Sunday, May 19, 2024
HomeIndia'സംവരണത്തിന്റെ 50 ശതമാനം പരിധി ഒഴിവാക്കും, ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം'; രാഹുൽ ഗാന്ധി

‘സംവരണത്തിന്റെ 50 ശതമാനം പരിധി ഒഴിവാക്കും, ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം’; രാഹുൽ ഗാന്ധി

ഇൻഡോർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നിർദേശിച്ച 50 ശതമാനം സംവരണം എടുത്തുമാറ്റുമെന്ന പറഞ്ഞ രാഹുൽ, ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ദരിദ്രർക്കും ആവശ്യമായ സംവരണം തങ്ങൾ നൽകുമെന്നും ചൂണ്ടിക്കാണിച്ചു.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അടുത്തിടെയാണ് രാഹുൽ തന്റെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ അദ്ദേഹം സജീവമാവുന്നത്. നിലവിൽ സംവരണ വിഷയവുമായി ബന്ധപ്പെട്ട ബിജെപി-കോൺഗ്രസ് പോര് തുടരുന്നതിനിടെയാണ് രാഹുൽ ഇക്കാര്യം സൂചിപ്പിച്ചത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള ശ്രമം ആണെന്നും ബിജെപിയും ആർഎസ്എസും അതിനെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നുവെന്നും ഞങ്ങൾ അതിനെ എതിർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിനും കാടിനും ഭൂമിക്കുമുള്ള നമ്മുടെ അവകാശം പിടിച്ചെടുക്കാനാണ് അവരുടെ ശ്രമമെന്നും രാഹുൽ ആരോപിച്ചു. എന്നാൽ അവരെ തടയുമെന്ന പറഞ്ഞ അദ്ദേഹം ഭരണഘടന ഉള്ളത് കൊണ്ടാണ് പൊതുമേഖലയും സംവരണവും ആരോഗ്യ പദ്ധതികളൂം ഒക്കെ ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസികൾക്കും പിന്നാക്കക്കാർക്കും ദലിതർക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങളോടും നാം ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു.

കോൺഗ്രസ് സംവരണം എടുത്തുമാറ്റുക അല്ല വർധിപ്പിക്കുകയാണ് ചെയ്യുകയെന്നതാണ് കഴിഞ്ഞ ദിവസത്തെ ബിജെപി നേതാക്കളുടെ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ‘സംവരണം എടുത്തുകളയുമെന്ന് അവരുടെ നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നു… എന്നാൽ ഞങ്ങൾ സംവരണം 50ശതമാനത്തിൽ നിന്ന് കൂടുതൽ ഉയർത്തും. കോടതി നടപ്പാക്കിയ 50 ശതമാനം പരിധി ഞങ്ങൾ നീക്കം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, സംവരണ വിഷയവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ തുടരുകയാണ്. ഇനി വോട്ടെടുപ്പ് നടക്കാനുള്ള ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടെ വിഷയം കാര്യമായി സ്വാധീനിക്കും എന്നുറപ്പുള്ളത് കൊണ്ടാണ്വീണ്ടും കോൺഗ്രസും ബിജെപിയെയും സംവരണ വിഷയത്തിൽ മുറുകെ പിടിച്ചിരിക്കുന്നത്.

കോൺഗ്രസ് എസ്‌സി, എസ്‌ടി സംവരണം എടുത്തുമാറ്റുമെന്നും ഇതിലൂടെ മുസ്ലിങ്ങൾക്ക് കൂടുതൽ സംവരണം നൽകുമെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെയും ശക്തമായ ഭാഷയിൽ തിരിച്ചടിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരാമർശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular