Sunday, May 5, 2024
HomeIndiaസമ്ബത്ത് പുനര്‍വിതരണം: പിത്രോദയുടെ പ്രസ്താവന ആയുധമാക്കി ബിജെപി, പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോണ്‍ഗ്രസ്

സമ്ബത്ത് പുനര്‍വിതരണം: പിത്രോദയുടെ പ്രസ്താവന ആയുധമാക്കി ബിജെപി, പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സമ്ബത്തിൻറെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങള്‍ പ്രചാരണായുധമാക്കി ബി.ജെ.പി.

ന്യൂസ് ഏജൻസിയായ എ.എൻ.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സിനേക്കുറിച്ച്‌ നടത്തിയ പരാമർശമാണ് കോണ്‍ഗ്രസിനെതിരേ ബി.ജെ.പി. ആയുധമാക്കിയിരിക്കുന്നത്.

സമ്ബത്ത് പുനർവിതരണം സംബന്ധിച്ച്‌ കോണ്‍ഗ്രസിൻറെ പ്രകടനപത്രികയിലെ പരാമർശം ചൂണ്ടിക്കാട്ടി മോദി നടത്തിയ വിദ്വേഷ പരാമർശത്തിൻറെ പശ്ചാത്തലത്തിലായിരുന്നു പിത്രോദയുടെ വിശദീകരണം. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തേക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ട് വിഷയത്തില്‍ കോണ്‍ഗ്രസിൻറെ നിലപാട് വിശദീകരിക്കാനായിരുന്നു പിത്രോദയുടെ ശ്രമം.

‘ഇൻഹെറിറ്റൻസ് ടാക്സ് നയമനുസരിച്ച്‌ നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ 45 ശതമാനം സമ്ബത്ത് മാത്രമാണ് അനന്തരവകാശികള്‍ക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോള്‍ നിങ്ങള്‍ മടങ്ങുകയാണ്. നിങ്ങളുടെ സമ്ബത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എൻറെ അഭിപ്രായം’, പിത്രോദ പറഞ്ഞു.

‘എന്നാല്‍, ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്നങ്ങള്‍ ജനം ചർച്ചചെയ്യേണ്ടതുണ്ട്. സമ്ബത്തിന്റെ പുനർവിതരണത്തേക്കുറിച്ച്‌ ചർച്ചചെയ്യുമ്ബോള്‍ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്ബന്നരുടെയല്ല, ജനങ്ങളുടെ താല്‍പര്യത്തെ മുൻനിർത്തിയുള്ളതായിരിക്കും’, അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനു പിന്നാലെ സാം പിത്രോദയുടെ പരാമർശം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ബിജെപി രംഗത്തെത്തി. പിത്രോദയുടെ പരാമർശത്തോടെ കോണ്‍ഗ്രസ് പൂർണമായും തുറന്നുകാട്ടപ്പെട്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ആരോപിച്ചു.

സമ്ബത്ത് തട്ടിപ്പറിക്കുന്നവരെ വോട്ടർമാർ തിരിച്ചറിയണമെന്ന് ബിജെപി വക്താവ് ജയ്വീർ ഷെർഗില്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ നിങ്ങളുടെ പണവും സമ്ബത്തും സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് രാജ്യത്തെ തകർക്കുന്നുവെന്നാരോപിച്ച്‌ ബിജെപി ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തെത്തി.

പിത്രോദയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാകുക എന്ന് ഖാർഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാൻ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിത്രോദയുടെ ആശയങ്ങള്‍ ഞങ്ങളുടെ വായില്‍ തിരുകുന്നതെന്നും ഖാർഗെ ചോദിച്ചു.

തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സാം പിത്രോദ പ്രതികരിച്ചു. ‘അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ തുറന്നുകാട്ടുന്നതിനെ വഴിതിരിച്ചുവിടാൻ ഗോദി മീഡിയ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു’, അദ്ദേഹം പറഞ്ഞു. മംഗള്‍ സൂത്രയും സ്വർണവും കട്ടെടുക്കും എന്ന പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

അധികാരത്തിലെത്തിയാല്‍ സമൂഹത്തിലെ അസമത്വം മറികടക്കാനായി സാമ്ബത്തിക നയങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനവും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ 2006-ലെ പ്രസംഗവും ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെന്നും അതിനർഥം അവർ സ്വത്തുക്കള്‍ കൂടുതല്‍ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണംചെയ്യുമെന്നാണെന്നുമായിരുന്നു മോദി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular