Monday, May 20, 2024
HomeKeralaബ്രത്ത് അനലൈസര്‍ ടെസ്റ്റ് പേടിച്ച്‌ ഡ്രൈവര്‍മാര്‍ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി, ഒരുലക്ഷം രൂപയോളം...

ബ്രത്ത് അനലൈസര്‍ ടെസ്റ്റ് പേടിച്ച്‌ ഡ്രൈവര്‍മാര്‍ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി, ഒരുലക്ഷം രൂപയോളം നഷ്ടം

വെഞ്ഞാറമൂട്: ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന ഡ്രൈവർമാർ മുങ്ങിയതിനാല്‍ വെഞ്ഞാറമൂട് ഡിപ്പോയില്‍ മുടങ്ങിയത് നിരവധി സർവീസുകള്‍.

മികച്ച വരുമാനം ലഭിക്കുന്ന ബൈപ്പാസ് സർവീസുകള്‍ ഉള്‍പ്പടെ ആറുസർവീസുകളാണ് മുടങ്ങിയത്. അതിനാല്‍ വരുമാനത്തില്‍ ഒരുലക്ഷം രൂപയോളം കുറയുമെന്നാണ് ഡിപ്പോ അധികൃതർ കേരള കൗമുദി ഓണ്‍ലൈനോട് പറഞ്ഞത്. നിലവില്‍ പത്ത് ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ് ഇന്ന് ആറ് ഡ്രൈവർമാർ അനധികൃതമായി മുങ്ങിയത്. ഇവർക്ക് ലീവ് മാർക്കുചെയ്യുകയും .മേലധികാരികള്‍ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ അറിയിക്കുന്നത്. ജില്ലയിലെ തന്നെ മികച്ച വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് വെഞ്ഞാറമൂട്.

ഇന്ന് രാവിലെയാണ് പരിശോധനയ്ക്ക് അധികൃതർ എത്തിയത്. ഫോണ്‍വഴിയും മറ്റും വിവരം അറിഞ്ഞതോടെ ഡ്യൂട്ടിക്ക് എത്താതെ ഡ്രൈവർമാർ മുങ്ങുകയായിരുന്നു. പരിശോധനയില്‍ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് കരുതുന്നത്. പരിശോധനയ്ക്ക് വിധേയനായ ഒരാള്‍ പരാജയപ്പെട്ടെന്നും അറിയുന്നുണ്ട്.

അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയില്‍ മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറി‌ഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ14 സർവീസുകളാണ് രാവിലെ മുടങ്ങിയത്. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകള്‍ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്‌ആർടിസി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. നിരവധി പേരാണ് ഇതില്‍ പിടിയിലാവുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular