Wednesday, April 24, 2024
HomeIndiaക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാന്‍ ബില്‍; ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാന്‍ ബില്‍; ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാനായി ‘ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021’ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നവംബർ 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലായിരിക്കും ബില്‍ അവതിപ്പിക്കുക.

സമ്മേളനത്തിൽ കേന്ദ്രം 26 പുതിയ ബില്ലുകൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. ആകെ 29 ബില്ലുകളാണ് ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നിരുന്നാലും ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ചില കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.

സർക്കാർ പുരോഗമനപരമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അനിയന്ത്രിതമായ ക്രിപ്‌റ്റോ മാർക്കറ്റ് കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും കാരണമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മൂന്ന് ദിവസത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ക്രിപ്‌റ്റോകറൻസികളെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്രിപ്റ്റൊകര്‍ന്‍സിയുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങളില്‍ ഗൗരവമേറിയതായ ചര്‍ച്ചകള്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം ഒരു ബാങ്കിംഗ് കോൺക്ലേവിൽ പറഞ്ഞിരുന്നു.

ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വ്യവസായ എക്സിക്യൂട്ടീവുകൾ നവംബര്‍ 15 ന് യോഗം ചേര്‍ന്നിരുന്നു. നിരവധി അംഗങ്ങൾ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളെ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുകയും അത് നിരോധിക്കുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തിൽ കമ്മിറ്റി ഇതുവരെ ഒരു നിലപാടും രൂപീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയും കമ്മിറ്റി അംഗങ്ങള്‍ പങ്കുവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular