Monday, May 20, 2024
HomeIndiaകോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ വിവാദ വീഡിയോ; നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച്‌ കര്‍ണാടക പോലീസ്

കോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ വിവാദ വീഡിയോ; നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച്‌ കര്‍ണാടക പോലീസ്

ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനത്തിന് ശ്രമിക്കുന്നതായി ആരോപിച്ച്‌ ബി.ജെ.പി. കർണാടക ഘടകം എക്സില്‍ (ട്വിറ്റർ) പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ട് ബി.ജെ.പി.

ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച്‌ കർണാടക പോലീസ്. ബി.ജെ.പിയുടെ കർണാടക ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട് പോലീസ് സ്റ്റേഷനില്‍ ഫയല്‍ചെയ്ത എഫ്.ഐ.ആറില്‍ ജെ.പി. നഡ്ഡയുടെയും അമിത് മാളവ്യയുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇരുവർക്കും ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

വിവാദ വീഡിയോ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച എക്സ് അധികൃതർക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് പാർട്ടി മുസ്ലിം പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നും പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോണ്‍ഗ്രസ് അട്ടിമറിയിലൂടെ മുസ്ലിങ്ങള്‍ക്ക് നല്‍കുന്നെന്നുമായിരുന്നു ബി.ജെ.പി. എക്സില്‍ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.

കോണ്‍ഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നുകാണിച്ച്‌ കർണാടക കോണ്‍ഗ്രസ് ലീഗല്‍ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കർണാടകയിലെ ബി.ജെ.പി. നേതാവ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരെ നല്‍കിയ പരാതിയില്‍ വീഡിയോയിലൂടെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സ്പർധയും വളർത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് രമേഷ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിക്ക് പിന്നാലെയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെ കർണാടക പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ, വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ് എന്ന് കാണിച്ച്‌ അത് നീക്കംചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അവർ വീഡിയോ നീക്കംചെയ്യാതെ വന്നതോടെയാണ് ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച്‌ എക്സിന് ഔദ്യോഗികമായി കത്തയച്ചത്. ശനിയാഴ്ചയാണ് 17-സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ബി.ജെ.പി. കർണാടക ഘടകം എക്സില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങള്‍ക്ക് വലിയ രീതിയില്‍ ഫണ്ട് നല്‍കുന്നതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകള്‍ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടില്‍ നിക്ഷേപിക്കുന്നു. പക്ഷിക്കൂട്ടില്‍ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ട് നല്‍കുന്നു. മറ്റുള്ള പക്ഷികള്‍ അത് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കത് നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular