Saturday, December 4, 2021
HomeUSA'2021 എക്കോ ചാരിറ്റി അവാര്‍ഡ്' ജോണ്‍ മാത്യുവിന്

‘2021 എക്കോ ചാരിറ്റി അവാര്‍ഡ്’ ജോണ്‍ മാത്യുവിന്

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘എക്കോ’ എന്ന സംഘടനയുടെ (ECHO – Enhance Community through Harmonious Outreach) 2021 ലെ  എക്കോ ചാരിറ്റി അവാര്‍ഡിന്   ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന  ജോണ്‍ മാത്യു  (ജോ)  അര്‍ഹനായി. ജെറിക്കോയിലുള്ള  കൊട്ടിലിയന്‍ ഹോട്ടലില്‍ വച്ച് ഡിസംബര്‍ 4 ശനിയാഴ്ച വൈകിട്ട്  6 മുതല്‍  നടത്തപ്പെടുന്ന  എക്കോ വാര്‍ഷിക ആഘോഷത്തില്‍ ഈ അവാര്‍ഡ് ജോണിന് സമ്മാനിക്കുന്നതാണ്.
ലോങ്ങ് ഐലന്‍ഡ് എന്‍. വൈ . യു . ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്‌റ്  ആയ  ജോണ്‍ മാത്യു  സ്വന്തം വരുമാനത്തില്‍ നിന്നും തുക ചെലവഴിച്ചു്  ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി കേരളത്തില്‍ ചെയ്തു വരുന്നത്.  വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് ആഗ്രഹിക്കുന്ന ജോ തനിയെ  ചെയ്യുന്ന കാരുണ്യ  പ്രവര്‍ത്തനങ്ങള്‍  കൊട്ടിഘോഷിക്കുന്നതിനോ അതിലൂടെ പ്രശസ്തി നേടുന്നതിനോ താല്പര്യപ്പെടുന്നില്ല.
‘എന്നാലാകുന്ന സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്നതിന് മാത്രമാണ് ഞാന്‍ ചിലരെ സഹായിക്കുന്നത്.  മറ്റുള്ളവരുടെ മുന്നില്‍ പ്രശസ്തി നേടുന്നതിനോ ഷോ കാണിക്കുന്നതിനോ ഒന്നുമല്ല ഞാനിതു ചെയ്യുന്നത്.  ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന മനസ്ഥിതി ചെറുപ്പം മുതല്‍ക്കേ ഉള്ളതുകൊണ്ട് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ചെറിയ സഹായങ്ങള്‍ ചെയ്യണം എന്നത് മനസാക്ഷി അനുസരിച്ചു ചെയ്യുന്നുവെന്നേയുള്ളു. സഹായത്തിനു അര്‍ഹതയുള്ളവരാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം നാട്ടിലുള്ള എന്റെ സഹോദരി വഴി ഞാന്‍ സഹായം എത്തിച്ചു നല്‍കുന്നു. എന്റെ പ്രവത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം എന്ന് മാത്രമേ ഈ അവാര്‍ഡ് സ്വീകരിക്കുന്നതിലൂടെ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ   എന്റെ ഈ പ്രവര്‍ത്തനം മാതൃകയാക്കി കൂടുതല്‍ പേരിലൂടെ അര്‍ഹിക്കുന്നവര്‍ക്ക്  സഹായം ലഭിക്കട്ടെ എന്ന് താല്പര്യപ്പെടുന്നു.’   അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ ജോ പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍  അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികള്‍ക്കും ഭവന  നിര്‍മാണ  സഹായമായി ഒന്‍പതു ലക്ഷത്തോളം രൂപ ജോ നല്‍കി. നാട്ടില്‍ അപ്പ്ഹോള്‍സറി  വര്‍ക്ക് നടത്തുന്ന ഒരു വ്യക്തിയ്ക്ക് അപകടം സംഭവിച്ചപ്പോള്‍ കാലിനു സര്‍ജ്ജറി നടത്തുന്നതിനും മറ്റൊരാള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട്  സര്‍ജ്ജറി നടത്തുന്നതിനും നിര്‍ധനയായ ഒരു പെണ്‍കുട്ടിക്ക് ആയുര്‍വേദ മെഡിസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍  വിദ്യാഭ്യാസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും മറ്റൊരു വ്യക്തിക്ക് ജീവിത മാര്‍ഗത്തിനായി  ഒരു  തട്ടു കട   നിര്‍മിച്ചു നല്‍കുന്നതിനും ഇതിനോടകം  ദൈവാനുഗ്രഹത്താല്‍ സാധിച്ചു.  മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിര്‍ധനരായ പെണ്കുട്ടികള്‍ക്ക്  വിവാഹ സഹായം നല്‍കുന്നതിനും സാധിച്ചു.
2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ എത്തിക്കുന്നതിനും ആ സമയങ്ങളില്‍ സാധിച്ചു.  കോവിഡ് കാലത്തു  ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുന്നതിനു നിര്ധനയായ ഒരു വിദ്യാര്‍ഥിനിക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയതും ധാരാളം സഹായങ്ങള്‍ നല്കിയതില്‍ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന നന്മകള്‍ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക്കൂടി പങ്കു വെയ്ക്കണം എന്ന താല്പര്യമാണ് തന്നെ ഈ പ്രവര്‍ത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓര്‍മ്മിച്ചു. പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ  ജോണ്‍  മാത്യു  ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കില്‍ താമസമാണ്. രണ്ടു ആണ്‍മക്കള്‍ വിവാഹിതരാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular