Saturday, July 27, 2024
HomeUSAഫലസ്തീന് യു.എന്നില്‍ അംഗീകാരം; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും

ഫലസ്തീന് യു.എന്നില്‍ അംഗീകാരം; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും

ന്യൂയോർക്: ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യു.എൻ പൊതുസഭയില്‍ അംഗീകാരം. പൊതുസഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.

അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്ബത് രാജ്യങ്ങള്‍ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.എൻ അറബ് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനായ യു.എ.ഇയാണ് പ്രമേയം തയാറാക്കിയത്.

പ്രമേയം പാസായതോടെ ഫലസ്തീന് കൂടുതല്‍ അവകാശങ്ങളും പദവികളും കൈവരും. ഫലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. യു.എൻ സുരക്ഷ കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ ഒരു രാഷ്ട്രത്തിന് പൂർണ അംഗത്വം നല്‍കാൻ പൊതുസഭക്ക് കഴിയുകയുള്ളൂ.

അതേസമയം, പ്രമേയം ഫലസ്തീന് പുതിയ നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കുന്നു. അവർക്ക് ഇപ്പോള്‍ അക്ഷരമാല ക്രമത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇരിക്കാനും ഏതു വിഷയത്തിലും പൊതുസഭയിലെ യോഗങ്ങളില്‍ സംസാരിക്കാനും കഴിയും. നിർദേശങ്ങളും ഭേദഗതികളും സമർപ്പിക്കുകയുമാകാം. അസംബ്ലിയും മറ്റ് ഐക്യരാഷ്ട്ര സംഘടനകളും സംഘടിപ്പിക്കുന്ന യു.എൻ കോണ്‍ഫറൻസുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കാനും പ്രമേയം പാസായതിലൂടെ ഫലസ്തീന് കഴിയും. ഫലസ്തീൻ നിലവില്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകൃതമല്ലാത്ത നിരീക്ഷക രാഷ്ട്രമാണ്. 2012ലാണ് പൊതുസഭ ഈ പദവി അനുവദിച്ചത്.

ലോകം ഫലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങള്‍ തുടരും. ഫലസ്തീൻ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനത നിലകൊള്ളുന്നത് എന്നതിന് തെളിവാണ് പ്രമേയം വലിയ ഭൂരിപക്ഷത്തില്‍ പാസായത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രമേയം പാസ്സായെങ്കിലും ഇസ്രായേലിന്‍റെ ഗസ്സയിലെ കൂട്ടക്കുരുതുയില്‍ മാറ്റമൊന്നുമുണ്ടാകില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 39 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 58 പേർക്ക് പരിക്കേറ്റു. തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

STORIES

Most Popular