Thursday, July 18, 2024
HomeIndia12 മണിക്കൂർ, 6 നോട്ടെണ്ണൽ യന്ത്രങ്ങൾ, എണ്ണിതീർത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍...

12 മണിക്കൂർ, 6 നോട്ടെണ്ണൽ യന്ത്രങ്ങൾ, എണ്ണിതീർത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകൂമ്പാരം

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 70കാരനായ അലംഗീര്‍ ആലം ജാര്‍ഖണ്ഡിലെ പാകൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഒരു മുറിയില്‍ നിറയെ നോട്ടു കെട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ  വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 12 മണിക്കൂറുകൊണ്ട് 6 നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നോട്ടുകെട്ടുകൾ എണ്ണിയത്.

കഴിഞ്ഞ വര്‍ഷം ഇഡി അറസ്റ്റ് ചെയ്ത ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര കെ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. 100 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച കേസില്‍ പ്രതിയാണ് വിരേന്ദ്ര കെ റാം. ചില പദ്ധതികള്‍ നടപ്പിലാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കന്‍ കേസില്‍ 2023 ഫെബ്രുവരിയിലാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ചില രാഷ്ട്രീയക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെത് സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘‘30 കോടി രൂപയിലധികം കണ്ടെത്തി കഴിഞ്ഞു. ഇപ്പോഴും പണം എണ്ണിക്കൊണ്ടിരിക്കുകയാണ്. സഞ്ജീവിനെതിരേ ഇഡി വലിയ നടപടി സ്വീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവും ജാര്‍ഖണ്ഡിലെ അഴിമതിയുടെ രാജാവായ ഹേമന്ത് സര്‍ക്കാരിലെ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണ് സഞ്ജീവ്,’’ വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെത് പറഞ്ഞു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും റാഞ്ചിയില്‍ നടന്ന ഇഡി റെയ്ഡുകളെക്കുറിച്ച് പ്രതികരിച്ചു. ‘‘അവരെല്ലാം കൊള്ളക്കാരാണ്. ലാലു പ്രസാദ് യാദവിന്റെയോ ഷിബു സോറന്റെയോ കുടുംബമായാലും രാജ്യം കൊള്ളയടിക്കുക എന്ന ജോലിയാണ് അവര്‍ ചെയ്തത്. ഇത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ ഉറപ്പായും അവര്‍ക്ക് വേദനിക്കും’’, അദ്ദേഹം പറഞ്ഞു.

ഇഡി റെയ്ഡുകള്‍ നടത്തുന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അലംഗീര്‍ ആരം പറഞ്ഞു. ടിവിയിലൂടെ ഞാന്‍ വിവരമറിഞ്ഞു. സര്‍ക്കാര്‍ എനിക്ക് നല്‍കിയ ഔദ്യോഗിക പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നതായി അലംഗീറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
‘സഞ്ജീവ് ലാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. അദ്ദേഹം എന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണ്. സഞ്ജീവ് ലാല്‍ ഇതിനോടകം രണ്ട് മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സാധാരണയായി പേഴ്‌സണല്‍ സെക്രട്ടറിയെ നിയമിക്കുന്നത്. ഇഡി അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് റെയ്ഡുകളെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല…’ ആലംഗീര്‍ ആലം പറഞ്ഞു.

ഒഡീഷയിലെ നബരംഗ്പുരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചു. ‘‘ജാര്‍ഖണ്ഡില്‍ വലിയ പണക്കൂമ്പാരങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മോദി അഴിമതിക്കെതിരേ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്,’’ പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular