൊണ്ട് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോകം മുഴുവന്‍ സന്ദര്‍ശിച്ച മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular