Wednesday, April 24, 2024
HomeKerala'അസത്യവും അര്‍ധസത്യവും പ്ലേറ്റിലാക്കി വിളമ്പരുത്'; ഹലാൽ വിവാദത്തിൽ കെ.ടി ജലീൽ; 20 ദിവസത്തെ ഫേസ്ബുക്ക് വിലക്ക്...

‘അസത്യവും അര്‍ധസത്യവും പ്ലേറ്റിലാക്കി വിളമ്പരുത്’; ഹലാൽ വിവാദത്തിൽ കെ.ടി ജലീൽ; 20 ദിവസത്തെ ഫേസ്ബുക്ക് വിലക്ക് നീക്കിയശേഷം ആദ്യ പ്രതികരണം

സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് തീർത്തും ദുരുദ്ദേശത്തോടെയാണെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഹലാൽ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ടി ജലീലിന്‍റെ പ്രതികരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ലഭിച്ച 20 ദിവസത്തെ വിലക്കിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ”ഹലാൽ” അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയതെന്ന് കെ ടി ജലീൽ പറഞ്ഞു. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി എന്ന് സംഘ് മിത്രങ്ങൾ) നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

കഴിഞ്ഞ ഇരുപത് ദിവസമായി എൻ്റെ എഫ്.ബി പേജ് ബ്ലോക്കായിരുന്നു. “ചിലർ” നടത്തിയ ബോധപൂർവ്വമായ നീക്കങ്ങളായിരുന്നു അതിന് കാരണം. നിരന്തരമായ ശ്രമങ്ങളെ തുടർന്ന് തടസ്സം നീക്കാനായി. ദിവസങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യമുണ്ടെന്ന് തോന്നിയ ദിനങ്ങളാണ് കടന്നു പോയത്. അങ്ങിനെ ഒരു പുനർജന്മ സുഖവും അനുഭവിച്ചു.

വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ”ഹലാൽ” അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിച്ചിട്ടുണ്ടാകും. ഒരു ബോർഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും ‘ഹലാൽ’ ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?

മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി എന്ന് സംഘ് മിത്രങ്ങൾ) നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണ്. സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് തീർത്തും ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular