Friday, April 19, 2024
HomeIndiaസമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് തന്റെ സർക്കാർ മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു തൊട്ടടുത്ത ദിവസമാണ് ചന്ദ്രശേഖർ റാവുവിന്റെ പ്രഖ്യാപനം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും സമരം നടത്തുന്ന കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കാര്‍ഷികോത്പന്ന വ്യാപാര, വിപണന (പ്രോത്സാഹനവും സുഗമമാക്കലും) നിയമം 2020, വില ഉറപ്പാക്കലും കാര്‍ഷിക സേവനവും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) കരാര്‍ നിയമം 2020, അവശ്യ വസ്തു (ഭേദഗതി) നിയമം 2020 എന്നീ മൂന്നു വിവാദ നിയമങ്ങൾ പിൻവലിക്കുന്നതായി ഗുരുനാനാക്ക് ജയന്തി ദിനമായ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം നവംബർ 25 മുതലാണ് സമരം ആരംഭിച്ചത്. പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്.

ടിആർഎസ് വർക്കിംഗ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു ട്വീറ്ററിലൂടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular