Monday, May 6, 2024
HomeEntertainment51-ന്റെ നിറവില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ക്രിക്കറ്റ് ലോകത്തെ ദൈവത്തിന് പിറന്നാള്‍ വാഴ്‌ത്തുക്കള്‍

51-ന്റെ നിറവില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ക്രിക്കറ്റ് ലോകത്തെ ദൈവത്തിന് പിറന്നാള്‍ വാഴ്‌ത്തുക്കള്‍

51-ന്റെ നിറവില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ. ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് സച്ചിൻ ടെണ്ടുല്‍ക്കർ.

ഇന്ത്യൻ ക്രിക്കറ്റ് ലോകം എക്കാലവും അദ്ദേഹത്തിനൊടാപ്പം നിലകൊണ്ടു. വേദനകളില്‍ അദ്ദേഹത്തോടൊപ്പം തേങ്ങി..നേട്ടങ്ങളില്‍ ഒന്നിച്ച്‌ ആറാടി. ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ചുറികളുടെയും റെക്കോർഡുകള്‍ സ്വന്തമാക്കി സച്ചിൻ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി.

1973 ഏപ്രില്‍ 24-ന് മറാത്തി കവി രമേഷ് ടെണ്ടുല്‍ക്കറുടെയും രജനി ടെണ്ടുല്‍ക്കറുടെയും നാലാമത്തെ മകനായി മുംബൈയിലാണ് സച്ചിന്റെ ജനനം. 16-ാം വയസിലാണ് സച്ചിന്റെ ക്രിക്കറ്റ് പ്രയാണം ആരംഭിക്കുന്നത്. 1989 നവബംർ 15-ന് കറാച്ചിയില്‍ പാകിസ്താനെതിരെയാണ് തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തുന്നത്. അന്നത്തെ അതികായകൻമാർക്കിടയില്‍ സച്ചിനെന്ന ചെറുപ്പക്കാരൻ ബാറ്റുമേന്തി നില്‍ക്കുമ്ബോള്‍ ലോകം പ്രതീക്ഷിച്ചുകാണില്ല അതൊരു ബാറ്റിങ് ഇതിഹാസത്തിന്റെ കരിയറിന്റെ തുടക്കമാണെന്ന്.

ക്രിക്കറ്റ് പോലെ ദിവസം മുഴുവൻ കളിക്കളത്തില്‍ നില്‍ക്കേണ്ട, അത്രയും ശാരീരിക ക്ഷമതയും മന സാന്നിധ്യവും ആവശ്യപ്പെടുന്ന സ്‌പോർട്‌സില്‍ 24 വർഷത്തോളം നിലകൊള്ളാൻ സച്ചിനല്ലാതെ മറ്റാർക്ക് സാധിക്കും. 200 ടെസ്റ്റ് മത്സരങ്ങള്‍, 53.78 ശരാശരിയില്‍ 15921 റണ്‍സും 46 വിക്കറ്റും. ഇതില്‍ 51 സെഞ്ച്വറിയും 68 അർധ സെഞ്ച്വറിയും. 463 ഏകദിനത്തില്‍ നിന്ന് 44.83 ശരാശരിയില്‍ 49 സെഞ്ച്വറിയും 96 അർധ സെഞ്ച്വറിയും ഉള്‍പ്പെടെ 18426 റണ്‍സും 154 വിക്കറ്റും.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച്‌ 16-ന് ധാക്കയിലെ മിർപ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ല്‍ സച്ചിൻ ലോക കപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 463 ഏകദിന മത്സരങ്ങളിലായി 18426 റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്.

17,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് .2009 നവംബർ 5ന് ഹൈദരാബാദില്‍ വെച്ച്‌ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്ബരയിലെ മത്സരത്തില്‍, 17000 റണ്‍സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ല്‍ സച്ചിൻ നേടുകയുണ്ടായി.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും സച്ചിനാണ്. ക്രിക്കറ്റിന് പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവില്‍ ഇന്ത്യൻ പാർലമെന്റില്‍ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.

രമാകാന്ത് അച്ഛരേക്കർ എന്ന പരിശീലകനാണ് സച്ചിനിലെ ക്രിക്കറ്റ് താരത്തിന്റെ സൃഷ്ടാവ്. പേസ് ബൗളറാകാൻ ആഗ്രഹിച്ച്‌ എംആർഎഫ് പേസ് ഫൗണ്ടേഷനില്‍ ഡെന്നിസ് ലില്ലിക്ക് കീഴില്‍ പരിശീലിക്കാൻ പോയ സച്ചിനിലെ ബാറ്റിങ് പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് രമാകാന്തായിരുന്നു. സച്ചിന്റെ കരിയറിനായി തന്റെ ക്രിക്കറ്റ് ജീവിതം ത്വജിച്ച്‌ കൂടെനിന്ന ജ്യേഷ്ഠ സഹോദരനായ അജിത് ടെണ്ടുല്‍ക്കറിനും ക്രിക്കറ്റ് ലോകം നന്ദി പറയുന്നു.

ഭാരതീയന് അഭിമാനിക്കാൻ അത്രയേറെ അവസരങ്ങള്‍ സച്ചിൻ നല്‍കിയിട്ടുണ്ട്. 2012 ഡിസംബർ 23-നായിരുന്നു സച്ചിൻ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എതിരാളികള്‍ പോലും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സച്ചിൻ തന്റെ സൗമ്യ സ്വഭാവം കൊണ്ടാണ് മറ്റാരെക്കാളും ആരാധകർക്ക് പ്രിയങ്കരനാവുന്നത്. ക്രിക്കറ്റില്‍ സച്ചിൻ വെട്ടിത്തുറന്നു നല്‍കിയ പാതയിലൂടെയാണ് യുവതാരങ്ങള്‍ മുന്നോട്ട് നടന്നത്. പകരം വെക്കാനില്ലാത്ത വിസ്മയമായി ഇന്ത്യയുടെ അഭിമാന താരകമായി ലോകത്തിന്റെ നെറുകയില്‍ സച്ചിനെന്ന പ്രതിഭാസം തലയുയർത്തിത്തന്നെ നിലകൊള്ളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular